അത്തരം സിനിമകള്‍ കാണാന്‍ വയ്യ; പേടിച്ചിട്ട് പൂര്‍ണമായും കാണാന്‍ പറ്റാതെ പോയ ചിത്രത്തെ കുറിച്ച് നടി കത്രീന കൈഫ്
നടന്‍ വിക്കി കൗശലുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ കത്രീന കൈഫിന്റെ വിശേഷങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ആഘോഷമായി താരവിവാഹം നടത്തിയത്. വിവാഹശേഷവും അഭിനയത്തില്‍ സജീവമാവാനാണ് കത്രീനയും വിക്കിയും തീരുമാനിച്ചത്. നിലവില്‍ മൂന്നോളം സിനിമകളാണ് നടിയുടേതായി വരാനിരിക്കുന്നത്.
ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് നടി. അതേ സമയം ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ഇതിവൃത്തം എത്രത്തോളം ആകര്‍ഷകമാണെന്ന് നോക്കാറുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ കത്രീന പറഞ്ഞിരിക്കുകയാണ്. മാത്രമല്ല ഹൊറര്‍ ചിത്രങ്ങള്‍ തനിക്ക് പേടിയാണ്. അതുകൊണ്ട് ചിലത് താന്‍ മുഴുവന്‍ കാണാതെ പാതി വഴിയില്‍ അവസാനിപ്പിച്ചെന്നും കത്രീന പറയുന്നു.

'എനിക്ക് അത്തരം സിനിമകള്‍ കാണാന്‍ വയ്യ. ഭൂല്‍ ഭുലയ്യ 2 എന്ന ചിത്രം പൂര്‍ണമായി കണ്ട് തീര്‍ക്കാന്‍ എനിക്ക് സാധിച്ചില്ല. സത്യമായി പറഞ്ഞതാണ്. ഞാന്‍ എന്റെ കണ്ണുകള്‍ അടച്ച് പിടിക്കുകയാണ് അപ്പോഴൊക്കെ ചെയ്തിരുന്നത്. തബു വരുമ്പോള്‍ കോമഡി സീന്‍ ഉണ്ടെന്ന് എനിക്ക് അറിയാമെങ്കിലും അതെന്നെ പേടിപ്പിക്കുന്ന രംഗമായിരുന്നു', എന്നും കത്രീന വെളിപ്പെടുത്തുന്നു.

ഏറ്റവും പുതിയതായി 'മെറി ക്രിസ്തുമസ്' എന്ന ചിത്രമാണ് കത്രീനയുടേതായി വരാനിരിക്കുന്നത്. ശ്രീറാം രാഘവനെ പോലെയുള്ള സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് തന്നെ വലിയ കാര്യമാണ്. അദ്ദേഹം എനിക്കേറ്റവും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ്. അദ്ദേഹം പറയുന്ന തരത്തിലുള്ള ത്രില്ലര്‍ കഥകള്‍ എനിക്കിഷ്ടമാണ്. പിന്നെ വിജയ് സേതുപതിയെ പോലെ മികച്ച നടന്റെ കൂടെ പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷവും കത്രീന പങ്കുവെച്ചു.

ടൈഗര്‍ 3 എന്ന സിനിമയുടെ ഭാഗമാവുന്നതിനെ പറ്റിയും കത്രീന പറഞ്ഞു. 'വീണ്ടും ആ ഫ്രാഞ്ചസിയുടെ ഭാഗമാവുന്നതിന്റെ സന്തോഷമുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവ് ആദിത്യ ചോപ്ര എനിക്ക് സോയ എന്ന കഥാപാത്രം തന്നു. ചിത്രത്തിലെ തന്റെ ആ കഥാപാത്രത്തിന് ആക്ഷനിലടക്കം പ്രധാന്യം നല്‍കിയിട്ടുണ്ട്. ആക്ഷന്‍ ചെയ്യാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് അണിയറ പ്രവര്‍ത്തകരോട് വലിയ ബഹുമാനം തോന്നുകയാണ്. വീണ്ടും സല്‍മാന്‍ ഖാനൊപ്പം വര്‍ക്ക് ചെയ്യുന്നതും അതിശയിപ്പിക്കുന്നതാണെന്നും' കത്രീന പറഞ്ഞു.

ഫോണ്‍ ഭൂട്ട് എന്ന ചിത്രമാണ് കത്രീനയുടേതായി വരാനിരിക്കുന്ന മറ്റൊരു സിനിമ. സിദ്ധാന്ത് ചതുര്‍വേദി, ഇഷാന്‍ ഖട്ടര്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു ഹൊറര്‍ കോമഡിയാണ്. സോണാലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കത്രീന അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഫോണ്‍ ഭൂട്ട് വൈകാതെ തിയറ്ററുകളിലേക്ക് എത്തും.


Click it and Unblock the Notifications











