വിവാഹം കഴിച്ച് കുട്ടികളായി ജീവിക്കണം; ഒരു കൂട്ടില്ലാതെ ബുദ്ധിമുട്ടാണ്; പങ്കാളിയെ സ്വയം കണ്ടെത്തരുതെന്നും നടി
വിവാദങ്ങൾ കാരണം കരിയർ തകർന്ന നടിയായാണ് കങ്കണ റണൗത്തിനെ ഇന്ന് പ്രേക്ഷകർ കാണുന്നത്. വിവാദങ്ങളിൽ നിന്ന് മാറി നിന്നിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നടിയായി കങ്കണ മാറിയേനെ എന്ന് ആരാധകർ പറയുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നാല് തവണ നേടിയ നടിയാണ് കങ്കണ റണൗത്ത്. എന്നാൽ അടുത്ത കാലത്തിറങ്ങിയ കങ്കണയുടെ സിനിമകളെല്ലാം പരാജയപ്പെടുകയാണുണ്ടായത്.
എമർജൻസിയാണ് കങ്കണയുടെ പുതിയ സിനിമ. അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെയാണ് ചിത്രത്തിൽ കങ്കണ അവതരിപ്പിക്കുന്നത്. അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത കങ്കണ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും തുറന്ന് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് കങ്കണ.

വിവാഹം കഴിച്ച് കുട്ടികളായി ജീവിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് കങ്കണ റണൗത്ത് പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായവും കങ്കണ പങ്കുവെച്ചു. എല്ലാവർക്കും പങ്കാളിയുണ്ടാകണമെന്ന് ഞാൻ കരുതുന്നു. ഒരു കൂട്ട് ഇല്ലാതെ ബുദ്ധിമുട്ടാണ്. കൂട്ടുള്ളപ്പോഴും ബുദ്ധിമുട്ടുണ്ട്. പക്ഷെ ഇല്ലാത്തപ്പോൾ അതിനേക്കാൾ ബുദ്ധിമുട്ടാണ്. നിങ്ങൾ തന്നെ നിങ്ങളുടെ പങ്കാളിയെ കണ്ടെത്തുക എന്നതാണ് നിങ്ങൾക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം. മാനിഫെസ്റ്റേഷനിലൂടെ നമ്മളിലേക്ക് വരുമെന്നും കങ്കണ പറയുന്നു.
ബന്ധങ്ങളിലെ റെഡ് ഫ്ലാഗ് എന്തെന്നും കങ്കണ ചൂണ്ടിക്കാട്ടി. ഒരു റിലേഷൻഷിപ്പ് മുന്നോട്ട് കൊണ്ട് പോകാൻ നിങ്ങളാണ് കൂടുതൽ ശ്രമിക്കുന്നതെങ്കിൽ അത് റെഡ് ഫ്ലാഗാണ്. തന്റെ അനുഭവമാണിതെന്നും കങ്കണ പറയുന്നു. ഒരു പെൺകുട്ടിയും ഇത് വിശ്വസിക്കാനാഗ്രഹിക്കില്ല. പക്ഷെ സത്യം എന്തെന്നാൽ ഒരു പുരുഷൻ ഒരിക്കലും തന്നേക്കാൾ വിജയിയും ബ്രില്യന്റുമായ പെൺകുട്ടിയെ ഇഷ്ടപ്പെടില്ല. ബന്ധത്തിലായിരിക്കുമ്പോൾ നിങ്ങൾ വളരുകയാണെങ്കിൽ ആ ബന്ധം മറന്നേക്കുക.

ചില സമയത്ത് സ്ത്രീ പരാജയപ്പെട്ടത് കൊണ്ട് വിവാഹ ബന്ധം മുന്നോട്ട് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇതൊരു റെഡ് ഫ്ലാഗ് അല്ല. റിയാലിറ്റിയാണെന്നും കങ്കണ പറയുന്നു. ആളുകൾക്ക് തന്നെക്കുറിച്ചുള്ള ധാരണയെക്കുറിച്ചും കങ്കണ സംസാരിച്ചു. ആളുകൾക്ക് എന്നെ പേടിയാണ്. നമുക്കെല്ലാവർക്കും എനർജിയുണ്ട്. ചിലരെ കാണുമ്പോൾ ഇഷ്ടം തോന്നും. ചിലരെ കാണുമ്പോൾ പേടി തോന്നും.
സത്യസന്ധരവല്ലാത്തവരും തെറ്റുകൾ ചെയ്തവരും എന്നെ കാണുമ്പോൾ പേടിക്കുന്നു. അവർ പേടിക്കുമ്പോൾ ഞാൻ സമാധാനിപ്പിക്കാറില്ല.
അത് അവരുടെ കർമയാണെന്നും കങ്കണ പറയുന്നു. രാഷ്ട്രീയത്തിലേക്കാണ് കങ്കണ ഇന്ന് ശ്രദ്ധ നൽകുന്നത്. മണ്ഡിയിൽ നിന്നുള്ള എംപിയാണിന്ന് താരം. അതേസമയം സിനിമാ രംഗത്തും സാന്നിധ്യം അറിയിക്കുന്നു. എമർജൻസിക്ക് ശേഷം നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
രാഷ്ട്രീയത്തിലേക്ക് സജീവമാകുമ്പോൾ കങ്കണ സിനിമാ രംഗം വിടാനും സാന്നിധ്യമുണ്ട്. തേജസ് ആണ് കങ്കണയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. കഴിഞ്ഞ ദിവസമാണ് എമർജൻസിയുടെ ട്രെയ്ലർ പുറത്തിറങ്ങിയത്. ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തും.


Click it and Unblock the Notifications











