താമസിക്കുന്നത് ഒരു സ്ഥലത്ത്; തിങ്കളാഴ്ചകളിൽ ഒത്തുചേരും; വിവാഹമോചനം നേടിയെങ്കിലും ഒരു കുടുംബം; കിരൺ
ആമിർ ഖാന്റെ കുടുംബ ജീവിതം പലപ്പോഴും ആരാധകർക്ക് കൗതുകമായിട്ടുണ്ട്. രണ്ട് തവണയാണ് നടൻ വിവാഹമോചനം നേടിയത്. ആദ്യ ഭാര്യ റീന ദത്തയുമായോ രണ്ടാമത് വിവാഹം ചെയ്ത കിരൺ റാവുവുമായോ ഒരു പ്രശ്നവും ആമിർ ഖാനില്ല. പരസ്പരം സമ്മതത്തോടെ നിയമപരമായി വേർപിരിഞ്ഞവർ കുട്ടികളുടെ കാര്യത്തിൽ ഒരു പോലെ ശ്രദ്ധ കൊടുക്കുന്നു. റീനയുമായും കിരണുമായും വലിയ സൗഹൃദം ആമിറിനുണ്ട്. കുടുംബത്തിലെ വിശേഷ ദിവസങ്ങളിലെല്ലാം ഇവർ ഒരുമിച്ച് കൂടുന്നു. കൗതുകകരമായ മറ്റൊരു കാര്യമെന്തെന്നാൽ റീന ദത്തയും കിരൺ റാവുവും തമ്മിൽ വലിയ ആത്മബന്ധമുണ്ട്.
റീന ദത്തയുമായുള്ള വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ വന്ന ഘട്ടത്തിലാണ് ആമിറിന്റെ ജീവിതത്തിലേക്ക് കിരൺ റാവു കടന്ന് വരുന്നത്.
1986 ലായിരുന്നു റീനയും ആമിറും തമ്മിലുള്ള വിവാഹം. വീട്ടുകാർ എതിർത്തത് മൂലം ഒളിച്ചോടി പോവുകയായിരുന്നു ഇരുവരും. ഇറ ഖാൻ, ജുനൈദ് ഖാൻ എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് ജനിച്ചു.

വർഷങ്ങൾ നീണ്ട വിവാഹ ജീവിതത്തിന് ശേഷം 2002 ൽ ആമിറും റീനയും വേർപിരിഞ്ഞു. ലഗാൻ എന്ന സിനിമയ്ക്കിടെയാണ് കിരൺ റാവുവും ആമിറും അടുക്കുന്നത്. ലഗാന്റെ സഹ സംവിധായികയായിരുന്നു കിരൺ റാവു. 2005 ഇരുവരും വിവാഹിതരായി. സറൊഗസി വഴി കുഞ്ഞും ജനിച്ചു. ആസാദ് എന്നാണ് മകന്റെ പേര്. 2021 ലാണ് ഇരുവരും വേർപിരിയുന്നത്.
ആമിറിന്റെ മുൻ ഭാര്യമാരായ റീനയും കിരൺ റാവുവും എങ്ങനെ സൗഹൃദത്തിലായി എന്ന കൗതുകം ആരാധകർക്കുണ്ട്. അടുത്തിടെ റീന ദത്തയുടെ മകൾ ഇറ ഖാന്റെ വിവാഹ ചടങ്ങിൽ നിറ സാന്നിധ്യമായി കിരൺ റാവു ഉണ്ടായിരുന്നു. ഇപ്പോഴിതാ റീന ദത്തയുമായുള്ള സൗഹൃദത്തെക്കുറിച്ചും ആമിർ ഖാനെക്കുറിച്ചും സംസാരിക്കുകയാണ് കിരൺ റാവു.

റീനയെ പോലെ റീനയുടെ മകൾ ഇറ ഖാനും തനിക്ക് പ്രിയപ്പെട്ട വ്യക്തിയാണെന്ന് കിരൺ റാവു പറയുന്നു. നല്ല പെയിന്റർ കൂടിയായ ഇറ തനിക്ക് നൽകിയ സമ്മാനത്തെക്കുറിച്ചും കിരൺ സംസാരിച്ചു. ബെർലിനിൽ നിന്നുള്ള പെയിന്റിംഗ് ആണ് ഇറ സമ്മാനിച്ചത്. വിവാഹത്തിന്റെ പ്ലാനിഗിനും തിരക്കുകൾക്കുമെല്ലാമിടയിൽ തനിക്കായി സമ്മാനം കണ്ടെത്താൻ അവൾ തയ്യാറായി. അന്ന് തങ്ങൾ രണ്ട് പേരും കണ്ണീരണിഞ്ഞെന്നും കിരൺ റാവു ഓർത്തു.
വേർപിരിഞ്ഞെങ്കിലും ആമിറും ആമിറിന്റെ വീട്ടുകാരും റീന ദത്തയുമെല്ലാം തനിക്കിപ്പോഴും കുടുംബം തന്നെയാണെന്നും കിരൺ റാവു വ്യക്തമാക്കി. ഇറയുടെ വിവാഹത്തിന് എന്റെ കുടുംബവും വന്നിട്ടുണ്ട്. മറിച്ചൊന്ന് ചിന്തിക്കേണ്ടതില്ലാത്ത കാര്യമാണത്. ഞങ്ങൾ ഒരു കുടുംബമാണ്. തിങ്കളാഴ്ചകളിൽ ഞങ്ങളെല്ലാവരും ഡിന്നറിന് ഒത്തുചേരാറുണ്ട്. ഒരു ഹൗസിംഗ് സൊസൈറ്റിയിലാണ് ഞങ്ങൾ താമസിക്കുന്നത്. മുകൾ നിലയിൽ എന്റെ അമ്മായിയമ്മ ( ആമിറിന്റെ അമ്മ ) താമസിക്കുന്നു.
റീനയും ആമിറിന്റെ കസിൻ നുസത് ഖാനും അടുത്തടുത്ത് താമസിക്കുന്നു. ഇതിന് കാരണം ഞങ്ങൾ പരസ്പരം ശരിക്കും ഇഷ്‌ടമുള്ളവരാണ്. റീനയ്ക്കും നുസതിനുമാെപ്പം ഞാൻ കറങ്ങാറുണ്ട്. വിവാഹമോചനം നേടിയെന്ന് കരുതി ഈ ബന്ധങ്ങളൊന്നും ഉപേക്ഷിക്കേണ്ടതില്ലെന്നും കിരൺ റാവു ചൂണ്ടിക്കാട്ടി. മുൻ ഭാര്യമാർക്കൊപ്പം പൊതുവേദികളിൽ ആമിർ ഖാൻ എത്താറുണ്ട്.


Click it and Unblock the Notifications