എല്ലാ ദമ്പതികളെയും പോലെ ഒരു കുഞ്ഞ് വേണമെന്ന് അവർക്കുണ്ട്; പക്ഷെ...; കത്രീനയെക്കുറിച്ച് പുതിയ വിവരം
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. 2021 ഡിസംബർ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. രാജസ്ഥാനിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വിവാഹം നടന്നത്. വിക്കി കൗശലുമായുള്ള പ്രണയം ബോളിവുഡ് മാധ്യമങ്ങളിൽ വാർത്തയാകാതിരിക്കാൻ കത്രീന കൈഫ് പരമാവധി ശ്രമിച്ചിരുന്നു.
അതിനാൽ തന്നെ വിവാഹത്തിന്റെ കുറച്ച് നാളുകൾക്ക് മുമ്പ് മാത്രമാണ് ഇരുവരും തമ്മിലുള്ള പ്രണയം പോലും മാധ്യമങ്ങളിൽ വാർത്തയായത്. കത്രീനയുടെ പിറന്നാൾ ദിനമാണിന്ന്. 40 വയസ് പൂർത്തിയായിരിക്കുകരയാണ് താരത്തിന്. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് കത്രീനയ്ക്ക് ആശംസകൾ അറിയിക്കുന്നത്. താരത്തിന്റെ കരിയർ ഗ്രാഫും സിനിമാ, കുടുംബ ജീവിതവുമെല്ലാം ആരാധകർ ചർച്ചയാക്കുന്നുണ്ട്.
കത്രീന-വിക്കി ദമ്പതികളുടെ വിവാഹജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കത്രീനയുടെ സുഹൃത്തുക്കളായ പ്രിയങ്ക ചോപ്ര, സോനം കപൂർ, അനുഷ്ക ശർമ്മ തുടങ്ങിയവരെല്ലാം വിവാഹത്തിന് പിന്നാലെ അമ്മമാരായി. എന്നാൽ കത്രീന ഇപ്പോഴും ഇതിന് തയ്യാറായിട്ടില്ല. നടിക്ക് പ്രായം നാൽപത് തികഞ്ഞതും പലരും ചൂണ്ടിക്കാട്ടുന്നു. ആരാധകരുടെ ആശങ്കയോട് പ്രതികരിച്ചിരിക്കുകയാണ് നടിയുടെ അടുത്ത വൃത്തങ്ങൾ.

അമ്മയാകാൻ കത്രീന കൈഫ് തിടുക്കപ്പെടുന്നില്ലെന്ന് ഇവർ പറയുന്നു. നിലവിൽ തന്റെ കരിയറിനാണ് കത്രീന പ്രാധാന്യം നൽകുന്നത്. ഏറെ പ്രതീക്ഷയുള്ള ചില പ്രൊജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ കത്രീന മടിക്കാറില്ല. ഒരു കുഞ്ഞ് പിറക്കുന്ന ഘട്ടത്തിൽ നടി തീർച്ചയായും ഇത് ആരാധകരെ അറിയിക്കും.
പക്ഷെ ഇപ്പോൾ കത്രീനയോ വിക്കിയോ മാതാപിതാക്കളാകാൻ തയ്യാറല്ല. പക്ഷെ ഒരിക്കലും മാതാപിതാക്കൾ ആകില്ല എന്നല്ല അതിനർത്ഥം, എല്ലാ ദമ്പതികളെയും പോലെ ഒരു കുഞ്ഞ് വേണമെന്ന് അവർക്കും ആഗ്രഹമുണ്ട്. ഒരുപക്ഷെ അവർ ആരാധകർക്ക് സർപ്രെെസ് തന്നേക്കാം. എല്ലാം ഉചിതമായ സമയത്ത് നടക്കും. ആരാധരുടെ ആവേശം ഞങ്ങൾക്ക് മനസ്സിലാകും. പക്ഷെ അത് ഇവരുടെ വ്യക്തിപരമായ ജീവിതമാണ്. അവർക്ക് ആ സ്പേസ് നൽകേണ്ടതുണ്ടെന്നും നടിയുടെ അടുത്ത വൃത്തങ്ങൾ ബോളിവുഡ് മാധ്യമങ്ങളോട് വ്യക്തമാക്കി.

അടുത്തിടെ കത്രീന ഗർഭിണിയാണെന്ന് ചില വാർത്തകൾ പ്രചരിച്ചെങ്കിലും ഇത് വ്യാജമായിരുന്നു. മെറി, ക്രിസ്മസ്, ടൈഗർ 3 എന്നിവയാണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. ബോളിവുഡിൽ താരമൂല്യത്തിൽ മുൻപന്തിയിലാണ് കത്രീന കൈഫ്. രണ്ട് പതിറ്റാണ്ട് പിന്നിട്ട കരിയറിൽ കത്രീന നേടിയെടുത്ത നേട്ടങ്ങൾ ചെറുതല്ല. ഹിന്ദി ഭാഷ അറിയാത്തതിനാൽ തുടക്ക കാലത്ത് കത്രീനയ്ക്ക് ബോളിവുഡിൽ സ്വീകാര്യത ലഭിച്ചിരുന്നില്ല.
എന്നാൽ പിന്നീട് പിഴവുകൾ തിരുത്തി ബോളിവുഡിലെ താരറാണിയാകാൻ കത്രീനയ്ക്ക് കഴിഞ്ഞു. 2003 ൽ പുറത്തിറങ്ങിയ ബൂം ആണ് കത്രീനയുടെ ആദ്യ സിനിമ. സിനിമ പരാജയപ്പെട്ടെങ്കിലും പിന്നീട് നല്ല അവസരങ്ങൾ നടിയെ തേടിയെത്തി. കശ്മീർ പശ്ചാത്തലമുള്ള മുഹമ്മദ് കൈഫ് എന്ന ബ്രീട്ടിഷ് ബിസിനസുകാരനും ലോയറും ചാരിറ്റി പ്രവർത്തകയുമായ സൂസന്നയ്ക്കും ജനിച്ച മകളാണ് കത്രീന കൈഫ്.
വിദേശത്ത് ജനിച്ച് വളർന്ന കത്രീന മോഡലിംഗ് ചെയ്യുന്ന കാലത്താണ് സിനിമാ രംഗത്തേക്ക് കടക്കുന്നത്. ഗോസിപ്പുകളും വിവാദങ്ങളും തുടക്ക കാലത്ത് കത്രീനയെ വലച്ചിരുന്നു. എന്നാൽ പിന്നീട് ഇവയെ അവഗണിക്കാൻ താരം പഠിച്ചു. അനാവശ്യ വിവാദങ്ങളിൽ പെടാതിരിക്കാൻ കത്രീന കൈഫ് ഇന്ന് ശ്രദ്ധിക്കുന്നുമുണ്ട്. കത്രീനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications