ഷാരൂഖ് കോൺവെന്റ് സ്കൂളിൽ പഠിച്ചു, അതിലും കഷ്ടപ്പെട്ടാണ് വന്നത്: കങ്കണ കിംഗ് ഖാനെക്കാൾ വലിയ താരമോ?
പ്രശസ്ത ബോളിവുഡ് താരവും, രാഷ്ട്രീയ നേതാവുമായ കങ്കണ റണാവത്, ഇടയ്ക്കിടെ വിവാദങ്ങളിൽ ചെന്ന് ചാടാറുണ്ട്. യാതൊരു സങ്കോചവും ഇല്ലാതെ മനസ്സിൽ വരുന്നതെന്തും തുറന്നു പറയുന്ന സ്വഭാവവും, മറ്റ് ബോളിവുഡ് താരങ്ങളെ തുറന്നു ആക്രമിക്കാനുള്ള പ്രവണതയും നടിയെ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടവളാക്കി. ഇന്ന് പാർലമെന്റ് അംഗമായി രാഷ്ട്രീയത്തിൽ സജീവമായിരിക്കുകയാണ് കങ്കണ. പക്ഷെ ഇന്നും, തന്റെ ഓരോ അഭിമുഖത്തിലും ഏതെങ്കിലും ഒരു ഹിന്ദി സിനിമ താരത്തെ ലക്ഷ്യം വച്ച് ഒരു ചെറിയ വിവാദം ഉണ്ടാക്കാൻ താരം മറക്കാറില്ല.
ബോളിവുഡിലെ തന്റെ യാത്രയെക്കുറിച്ച് കങ്കണ റണാവത്ത് അടുത്തിടെ തുറന്നു പറഞ്ഞ കങ്കണ, ഇത്തവണ ലക്ഷ്യം വച്ചത് ഷാരൂഖ് ഖാനെയാണ്. കിംഗ് ഖാന്റെ വിജയത്തേക്കാൾ തിളക്കമുള്ളതാണ് തന്റെ വിജയം എന്ന്, ഡൽഹിയിൽ നടന്ന ഒരു പിഎച്ച്ഡിസിസിഐ പരിപാടിയിൽ സംസാരിക്കവേ, ക്വീൻ നായിക വെളിപ്പെടുത്തി. ഇരുവരുടെയും കുടുംബ പശ്ചാത്തലങ്ങളും പ്രൊഫഷണൽ പോരാട്ടങ്ങളും തമ്മിൽ താരതമ്യം ചെയ്ത നടി, ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഒരാളെന്ന നിലയിൽ താൻ മറികടന്ന പ്രതിബന്ധങ്ങൾ ഷാരൂഖ് നേരിട്ട പ്രശ്നങ്ങളെക്കാൾ വലുതാണെന്ന് കാണിച്ചു.

"എന്തുകൊണ്ടാണ് എനിക്ക് ഇത്രയധികം വിജയം നേടാൻ കഴിഞ്ഞത്? ഒരു ഗ്രാമത്തിൽ നിന്ന് വന്ന് മുഖ്യധാരയിൽ എന്നെ പോലെ ഇത്രയും വിജയം നേടിയ മറ്റാരും ഉണ്ടാകില്ല. ഷാരൂഖ് ഖാനെക്കുറിച്ചാണ് നിങ്ങൾ ഇപ്പോഴും പറയുന്നത്. പക്ഷെ അദ്ദേഹം ഡൽഹിയിൽ നിന്നും വന്ന ആളാണ്. കോൺവെന്റിൽ വിദ്യാഭ്യാസം നേടിയ വ്യക്തിയാണ്. ആരും കേട്ടിട്ടുപോലുമില്ലാത്ത ഒരു ഗ്രാമത്തിൽ നിന്നാണ് ഞാൻ വന്നത് - ഭംല. ഒരുപക്ഷേ മറ്റുള്ളവർക്ക് വിയോജിപ്പുണ്ടാകാം, പക്ഷേ എനിക്ക് തോന്നുന്നത് അത് ഞാൻ ആളുകളോട് മാത്രമല്ല, എന്നോടും വളരെ സത്യസന്ധനായതുകൊണ്ടാണ്."

പതിനഞ്ചാം വയസ്സിൽ ഹിമാചൽ പ്രദേശിലെ ഭാംല വിട്ട കങ്കണ, 19-ാം വയസ്സിൽ ഗാങ്‌സ്റ്ററിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. വർഷങ്ങളായി, വ്യവസായത്തിലെ ഏറ്റവും പ്രശംസ നേടിയ അഭിനേത്രികളിൽ ഒരാളായി അവർ സ്വയം അടയാളപ്പെടുത്തി. പല സിനിമകളിലെ തന്റെ പ്രകടനങ്ങൾക്ക് നാല് തവണ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡുകളും നടി നേടി. തന്റെ നാലാമത്തെ ദേശീയ അവാർഡ് നേടിയ സമയത്ത്, ഹോളിവുഡ് താരം മെറിൽ സ്ട്രീപ് തന്റെ മുന്നിൽ ഒന്നുമല്ല എന്ന് കങ്കണ പറഞ്ഞത്, ഇന്റർനെറ്റിൽ ഏറെ ട്രോള് ചെയ്യപ്പെട്ടിരുന്നു.
അറിയാത്തവർക്കായി - ഷാരൂഖ് ഖാൻ ജനിച്ചതും വളർന്നതും ന്യൂ ഡൽഹിയിൽ ആണ്. അദ്ദേഹത്തിന്റെ അച്ഛൻ മീർ താജ് മുഹമ്മദ് ഖാൻ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ കാന്റീനിൽ ജോലി ചെയ്തിരുന്നു. 1991 ൽ മുംബൈയിലേക്ക് താമസം മാറുന്നതിന് മുമ്പ് ടെലിവിഷനിലൂടെയാണ് കിംഗ് ഖാൻ അഭിനയ ജീവിതം ആരംഭിച്ചത്, ഒടുവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി അദ്ദേഹം മാറി. ഇന്നും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്ന ഒട്ടുമിക്ക സാധാരണക്കാരായ ചെറുപ്പക്കാർക്കും ഏറ്റവും വലിയ പ്രചോദനം എസ് ആർ കെ തന്നെയാണ്. എന്തായാലും, കങ്കണയുടെ അഭിപ്രായ പ്രകടനങ്ങളോട് ഇത് വരെ ഷാരൂഖോ, മറ്റ് ബോളിവുഡ് താരങ്ങളോ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











