അവസരങ്ങൾ തുടരെ വരുന്നു, ഒരു വർഷം അഞ്ച് സിനിമ ചെയ്യണമെന്നുണ്ട്; പക്ഷെ പറ്റില്ലെന്ന് കരീന
ബോളിവുഡിലെ മുൻനിര നായിക നടിയാണ് കരീന കപൂർ ഖാൻ. നായികമാരുടെ കരിയറിന്റെ കണ്ട് ശീലിച്ച വളർച്ചയും തളർച്ചയും ആയിരുന്നില്ല കരീനയുടെ കരിയറിന്. വിവാഹ ശേഷവും രണ്ട് കുട്ടികളായതിന് ശേഷവും അഭിനയം തുടർന്ന നടി ഇപ്പോഴും ബോളിവുഡിലെ വാണിജ്യ മൂല്യമുള്ള നടിയാണ്. തൈമൂർ അലി ഖാൻ, ജഹാംഗീർ എന്നീ രണ്ട് കുട്ടുകളാണ് കരീന കപൂറിനും ഭർത്താവ് സെയ്ഫ് അലി ഖാനുമുള്ളത്.
രണ്ട് കുട്ടികളെയും ഗർഭം ധരിച്ച സമയത്തും ഇവരെ പ്രസവിച്ച ശേഷവും നടി സിനിമാ അഭിനയം തുടർന്നു. പുറത്തിറങ്ങാനിരിക്കുന്ന ലാൽ സിംഗ് ഛദ്ദയിൽ അഞ്ചര മാസം ഗർഭിണിയായപ്പോഴും അഭിനയിച്ചിട്ടുണ്ടെന്ന് കരീന തന്നെ അടുത്തിടെ പറഞ്ഞിരുന്നു.
ഇപ്പോൾ കുട്ടികളായ ശേഷം കരിയറിനെ സമീപിക്കുന്ന രീതിയെ പറ്റി സംസാരിക്കുകയാണ കരീന. അമ്മയായ ശേഷവും സിനിമാ അഭിനയം തുടരുന്നുണ്ടെങ്കിലും പഴയ പോലെ തിരക്കുകളിലേക്കില്ലെന്നാണ് കരീന പറയുന്നത്. വിവാഹത്തിന് മുമ്പ് ലഭിച്ചതിനേക്കാൾ കൂടുതൽ സ്ക്രിപ്റ്റുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. പക്ഷെ ഇവയെല്ലാം ചെയ്യാൻ പറ്റില്ലെന്നും രണ്ട് കുട്ടികൾക്കും അമ്മയുടെ സാന്നിധ്യം വേണ്ട സമയമാണിതെന്നും കരീന പറയുന്നു.

വിവാഹത്തിന് മുമ്പ് ഓഫർ ചെയ്തതിനേക്കാൾ കൂടുതൽ സ്ക്രിപ്റ്റുകൾ എനിക്ക് വരുന്നുണ്ട്. അവ വായിക്കാൻ പോലും സമയമില്ല. ഒരു വർഷത്തിൽ അഞ്ച് സിനിമകൾ ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, കരീന പറയുന്നു.
പക്ഷെ ഇപ്പോഴത് ബുദ്ധിമുട്ടാണ്. എന്റെ രണ്ട് കുട്ടികൾക്കും എന്നെ ഇപ്പോൾ ആവശ്യമാണ്. ഒരാൾക്ക് 18 മാസമാണ് പ്രായം. തൈമൂറിന് ഡിസംബറിൽ ആറ് വയസ്സ് തികയും. അവർ ജീവിതത്തിലെ പ്രധാന ഘട്ടത്തിലാണ്. അഞ്ച് സ്ക്രിപ്റ്റുകളും ചെയ്യണം എന്നെനിക്കുണ്ട്. പക്ഷെ എനിക്കറിയാം പറ്റില്ലെന്ന്. ഈ വർഷം ഒന്ന് ചെയ്യാൻ പറ്റും. അടുത്ത വർഷം ഒന്നു കൂടി ചെയ്യാൻ പറ്റുമായിരിക്കും, കരീന പറഞ്ഞു.

2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച കരീന ഇതിനകം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. തലാശ്, ബോഡി ഗാർഡ്, ഹീറോയിൻ, റാവൺ, തുടങ്ങിയ സിനിമകളിൽ നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പുറമെ ബോളിവുഡിലെ നിരവധി ഹിറ്റ് ഡാൻസ് നമ്പറുകളിലും കരീന തിളങ്ങിയിട്ടുണ്ട്. സിനിമാ കുടുംബത്തിൽ നിന്നുള്ള നടി ബോളിവുഡിലെ അതികായനായിരുന്ന രാജ്കപൂറിന്റെ കൊച്ചു മകളാണ്. കരീനയുടെ സഹോദരി കരിഷ്മ കപൂറും നായിക നടിയായിരുന്നു.


Click it and Unblock the Notifications