അവാർഡ് വാങ്ങാൻ ക്ഷണിച്ചു; ഫിലിം ഫെയറിനെതിരെ കേസ് കൊടുത്ത് കങ്കണ; അന്തസ്സിനെതിരെന്ന് നടി
ബോളിവുഡിൽ വിവാദങ്ങൾക്ക് പേര് കേട്ട നടിയാണ് കങ്കണ റണൗത്ത്. ഒരു കാലത്ത് അഭിനയ മികവിന്റെ പേരിൽ അറിയപ്പെട്ട നടി ഇന്ന് നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് സിനിമാ ലോകം പറയുന്നത്. ബോളിവുഡ് രാഞ്ജി എന്ന വിശേഷണം ലഭിച്ച കങ്കണയ്ക്ക് ഇതിന് പകരം വിവാദങ്ങളുടെ തോഴി എന്ന വിശേഷണം ലഭിച്ചതും വളരെ പെട്ടന്ന് ആയിരുന്നു.
ഇപ്പോഴിതാ പുതിയൊരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് കങ്കണ. ബോളിവുഡിലെ പ്രമുഖ മാഗസിനായ ഫിലിം ഫെയറിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് കങ്കണ. ഫിലിം ഫെയറിന്റെ അവാർഡ് ദാന ചടങ്ങിൽ മികച്ച നടിക്കുള്ള പുരസ്കാരം വാങ്ങാൻ ക്ഷണിച്ചതാണ് കങ്കണയെ പ്രകോപിപ്പിച്ചത്.
തലൈവി എന്ന സിനിമയിലെ അഭിനയത്തിനാണ് കങ്കണയെ മികച്ച നടിയുടെ പട്ടികയിൽ ഫിലിം ഫെയർ ഉൾപ്പെടുത്തിയത്. പക്ഷെ നടി ഈ ക്ഷണം വേണ്ടെന്ന് വ്യക്തമാക്കുകയും ഫിലിം ഫെയറിനെതിരെ പരാതി നൽകാൻ തീരുമാനിക്കുകയുമായിരുന്നു. കങ്കണ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കിയത്.

'2014 മുതൽ അനീതിപരവും അഴിമതി നിറഞ്ഞതുമായ ഫിലിം ഫെയർ അവാർഡ് പോലുള്ള പ്രവർത്തനങ്ങൾ ഞാൻ ബഹിഷ്കരിച്ചിട്ടുണ്ട്. എന്നിട്ടും എനിക്ക് അവരിൽ നിന്നും കോളുകൾ വന്നിരുന്നു. ഈ വർഷം തലൈവിയുടെ പേരിൽ എനിക്ക് മികച്ച നടിക്കുള്ള അവാർഡ് നൽകുന്നു പറഞ്ഞ് അവർ വിളിച്ചു. ഇപ്പോഴും അവരെന്നെ നോമിനേറ്റ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് ഞാൻ ഞെട്ടിപ്പോയി. ഇത്തരം അഴിമതികളെ പ്രോത്സാഹിപ്പിക്കുന്നത് എന്റെ എന്റെ അന്തസ്സിനും ധാർമ്മികതയ്ക്കും എതിരാണ്, അതുകൊണ്ടാണ് ഫിലിം ഫെയറിനെതിരെ കേസ് കൊടുക്കാൻ ഞാൻ തീരുമാനിച്ചത്,' കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ബോളിവുഡിലെ അവാർഡ് ഷോകളിൽ പങ്കെടുക്കില്ലെന്ന് കങ്കണ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഓസ്കാർ പോലും പോലും വേണ്ടെന്നും രാജ്യം നൽകുന്ന ദേശീയ പുരസ്കാരം മതിയെന്നുമാണ് മുമ്പൊരിക്കൽ ആപ് കി അദാലത്ത് എന്ന പരിപാടിയിൽ കങ്കണ പറഞ്ഞത്.
ധാക്കഡ് ആണ് കങ്കണയുടെ ഒടുവിൽ റിലീസായ സിനിമ. തിയറ്ററിൽ കനത്ത പരാജയമാണ് സിനിമ ഏറ്റുവാങ്ങിയത്. 80 കോടി മുതൽ മുടക്കിൽ നിർമ്മിച്ച സിനിമയ്ക്ക് മുടക്കു മുതലിന്റെ പകുതി പോലും നേടാനായില്ല. കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായാണ് ധാക്കഡ് വിലയിരുത്തപ്പെടുന്നത്.

തലൈവി ആയിരുന്നു ഇതിന് മുമ്പിറങ്ങിയ കങ്കണ ചിത്രം. നാല് ഭാഷകളിൽ റിലീസായ സിനിമ പക്ഷെ വാണിജ്യ വിജയമായിരുന്നില്ല. എന്നാൽ കങ്കണയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥയായിരുന്നു സിനിമയുടെ പ്രമേയം.
ഇപ്പോൾ എമർജൻസി എന്ന സിനിമയുടെ പണിപ്പുരയിലാണ് കങ്കണ. ചിത്രത്തിന്റെ സംവിധാനവും നിർമാണവും കങ്കണ തന്നെയാണ്. പ്രധാന കഥാപാത്രവും കങ്കണ തന്നെ. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയാണ് സിനിമയിൽ കങ്കണ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ തേജസ് എന്ന സിനിമയും കങ്കണയുടേതായി റിലീസ് ചെയ്യാനുണ്ട്.


Click it and Unblock the Notifications











