സോനം കപൂറിന് ആൺകുഞ്ഞ്; ആശംസകളുമായി കരീന
ബോളിവുഡ് നടിയായ സോനം കപൂറിനും ഭർത്താവ് ആനന്ദ് അഹുജയ്ക്കും ആൺകുഞ്ഞ് പിറന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് താരങ്ങൾക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. സോനം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷ വാർത്ത എല്ലാവരെയും അറിയിച്ചത്.
'20.8.2022 ന് ഞങ്ങൾ സുന്ദരനായ ആൺകുട്ടിയെ വരവേറ്റു. തുറന്ന ഹൃദയത്തോടെ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ യാത്രയിൽ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നു' എന്നാണ് സോനത്തിന്റെ പോസ്റ്റ്.
ഇപ്പോഴിതാ ബോളിവുഡ് താരങ്ങളും സോനത്തിന് ആശംസകൾ അറിയിച്ചിരിക്കുകയാണ്. പുതിയ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ എന്നാണ് സോനത്തിനെയും ആനന്ദ് അഹുജയെയും ടാഗ് ചെയ്ത് കൊണ്ട് കരീന കപൂർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. കരീനയെക്കൂടാതെ നീതു കപൂർ, കരൺ ജോഹർ എന്നിവരും സോനം കപൂറിനും ഭർത്താവിനും ആശംസകൾ അറിയിച്ചു.

ഗർഭിണിയായത് മുതൽ സിനിമകളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു സോനം കപൂർ. കൂടുതൽ സമയവും ഭർത്താവിനൊപ്പം ലണ്ടനിലായിരുന്നു നടി ഉണ്ടായിരുന്നത്. കുഞ്ഞ് ജനിച്ച ശേഷം ആറ് മാസത്തോളം സോനം മുംബൈയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ബോളിവുഡിലെ ഫാഷനിസ്ത ആയി അറിയപ്പെടുന്ന സോനം സാവരിയ എന്ന സഞ്ജയ് ലീല ബൻസാലി ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് നീർജ, രാഞ്ജന, ഖുബ്സൂരത്ത് തുടങ്ങി നിരവധി സിനിമകളിൽ സോനം അഭിനയിച്ചു. നടൻ അനിൽ കപൂറിന്റെ മകളാണ് സോനം കപൂർ.

നേരത്തെ കാൻ ഫിലിം ഫെസ്റ്റിലുൾപ്പെടെ സോനം കപൂർ നിരവധി തവണ തിളങ്ങിയിരുന്നു. സിനിമാ നടി എന്നതിനൊപ്പം നിരവധി അന്താരാഷ്ട്ര ബ്രാൻഡുകളുടെ മുഖം കൂടിയാണ് സോനം കപൂർ. അടുത്തിടെ കോഫി വിത്ത് കരണിലും സോനം അതിഥിയായി എത്തിയിരുന്നു.
സോനത്തിനൊപ്പം അർജുൻ കപൂറായിരുന്നു ഷോയിലെത്തിയത്. ഇരുവരും കസിൻസ് ആണ്. രസകരമായ എപ്പിസോഡായിരുന്നു ഇത്. റാപിഡ് ഫയറുകളും ഗെയ്മുകളും ഇരു താരങ്ങളും രസകരമാക്കി. 2018 ലാണ് സോനവും ആനന്ദ് അഹുജയും വിവാഹിതരായത്.
ബ്ലെെൻഡ് എന്ന സിനിമയാണ് സോനത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. കാഴ്ചപരിമിതിയുള്ള കഥാപാത്രമായാണ് സോനം ഈ സിനിമയിൽ എത്തുന്നത്. വിവാഹ ശേഷം നടി സിനിമകളിലെ തിരക്കുകൾ കുറച്ചിരുന്നു. ഭർത്താവിനൊപ്പം ലണ്ടനിൽ താമസമാക്കുകയും ചെയ്തു.


Click it and Unblock the Notifications