'അഞ്ചര മാസം ഗർഭിണിയായിരിക്കെയും ഷോട്ട് ഉണ്ടായിരുന്നു'; എന്താണ് പ്രശ്നമെന്ന് കരീന
ആമിർ ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലാൽ സിംഗ് ഛദ്ദ. ഹോളിവുഡ് സിനിമ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് സിനിമ. ആമിർ ഖാന് പുറമെ കരീന കപൂർ, നാഗ ചൈതന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തലാശ്, ത്രീ ഇഡിയറ്റസ് തുടങ്ങിയ സിനിമകളിൽ ആമിറും കരീനയും നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നു. രണ്ട് ചിത്രങ്ങളും മികച്ച പ്രേക്ഷക പ്രതികരണവും നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടി കരീന കപൂർ.
കരീന ഗർഭിണിയായിരിക്കെയാണ് ചിത്രത്തിൽ അഭിനയിച്ചത്. ജോലി ചെയ്യുന്ന സ്ത്രീയെന്ന നിലയിൽ തനിക്കതൊരു പ്രശ്നമായിരുന്നില്ലെന്നും കരീന പറയുന്നു. 'ഞാനിപ്പോഴും ജോലി ചെയ്യുന്ന അഭിനേത്രിയാണ്. ഞാൻ ഗർഭിണിയായ സമയത്ത് മുഴുവനും ജോലി ചെയ്തിട്ടുണ്ട്. അതിൽ ആളുകൾക്ക് പ്രശ്മുണ്ടെങ്കിൽ എന്നെ എടുക്കേണ്ട. ഞാൻ അഞ്ചര മാസം ഗർഭിണിയായപ്പോഴും എനിക്ക് ആമിറിനൊപ്പം ഷോട്ട് ഉണ്ടായിരുന്നു,' കരീന പറഞ്ഞു.

ഗർഭിണിയായിരിക്കെ ജോലി ചെയ്യുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും അത്തരം ചലഞ്ചുകൾ എടുക്കുന്നത് ഓരോരുത്തരുടെയും തീരുമാനത്തിന്റെ ഭാഗമാണെന്നും കരീന പറഞ്ഞു.
ലാൽ സിംഗ് ഛദ്ദ തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണെന്ന് കരീന നേരത്തയും പറഞ്ഞിരുന്നു. സിനിമാ പൂർത്തിയാവുന്നതിനിടെ രണ്ട് ലോക്ഡൗൺ കഴിഞ്ഞു. താൻ ഒരു കുഞ്ഞിന് ജൻമം നൽകുകയും ചെയ്തു. അതിനാൽ ഈ സിനിമ തനിക്ക് പ്രിയപ്പെട്ടതാണെന്നായിരുന്നു കരീന പറഞ്ഞത്.
തൈമൂർ അലി ഖാൻ, ജെഹാംഗീർ അലി ഖാൻ എന്നീ രണ്ട് കുട്ടികളാണ് കരീനയ്ക്കും ഭർത്താവ് സെയ്ഫ് അലി ഖാനുമുള്ളത്. ഗർഭിണിയായിരിക്കെയും പ്രസവ ശേഷവും കരിയർ ഉപേക്ഷിക്കാത്ത കരീനയെ മികച്ച പ്രൊഫഷണൽ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

41 കാരിയായ കരീനയെ തേടി നിരവധി അവസരങ്ങളാണ് ബോളിവുഡിൽ നിന്നും ഇപ്പോഴും വരുന്നത്. പ്രായമോ വിവാഹമോ കുട്ടികളോ ഒന്നും തന്റെ കരിയറിനെ ബാധിക്കുന്ന വിഷയമല്ലെന്നാണ് കരീന നേരത്തെ വ്യക്തമാക്കിയത്. സിനിമാ കുടുംബത്തിൽ നിന്നുള്ള നടി വിഖ്യാത നടനായ രാജ്കപൂറിന്റെ കൊച്ചുമകളാണ്.
കരീനയുടെ ചേച്ചി കരിഷ്മ കപൂറും മുൻ നിര നായികയായി തിളങ്ങിയ നടിയായിരുന്നു. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച കരീന ഇതിനകം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ഇരുപതുകളിലും മുപ്പതുകളിലും നാൽപതുകളിലും തന്റെ താരമൂല്യം ചോരാതെ സൂക്ഷിക്കാൻ കരീനയ്ക്ക് കഴിഞ്ഞെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications