ഇന്റിമേറ്റാകുന്ന സമയങ്ങളിൽ ലൈറ്റ് ഓഫ് ചെയ്യും, ഓവർ സൈസ് വസ്ത്രങ്ങൾ ധരിക്കുന്നതിന് കാരണം; കരൺ
ബോളിവുഡിനെക്കുറിച്ച് ചർച്ച വരുമ്പോൾ ആദ്യം വരുന്ന പേരുകളിലൊന്നാണ് കരൺ ജോഹർ. പതിറ്റാണ്ടുകളായി ഈ 52 കാരൻ ഹിന്ദി സിനിമാ ലോകത്തിന്റെ അമരക്കാരനായി നിലനിൽക്കുന്നു. സംവിധായകനയും നിർമാതാവായും നിരവധി ഹിറ്റ് സിനിമകൾ കരൺ പ്രേക്ഷകർക്ക് സമ്മാനിച്ചു. ഐക്കോണിക്കായ കഥാപാത്രങ്ങളും കരൺ സൃഷ്ടിച്ചു. ഷാരൂഖ് ഖാൻ, കരീന കപൂർ, കജോൾ തുടങ്ങിയവരുടെ കരിയറിൽ കരൺ ജോഹറുണ്ടാക്കിയ സ്വാധീനം ചെറുതല്ല. കരണിന്റെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്.
ഇപ്പോഴും അവിവാഹിതനായി തുടരുന്ന കരൺ ജോഹർ രണ്ട് കുട്ടികളുടെ അച്ഛനാണ്. 2017 ലാണ് സറൊഗസി വഴി കരൺ ഇരട്ടക്കുട്ടികളുടെ അച്ഛനായത്. യാഷ്, റൂഹി എന്നിങ്ങനെയാണ് മക്കളുടെ പേര്. മക്കളെ അമ്മയെ പോലെ പരിചരിക്കുന്നത് തന്റെ അമ്മയാണെന്ന് കരൺ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അച്ഛനായെങ്കിലും ഒരു പങ്കാളിയില്ലെന്ന വിഷമം കരൺ പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ഇൻസെക്യൂരിറ്റികളെക്കുറിച്ച് സംസാരിക്കുകയാണ് കരൺ ജോഹർ. തന്റെ ശരീരം കാഴ്ചയിൽ എങ്ങനെയെന്നതിനെക്കുറിച്ച് എപ്പോഴും ആശങ്കപ്പെടുന്ന ബോഡി ഡിസ്മോർഫിയ എന്ന അവസ്ഥ തനിക്കുണ്ടെന്ന് കരൺ പറയുന്നു. നീന്തൽ കുളത്തിൽ പോകുമ്പോൾ എനിക്ക് ലജ്ജ തോന്നും. എപ്പോഴും ഓവർ സൈസ്‍ഡ് ആയ വസ്ത്രങ്ങളാണ് ധരിക്കാറ്. ഇന്റിമസിയുടെ സമയത്ത് താൻ ലൈറ്റ് ഓഫ് ചെയ്യുമെന്നും കരൺ ജോഹർ തുറന്ന് പറഞ്ഞു.
കുട്ടിക്കാലത്ത് തന്റെ പെരുമാറ്റവും ശരീരഭാഷയും മറ്റ് ആൺകുട്ടികളെ പോലെ അല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയിരുന്നെന്നും കരൺ ജോഹർ തുറന്ന് പറഞ്ഞു. ഒരിക്കൽ ഒരു മത്സര പരിപാടി നടന്നു. ഞാൻ ഡാൻസ് ചെയ്തു. ചില ആളുകൾ ചിരിക്കുകയും പരിഹസിക്കുകയും ചെയ്തു. എന്റെ അമ്മ കാണികളിലുണ്ടായിരുന്നു. വീട്ടിലേക്ക് വന്ന് കതകടച്ച് ഞാൻ കരഞ്ഞു. എന്തുകൊണ്ട് താൻ മറ്റ് ആൺകുട്ടികളെ പോലെയല്ലെന്ന് അന്ന് ചിന്തിച്ചെന്നും കരൺ ജോഹർ ഓർത്തു.

ബോഡി ഇമേജ് ഇഷ്യൂസിൽ വലയുകയായിരുന്നു ഞാൻ. ഒടുവിൽ ഒരു പബ്ലിക് സ്പീക്കിംഗ് ക്ലാസിന് ഞാൻ ചേർന്നു. എനിക്ക് സ്ത്രെെണതയുള്ള ശബ്ദമാണെന്നും അത് ബുദ്ധിമുട്ടാകുമെന്നും ഒരു ജെന്റിൽമാൻ എന്നോട് പറഞ്ഞു, ശബ്ദദത്തിന് ഉറച്ച ടോൺ വരാൻ അദ്ദേഹം എന്നെ ഒരു ക്ലാസിന് കൊണ്ട് പോയി. ഈ സമയത്ത് താൻ അച്ഛനോട് പറഞ്ഞത് കമ്പ്യൂട്ടർ ക്ലാസിന് പോകുകയാണെന്നാണ്.
കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിലാണ് കരൺ ജോഹർ ഇക്കാര്യങ്ങൾ സംസാരിച്ചത്. അഭിമുഖത്തിൽ തന്റെ മക്കളെക്കുറിച്ചും കരൺ സംസാരിക്കുന്നുണ്ട്. മക്കൾ ഇപ്പോൾ അവരുടെ അമ്മയെക്കുറിച്ച് ചോദിച്ച് തുടങ്ങിയെന്ന് കരൺ പറയുന്നു. ആരുടെ വയറ്റിലാണ് ജനിച്ചത്, അമ്മൂമ്മ അമ്മയല്ലല്ലോ എന്നൊക്കെയുള്ള ചോദ്യങ്ങൾ അഭിമുഖീകരിക്കുന്നു. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസിലാക്കി വരികയാണെന്നും കരൺ ജോഹർ വ്യക്തമാക്കി. അച്ഛനായതിനെക്കുറിച്ച് നേരത്തെയും കരൺ സംസാരിച്ചിട്ടുണ്ട്.


Click it and Unblock the Notifications











