കോഫി വിത്ത് കരണിൽ രേഖയെ എത്തിക്കാനായില്ല; അവരുടെ നിഗൂഡത നിലനിൽക്കട്ടെയെന്ന് കരൺ
ബോളിവുഡിലെ ഹിറ്റ് ചാറ്റ് ഷോയായി മുന്നേറുകയാണ് കോഫി വിത്ത് കരൺ. കരൺ ജോഹർ അവതാരകനായെത്തുന്ന ഷോ ഇതിനകം വിനോദ ലോകത്ത് ഉണ്ടാക്കിയിരിക്കുന്ന വിവാദങ്ങളും ചർച്ചകളും നിരവധിയാണ്. താരങ്ങൾ തമ്മിലുളള പ്രണയം, തർക്കം, പിണക്കം തുടങ്ങിയ എല്ലാം ഷോയിൽ ചർച്ചയാവും.
മറ്റൊരു ഷോയ്ക്കും സാധ്യമാക്കാത്ത വിധം താരങ്ങളെക്കൊണ്ട് അപ്രിയ സത്യങ്ങളും രഹസ്യങ്ങളും തുറന്നു പറയിക്കാൻ അവതാരകനായ കരണിന് കഴിയുകയും ചെയ്യുന്നു. പ്രമുഖ താരങ്ങളുമായെല്ലാം അടുത്ത ബന്ധമുള്ള കരണിന് താരങ്ങളെ നല്ല പോലെ കെെയിലെടുക്കാനാവുന്നത് ഷോയുടെ മാറ്റ് കൂട്ടുന്നു.

ഏഴാം സീസണിൽ ഇതിനകം നിരവധി താരങ്ങൾ അതിഥിയായെത്തി. ആദ്യ എപ്പിസോഡിൽ രൺവീർ സിംഗും ആലിയ ഭട്ടുമായിരുന്നു അതിഥികൾ. പിന്നീട് സാറ അലി ഖാൻ, ജാൻവി കപൂർ, അക്ഷയ് കുമാർ, സമാന്ത, വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ, കരീന കപൂർ, വിക്കി കൗശൽ, സിദ്ധാർത്ഥ് മൽഹോത്ര, സോനം കപൂർ, അർജുൻ കപൂർ തുടങ്ങി നിരവധി താരങ്ങൾ എത്തി. മുൻ സീസണുകളിലും ബി ടൗണിലെ ഒട്ടുമിക്ക പ്രമുഖരും അഥിഥികളായെത്തിയിരുന്നു.
ഇപ്പോൾ തനിക്കൊരിക്കലും ഷോയിലേക്ക് അതിഥികളായ ക്ഷണിക്കാൻ പറ്റാത്ത രണ്ട് താരങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കരൺ ജോഹർ. നടി രേഖയെ തനിക്കിതുവരെ ഷോയിൽ അതിഥിയായി എത്തിക്കാനായില്ലെന്നാണ് കരൺ ജോഹർ പറഞ്ഞത്. കുറച്ച് സീസണുകൾക്ക് മുമ്പ് രേഖയെ ഷോയിലേക്ക് ക്ഷണിച്ചിരുന്നു. അവരെ ഷോയിൽ എത്തിക്കണം എന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അവർക്കത് ബോധ്യപ്പെട്ടില്ല.

അവരെക്കുറിച്ച് അതിമോനഹരമായ ഒരു നിഗൂഡത എപ്പോഴുമുണ്ട്. അത് സംരക്ഷിക്കപ്പെടേണ്ടതാണെന്ന് എനിക്ക് തോന്നി. അതിനാൽ പിന്നീട് കോഫി വിത്ത് കരണിൽ അതിഥിയായെത്താൻ അവരെ നിർബന്ധിച്ചില്ലെന്നും കരൺ ജോഹർ പറഞ്ഞു. ഒപ്പം തന്റെ സുഹൃത്തും മെന്ററുമായ ആദിത്യ ചോപ്രയെയും ഷോയിൽ എത്തിക്കാനായില്ലെന്നും കരൺ പറഞ്ഞു. അത് ചോദിക്കാൻ പോലും തനിക്ക് ധൈര്യമില്ലെന്നാണ് കരൺ പറയുന്നത്.
നേരത്തെ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നീ മൂന്ന് സൂപ്പർ താരങ്ങളെയും ഒരുമിച്ച് ഷോയിൽ കൊണ്ട് വരാനും തനിക്ക് കഴിയില്ലെന്നും കരൺ തുറന്ന് പറഞ്ഞിരുന്നു. കിയാര അദ്വാനിയും ഷാഹിദ് കപൂറുമാണ് കോഫി വിത്ത് കരണിലെ പുതിയ എപ്പിസോഡിലെ അതിഥികൾ.


Click it and Unblock the Notifications