ഷൂട്ടിംഗ് പാതിയിൽ, ഞാൻ രണ്ടാമത് ഗർഭിണിയായി; എന്നെ ഒഴിവാക്കിക്കോയെന്ന് ആമിറിനോട് പറഞ്ഞപ്പോൾ: കരീന
കരീന കപൂറിനെ പോലെ ബോളിവുഡ് ആഘോഷിച്ച നടിമാർ ചുരുക്കമാണ്. രണ്ട് പതിറ്റാണ്ടിലേറെയായി കരീനയെ ബിഗ് സ്ക്രീനിൽ പ്രേക്ഷകർ കാണുന്നു. മുൻനിര നായിക നിരയിൽ തുടരുന്ന കരീനയ്ക്ക് കരിയറിൽ വ്യത്യസ്തമായ നിരവധി സിനിമകൾ ലഭിച്ചു. പ്രേക്ഷകർ ആഘോഷിച്ച ഐക്കോണിക് കഥാപാത്രങ്ങൾ തുടരെ കരീനയ്ക്ക് ലഭിച്ചു. ഏത് തരത്തിലുള്ള കഥാപാത്രങ്ങളും കരീന ചെയ്യുന്നു. മറ്റ് പല നടിമാർക്കും കുടുംബ ജീവിതത്തിലേക്ക് കടന്നതോടെ കരിയറിലെ സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ കരീനയുടെ കാര്യത്തിലുണ്ടായില്ല.
ജഹാംഗീർ അലി ഖാൻ, തെെമൂർ അലി ഖാൻ എന്നീ രണ്ട് മക്കളുടെ അമ്മയായ 44 കാരിയാണ് കരീന. ഇന്നും കരീനയുടെ താരമൂല്യത്തിൽ ഇടിവ് വന്നിട്ടില്ല. താര പദവിയുണ്ടെങ്കിലും നായകൻമാർക്ക് പ്രാധാന്യമുള്ള സിനിമയിൽ നായികാ വേഷം ചെയ്യാൻ കരീന ഇന്നും തയ്യാറാണ്. സൂപ്പർതാരങ്ങൾക്കൊപ്പം നിരവധി തവണ കരീന അഭിനയിച്ചിട്ടുണ്ട്. ഇതിലൊരാളാണ് ആമിർ ഖാൻ.

ലാൽ സിംഗ് ഛദ്ദ എന്ന സിനിമയിലാണ് കരീനയും ആമിറും അവസാനമായി ഒരുമിച്ചെത്തിയത്. 2022 ൽ പുറത്തിറങ്ങിയ ലാൽ സിംഗ് ഛദ്ദയുടെ ഷൂട്ടിംഗ് സമയത്താണ് കരീന രണ്ടമത് അമ്മയാകുന്നത്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കരീന. കൊവിഡ് കാലത്ത് ഞാൻ ഗർഭിണിയായി. ഷൂട്ടിംഗ് പകുതിയിലാണ്. ആമിറിനോട് ഇക്കാര്യം പറയണം. താൻ ഇത് പറയാൻ മടിച്ചെങ്കിലും ഭർത്താവ് സെയ്ഫ് അലി ഖാൻ തനിക്ക് ധൈര്യം തന്നെന്ന് കരീന പറയുന്നു. നമ്മൾ ഈ സാഹചര്യത്തിൽ കുടുങ്ങിയിരിക്കുകയാണ്.
ലോക്ഡൗൺ എന്നാണ് അവസാനിക്കുക എന്നറിയില്ല. ഇതൊരു തെറ്റാണെന്ന് പോലും പറയേണ്ട. ഇങ്ങനെ സംഭവിക്കും. ഒന്നര വർഷമായി വീട്ടിലാണ്. പേടിക്കാതെ ആമിറിന്റെ കോൾ എടുക്കാൻ സെയ്ഫ് പറഞ്ഞു. ആമിറിനോട് താൻ സംസാരിച്ചതിനെക്കുറിച്ചും കരീന സംസാരിച്ചു. നിങ്ങൾക്ക് എന്നെ മാറ്റണമെങ്കിൽ മാറ്റാം. ഞാനൊരു അമ്മയാണ്. എനിക്ക് രണ്ടാമതൊരു കുഞ്ഞ് വേണം എന്ന് പറഞ്ഞു. ക്ഷമ പറയണോ എന്നെനിക്കറിയില്ലായിരുന്നു. ഞാൻ എന്ത് പറയണമെന്നറിയാതെ പിറുപിറുക്കുകയായിരുന്നു. എന്നാൽ ആമിർ പറഞ്ഞത് എനിക്ക് നിന്റെ കാര്യത്തിൽ സന്തോഷമുണ്ടെന്നാണ്.

നമ്മളിത് ചെയ്യും. ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കാം. എന്ത് വന്നാലും നമ്മൾ ഈ സിനിമ ചെയ്യുമെന്ന് ആമിർ മറുപടി നൽകിയെന്ന് കരീന കപൂർ ഓർത്തു. തനിക്ക് സന്തോഷം തോന്നി. ആ സിനിമ ഞങ്ങൾ ചെയ്തു. സിനിമാ മേഖലയിൽ നമ്മുടെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നവരുണ്ടെന്നും കരീന കപൂർ ചൂണ്ടിക്കാട്ടി.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആമിർ ഖാൻ തിരിച്ച് വന്ന സിനിമയാണ് ലാൽ സിംഗ് ഛദ്ദ. എന്നാൽ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഇതേക്കുറിച്ചും കരീന സംസാരിക്കുന്നുണ്ട്. പിന്നീടൊരിക്കൽ ഒരു ഇവന്റിൽ വെച്ച് ആമിറിനെ കണ്ടു. നമ്മുടെ സിനിമ ഓടിയില്ല, അതുകൊണ്ട് എന്നോട് സംസാരിക്കാൻ തയ്യാറാണോ എന്ന് ആമിർ ചോദിച്ചെന്നും കരീന ഓർത്തു. ബോക്സ് ഓഫീസിലെ വിജയ പരാജയമനുസരിച്ചല്ല താൻ വ്യക്തി ബന്ധങ്ങൾ സൂക്ഷിക്കുന്നതെന്നും കരീന കപൂർ അഭിമുഖത്തിൽ പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടറിനോടാണ് പ്രതികരണം.


Click it and Unblock the Notifications











