ഷർട്ടിന്റെ ബട്ടൺ അഴിക്കാൻ പറഞ്ഞു; ഷാരൂഖ് ഞെട്ടി; ഞങ്ങളുടെ ആദ്യ കണ്ടുമുട്ടലിൽ സംഭവിച്ചത്; കരൺ
ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് കരൺ ജോഹറും ഷാരൂഖ് ഖാനും. ഇരുവരുടെയും കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് സിനിമകളാണ് ബിഗ് സ്ക്രീനിലെത്തിയത്. കുച്ച് കുച്ച് ഹോതാ ഹേ, കഭി ഖുശി കഭി ഗം, കൽ ഹോ നാ ഹോ, മൈ നേം ഈസ് ഖാൻ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പരസ്പരം താങ്ങായി കരണും ഷാരൂഖും നിന്നു. ഈ സൗഹൃദത്തെക്കുറിച്ച് രണ്ട് പേരും തുറന്ന് സംസാരിച്ചിട്ടുമുണ്ട്. ഷാരൂഖിനെ ഇന്നത്തെ താരമാക്കി മാറ്റിയതിൽ കരൺ ജോഹറുടെ സിനിമകൾ വഹിച്ച പങ്ക് ചെറുതല്ല.
ഷാരൂഖിന്റെ റൊമാന്റിക് ഹീറോ ഇമേജിനെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയതും കരൺ ജോഹറാണ്. കരൺ ജോഹർ ചിത്രങ്ങളിലെ ഷാരൂഖിനെ മിസ് ചെയ്യുന്നു എന്ന് ആരാധകർ ഇപ്പോഴും പരാതിപ്പെടാറുണ്ട്. ഷാരൂഖുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കുകയാണ് കരൺ ജോഹർ. ഷാരൂഖ് നായകനായ ദിൽവാലേ ദുൽ ഹനിയ ലേ ജായേംഗെ എന്ന സിനിമയിൽ കരൺ ജോഹർ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായി കണ്ടപ്പോൾ ഷാരൂഖുമായി നടന്ന സംഭാഷണമാണ് കരൺ ജോഹർ ഇപ്പോൾ പങ്കുവെച്ചത്.

റാങ്ക്ലറിന്റെ ജീൻസാണ് ഷാരൂഖ് ധരിച്ചിരുന്നത്. ഇത് മാറ്റി ലെവിസിന്റെ ജീൻസ് ധരിക്കണം, അതാണ് ഫിറ്റ് എന്ന് ഞാൻ പറഞ്ഞു. നിങ്ങൾക്ക് ആദംസ് ആപ്പിൾ ഉണ്ടല്ലേ, എങ്കിൽ ഷർട്ടിന്റെ രണ്ട് മൂന്ന് ബട്ടൺ അഴിക്കണം എന്നും പറഞ്ഞു. തന്റെ എടുത്ത് ചാടിയുള്ള സംസാരം കേട്ട് ഷാരൂഖ് ഞെട്ടി, അദ്ദേഹം എല്ലാത്തിനും മൂളി. പിന്നീട് ഒരു നിമിഷം, ആദിത്യ ചോപ്രയെ വിളിക്കാമോ എന്ന് ഷാരൂഖ് ചോദിച്ചു. ആദിത്യ ചോപ്രയോട് തന്നെക്കുറിച്ച് ഷാരൂഖ് ചോദിച്ചു. പിന്നീട് നടൻ തന്റെ സംസാരങ്ങൾ ഇഷ്ടപ്പെട്ട് തുടങ്ങിയെന്നും കരൺ ജോഹർ ഓർത്തു.
ഫിലിം മേക്കറായി മാറാൻ കരണിന് എല്ലാവിധ പ്രോത്സാഹനവും ഷാരൂഖ് ഖാൻ നൽകി. തനിക്ക് അധോലോകത്ത് നിന്നും ഭീഷണി വന്ന സമയത്ത് ഷാരൂഖ് നൽകിയ പിന്തുണയെക്കുറിച്ചും കരൺ ജോഹർ നേരത്തെ സംസാരിച്ചിട്ടുണ്ട്. കുച്ച് കുച്ച് ഹോതാ ഹേ എന്ന സിനിമയ്ക്കിടെയാണ് കരണിന് വധഭീഷണി വരുന്നത്. നിനക്ക് വേണ്ടി ആ ബുള്ളറ്റുകൾ ഞാൻ സ്വീകരിക്കുമെന്ന് അന്ന് ഷാരൂഖ് പറഞ്ഞു. ഈ സൗഹൃദം എന്നത്തേക്കുമുള്ളതാണെന്ന് അന്ന് താൻ മനസിലാക്കിയെന്നും കരൺ ജോഹർ വ്യക്തമാക്കി.

ജവാൻ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് ഷാരൂഖ്. അറ്റ്ലി സംവിധാനം ചെയ്ത സിനിമ കലക്ഷൻ റെക്കോഡുകൾ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരന്നത്. പഥാന് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷാരൂഖിന് ലഭിച്ച ഹിറ്റ് കൂടിയാണ് ജവാൻ.
മറുവശത്ത് കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയും വൻ വിജയം നേടി. ഏറെനാളുകൾക്ക് ശേഷം കരൺ ജോഹർ സംവിധാനം ചെയ്ത സിനിമയാണ് റോക്കി ഓർ റാണി കി പ്രേം കഹാനി. ആലിയ ഭട്ട്, രൺവീർ സിംഗ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.


Click it and Unblock the Notifications