ആ ബന്ധത്തിൽ എല്ലാം നൽകി, പക്ഷെ...; തകർന്ന് പോയെന്ന് കരൺ ജോഹർ; സിംഗിളായി തുടരുന്നതിനെക്കുറിച്ചും ഫിലിം മേക്കർ
ബോളിവുഡിലെ നിറപ്പകിട്ടുകളിലാണ് കരൺ ജോഹറിനെ പ്രേക്ഷകർ എപ്പോഴും കണ്ടിട്ടുള്ളത്. അന്നും ഇന്നും കരൺ ജോഹർ പ്രേക്ഷകർക്ക് ബോളിവുഡിലെ സ്റ്റാർ ഫിലിം മേക്കറാണ്. സംവിധായകനായി പേരെടുത്ത കരൺ കരിയറിന്റെ ഒരു ഘട്ടത്തിൽ സിനിമാ നിർമാണത്തിലേക്ക് മാത്രം ശ്രദ്ധ കൊടുത്തു. കരൺ ജോഹർ ചിത്രങ്ങളെന്നാൽ പ്രേക്ഷകർക്ക് ആഘോഷമാണ്. ഡാൻസും പാട്ടുകളും റൊമാൻസുമെല്ലാമായി വലിയൊരു ദൃശ്യാനുഭവം തന്നെയാണ് കരൺ ജോഹർ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാറ്.
കരിയറിനപ്പുറം കരണിന്റെ വ്യക്തി ജീവിതവും പലപ്പോഴും ജനശ്രദ്ധ നേടിയിട്ടുണ്ട്. 51 കാരനായ കരൺ ഇപ്പോഴും അവിവാഹിതനാണ്. 2017 ൽ സറൊഗസി വഴി കരൺ രണ്ട് കുട്ടികളുടെ അച്ഛനായി. യാഷ്, റൂഹി എന്നിങ്ങനെയാണ് കരണിന്റെ മക്കളുടെ പേര്. ഇരട്ടക്കുട്ടികൾക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും കരൺ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.

തനിക്ക് പങ്കാളിയില്ലാത്തതിനെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് കരൺ ജോഹർ. അധികം ബന്ധങ്ങൾ തനിക്ക് ഉണ്ടായിട്ടില്ല. ഒരു പങ്കാളിയെ കണ്ടെത്തുന്നത് എളുപ്പമല്ല. എനിക്ക് വൺ സൈഡ് പ്രണയം ഉണ്ടായിട്ടുണ്ട്. അതിൽ നിന്നാണ് എ ദിൽ ഹെ മുഷ്കിൽ എന്ന സിനിമയുണ്ടാകുന്നത്. അതെന്റെ ദുഖകരമായ പ്രണയ കഥയാണ്. ഒരുപാട് വർഷം നീണ്ട സ്നേഹമായിരുന്നു അത്.
പ്രണയത്തിന്റെ ശക്തി എനിക്കത് മനസിലാക്കി തന്നു. ഒരാളെ സ്നേഹിക്കണമെങ്കിൽ ആ വ്യക്തി നമുക്കൊപ്പം വേണമെന്നില്ലെന്ന് ഷാരൂഖ് ഖാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഞാനും അതിൽ ശക്തമായി വിശ്വസിക്കുന്നു. പ്രണയം എന്റെ ആയുധമായി. എന്നെ തകർത്തെങ്കിലും അതെനിക്ക് ശക്തി തന്നെന്നും കരൺ ജോഹർ തുറന്ന് പറഞ്ഞു.

ബന്ധം മുന്നോട്ട് പോകില്ലെന്ന് മനസിലാക്കിയ ശേഷം താൻ വളരെ വിഷമിച്ചിരുന്നെന്നും കരൺ ജോഹർ വ്യക്തമാക്കി. എന്റെയെല്ലാം നൽകാൻ പറ്റുന്ന പ്രണയം ഞാനിതുവരെ കണ്ടെത്തിയിട്ടില്ല. പഴയ ബന്ധത്തിൽ ഞാൻ എന്റെയെല്ലാം നൽകിയിരുന്നു. പക്ഷെ ആ പ്രണയം സഫലമായില്ല. ഇപ്പോൾ എനിക്ക് കുട്ടികളുണ്ട്. എന്നെ സംബന്ധിച്ച് അതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രണയ കഥ.
എന്റെ താങ്ങായി നിൽക്കുന്ന അമ്മയുണ്ട്. പക്ഷെ ഒരു ബന്ധത്തിലായിരിക്കുന്നത് മനോഹരമാണ്. കാരണം ചിലപ്പോൾ ഒറ്റപ്പെട്ട നിമിഷങ്ങൾ ഉണ്ടായേക്കാം. ഒരു സ്പർശനം ആഗ്രഹിക്കുന്ന സമയങ്ങളുണ്ടാകും. നിങ്ങളെ ചേർത്ത് നിർത്താനും കെട്ടിപ്പിടിക്കാനും ഒരാൾ വേണം. പക്ഷെ എന്തുകൊണ്ടോ ശരിയായി വന്നില്ല. ജീവിതത്തിന്റെ ശക്തിയായി മാറുന്ന പ്രണയത്തെക്കുറിച്ച് സംസാരിക്കാൻ തനിക്ക് കഴിയട്ടെയെന്ന് പ്രപഞ്ചത്തോട് പ്രാർത്ഥിക്കുന്നെന്നും കരൺ ജോഹർ വ്യക്തമാക്കി.
റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് കരൺ ജോഹർ ഇപ്പോൾ. ഏറെക്കാലത്തിന് ശേഷം കരൺ സംവിധാനം ചെയ്ത സിനിമയാണ് റോക്കി ഓർ റാണി കി പ്രേം കഹാനി. രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വൻ ഹിറ്റായി.
നിർമാണ രംഗത്ത് കരൺ സജീവമാണ്. ധർമ്മ പ്രൊഡക്ഷൻ എന്നാണ് കരണിന്റെ പ്രൊഡക്ഷൻ ഹൗസിന്റെ പേര്. നിർമാതാവ് എന്നതിനപ്പുറം കരൺ സംവിധാനം ചെയ്യുന്ന സിനിമകൾ ഇനിയും വരണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്.


Click it and Unblock the Notifications