'അന്ന് നടന്നത് ചടങ്ങ് മാത്രം'; ഔദ്യോഗികമായി വിക്കിയും കത്രീനയും ദമ്പതികളായത് മൂന്ന് മാസത്തിന് ശേഷം!
ബോളിവുഡിലെ നവ ദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. ഇക്കഴിഞ്ഞ ഡിസംബറിലാണ് ആഘോഷമായി ഇരുവരും വിവാഹിതരായത്. രാജസ്ഥാനിലാണ് രാജകീയമായി വിവാഹ ചടങ്ങുകൾ നടന്നത്. എന്നാൽ രാജസ്ഥാനിൽ നടന്നത് വെറും ചടങ്ങ് മാത്രമായിരുന്നുവെന്നും ഇരുവരും ഔദ്യോഗീകമായി വിവാഹം രജിസ്റ്റർ ചെയ്തത് ഇക്കഴിഞ്ഞ ആഴ്ചയായിരുന്നുവെന്നുമാണ് ബോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. കത്രീനയും വിക്കിയും മാർച്ച് 19ന് കോടതി സന്ദർശിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.

ശേഷം ദമ്പതികൾ അവരുടെ കുടുംബത്തോടൊപ്പം ഒരു റെസ്റ്റോറന്റിലേക്ക് പോയി സന്തോഷകരമായ നിമിഷം ആഘോഷിക്കുകയും ചെയ്തുവെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ വാർത്തകൾ തെറ്റാണെന്നും ഗംഭീരമായ വിവാഹത്തിന് മുമ്പ് വിക്കിയുടെ വീട്ടിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് മൂന്ന് മാസം മുമ്പ് തന്നെ അവരുടെ വിവാഹം രജിസ്റ്റർ ചെയ്തതാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. 1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരാകേണ്ടതിനാൽ രജിസ്ട്രേഷന് ശേഷമാണ് മറ്റ് ആഘോഷ ചടങ്ങുകൾ നടത്തിയതെന്നും വാർത്തകൾ പറയുന്നു.
മാസങ്ങളോളം വിക്കി കൗശൽ-കത്രീന കൈഫ് വിവാഹവും പ്രണയവും സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ തങ്ങൾ പ്രണയത്തിലാണ് എന്നത് ഇരുവരും തുറന്ന് സമ്മതിച്ചിരുന്നില്ല. വിവാഹത്തിനായി രാജസ്ഥാനിലേക്ക് പുറപ്പെടുമ്പോഴും ഇരുവരും വാർത്തകൾ ശരിയാണെന്ന് സമ്മതിക്കാൻ തയ്യാറായിരുന്നില്ല. ശേഷം ചടങ്ങുകൾ പൂർത്തിയാക്കിയ ദമ്പതികൾ തങ്ങളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ വഴിയാണ് തങ്ങൾ വിവാഹിതരായി എന്ന് അറിയിച്ചത്. സവായ് മധോപൂരിലെ ചൗത് കാ ബർവാര പട്ടണത്തിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയിൽ വെച്ചാണ് താരവിവാഹം നടന്നത്. വിക്കിയും കത്രീനയും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമായി സ്വാകര്യ ചടങ്ങായിരുന്നു വിവാഹം.
ഒരു വർഷത്തോളം നീണ്ട പ്രണയമായിരുന്നു വിവാഹത്തിലെത്തിച്ചത് എന്നാണ് ഇരുവരുമായി അടുപ്പമുള്ളവർ പറയുന്നത്. വിവാഹശേഷം ആദ്യമായി വന്ന പ്രണയ ദിനത്തിൽ കത്രീനയെ കുറിച്ച് വിക്കി എഴുതിയ വാക്കുകൾ വൈറലായിരുന്നു. നിന്നോടൊപ്പമുള്ള എല്ലാ ദിവസവും സ്നേഹം നിറഞ്ഞതാണെന്നാണ് വിക്കി കുറിച്ചത്. വാലന്റൈൻസ് ഡേ ആഘോഷിക്കാനായി ഇരുവരും ലണ്ടനിൽനിന്നും മുംബൈയിൽ എത്തിയിരുന്നു. കത്രീനയും വിക്കിക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. സൽമാൻ ഖാൻ നായകനാവുന്ന ടൈഗർ 3 യാണ് കത്രീനയുടെ അടുത്ത സിനിമ. സൂര്യവൻഷിയാണ് കത്രീനയുടേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം. ഫോൺ ഭൂത്, ജീ ലേ സാറ എന്നീ ചിത്രങ്ങളിലും കത്രീന അഭിനയിക്കുന്നുണ്ട്. സർദാർ ഉദ്ദം ആയിരുന്നു വിക്കിയുടെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications