അഭിഷേക് ഞങ്ങളെ മരത്തിൽ കെട്ടിയിട്ടു; എന്റെ അമ്മയ്ക്ക് പിറക്കാതെ പോയ മകൾ; ശ്വേതയെക്കുറിച്ച് കരൺ
താര കുടുംബങ്ങളിലെ മക്കൾ മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നതാണ് പൊതുവെ കണ്ട് വരുന്ന രീതി. പ്രത്യേകിച്ചും ബോളിവുഡിലാണ് ഈ രീതി കൂടുതലായും കണ്ട് വരുന്നത്. എന്നാൽ അമിതാഭ് ബച്ചന്റെ മകളാണെങ്കിലും അഭിനയത്തിലേക്ക് കടന്ന് വരാൻ ശ്വേത ബച്ചൻ തയ്യാറായിട്ടില്ല. മോഡലിംഗിൽ സാന്നിധ്യമറിയിച്ച ശ്വേത എഴുത്തുകാരിയുമാണ്. സിനിമാ താരമല്ലെങ്കിലും താര പുത്രിയായതിനാൽ എപ്പോഴും ശ്വേതയ്ക്ക് ജനശ്രദ്ധ ലഭിച്ചിട്ടുണ്ട്. ശ്വേതയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും പുതിയ വിശേഷങ്ങളുമെല്ലാം വാർത്താ പ്രാധാന്യം നേടുന്നു.
പലപ്പോഴും ഗോസിപ്പുകളും ശ്വേതയെക്കുറിച്ച് വരാറുണ്ട്. സഹോദരൻ അഭിഷേക് ബച്ചന്റെ ഭാര്യ നടി ഐശ്വര്യ റായുമായി ശ്വേത സ്വര ചേർച്ചയിൽ അല്ലെന്നാണ് ഗോസിപ്പുകൾ. ഏറെക്കാലമായി ഈ ഗോസിപ്പ് തുടരുന്നുണ്ടെങ്കിലും ഐശ്വര്യയോ ശ്വേതയേ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. ശ്വേതയുടെ 50ാം പിറന്നാൾ ദിനമാണിന്ന്. നിരവധി പേരാണ് ശ്വേത ബച്ചന് ആശംസകൾ അറിയിച്ചത്. ഇക്കൂട്ടത്തിൽ ഫിലിം മേക്കർ കരൺ ജോഹറിന്റെ പിറന്നാൾ ആശംസയാണ് ശ്രദ്ധ നേടുന്നത്. ഒരുമിച്ച് പഠിച്ച് വളർന്നവരാണ് കരൺ ജോഹറും ശ്വേതയും അഭിഷേകും. ഈ ഓർമ്മകൾ പങ്കുവെച്ച് കൊണ്ടാണ് കരണിന്റെ പിറന്നാൾ ആശംസ.

അമിതാഭ് ബച്ചൻ ജൂനിയർ (അഭിഷേക്) ഞങ്ങളെ ഒരു മരത്തിൽ കെട്ടിയിട്ടുണ്ട്. പ്രാങ്കിനായി. അത് കുടുംബവും സ്നേഹബന്ധവും സൗഹൃദവുമായി ജീവിതകാലത്തേക്കുള്ള യാത്രയായി. ശ്വേത തനിക്ക് പിറക്കാതെ പോയ മകളാണെന്ന് എന്റെ അമ്മ എപ്പോഴും പറയും. ഇവൾ എപ്പോഴും എന്റെ സഹോദരിയായിരിക്കും എന്നാണ് കരൺ ജോഹർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. വളരെ നല്ല മക്കളെയാണ് ശ്വേത വളർത്തിയെടുത്തതെന്നും കരൺ ജോഹർ വ്യക്തമാക്കി.
അഗസ്ത്യ നന്ദ, നവ്യ നവേലി നന്ദ എന്നിവരാണ് ശ്വേതയുടെ മക്കൾ. അഗസ്ത്യ അടുത്തിടെ ആർച്ചീസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്നു. എന്നാൽ നവ്യക്ക് സിനിമാ അഭിനയത്തോട് താൽപര്യമില്ല. ശ്വേതയുമായുള്ള സൗഹൃദത്തെക്കുറിച്ച് കരൺ ജോഹർ നേരത്തെയും പരാമർശിച്ചിട്ടുണ്ട്.

ശ്വേതയെ പോലെ തന്നെ ഐശ്വര്യ റായും കരണിന്റെ സുഹൃത്താണ്. അതേസമയം ഇത്ര മാത്രം അടുപ്പം ഐശ്വര്യയുമായില്ല. ഐശ്വര്യയുടെ പിറന്നാളിനോ മറ്റ് വിശേഷങ്ങളിലോ കരൺ ജോഹർ സോഷ്യൽ മീഡിയയിൽ ആശംസകൾ അറിയിക്കാറില്ല. ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് പ്രവർത്തിച്ചത്. കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ ഐശ്വര്യ ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
അതേസമയം സിനിമയിലെ ഐശ്വര്യയുടെ ഇന്റിമേറ്റ് സീനുകൾ വലിയ തോതിൽ ചർച്ചയായി. വിവാഹ ശേഷം നടി ഇത്തരം സീനുകളിൽ അഭിനയിച്ചിരുന്നില്ല. എ ദിൽ ഹെ മുശ്കിലിലെ രംഗങ്ങൾ ഐശ്വര്യയുടെ ഭർത്താവിന്റെ കുടുംബത്തെയും നീരസപ്പെടുത്തിയെന്ന് അന്ന് റിപ്പോർട്ടുകൾ വന്നു. എന്നാൽ താര കുടുംബം ഇതിനോടൊന്നും പ്രതികരിക്കാൻ തയ്യാറായില്ല. ബച്ചൻ കുടുംബത്തിലെ എല്ലാവരുമായും നല്ല അടുപ്പം കരണിനുണ്ട്. ഇദ്ദേഹത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിൽ ജയ ബച്ചനും ഒരു വേഷം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











