ഞങ്ങൾ തമ്മിൽ വലിയ വഴക്കുണ്ടായിട്ടില്ല; ബന്ധം പുനർനിർവചിച്ചു; ആമിറുമായി പിരിഞ്ഞതിനെക്കുറിച്ച് കിരൺ റാവു
വിവാഹമോചനത്തിന് ശേഷം പരസ്പരം ആരോപണ പ്രത്യരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് മാതൃകയാണ് ആമിർ ഖാനും കിരൺ റാവിവും. 15 വർഷം നീണ്ട വിവാഹ ബന്ധം അവസാനിപ്പിച്ച രണ്ട് പേരും ഇപ്പോഴും സുഹൃത്തുക്കളാണ്. പരസ്പരം കുറ്റപ്പെടുത്താനോ പഴി ചാരാനോ ഇവർ തയ്യാറായിട്ടില്ല. മാത്രമല്ല കുടുംബത്തിലെ വിശേഷ ദിവസങ്ങളിൽ ഒരുമിച്ച് കൂടുകയും ചെയ്യുന്നു. വേർപിരിഞ്ഞതിന് ശേഷം കിരൺ റാവുവും ആമിർ ഖാനും ഒരുമിച്ച് പ്രവർത്തിച്ച സിനിമയാണ് ലാപത ലേഡീസ്. ഒരിടവേളയ്ക്ക് ശേഷം കിരൺ റാവു സംവിധായികയായി തിരിച്ചെത്തുന്ന സിനിമയുമാണിത്.
വേർപിരിഞ്ഞതിന് ശേഷവും ഇരുവരും ഒരുമിച്ച് ഒരു സിനിമയിൽ പ്രവർത്തിക്കുന്നത് പലർക്കും കൗതുകമായി. ഡിവോഴ്സിന് ശേഷം ആമിറുമായുള്ള സൗഹൃദം തുടരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് കിരൺ റാവു ഇപ്പോൾ. പങ്കാളികളാകുന്നതിന് മുമ്പേ ഒരുമിച്ച് പ്രവർത്തിച്ചവരാണ് ഞങ്ങൾ. പങ്കാളികളായതിന് ശേഷവും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. വിവാഹ ബന്ധത്തിനപ്പുറം ഞങ്ങൾ പരസ്പരം മനസിലാക്കി. ക്രിയേറ്റീവായി ഞങ്ങൾ വളരെ അടുപ്പമുള്ളവരാണ്. പല പ്രശ്നങ്ങളിലും സമാന അഭിപ്രായമുള്ളവരാണ്.

കുടുംബപരമായ, സന്ധസന്ധമായ ബന്ധമാണ് ഞങ്ങൾ തമ്മിൽ. നമുക്ക് മായ്ക്കാൻ പറ്റാത്ത ഒന്നാണതെന്നും കിരൺ റാവു ചൂണ്ടിക്കാട്ടി. വലിയ വഴക്കുകളൊന്നും ഞങ്ങൾ തമ്മിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ബന്ധം പുനർ നിർവഹിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. കുടുംബമായി നിൽക്കണമായിരുന്നു. പക്ഷെ വിവാഹിതരായല്ല. അതിനാൽ അതിനുസരിച്ചുള്ള നിയമങ്ങൾ ഉണ്ടാക്കി. ബന്ധങ്ങൾക്ക് സോഷ്യൽ ടാഗുകൾ നൽകേണ്ടതുണ്ടെന്ന് കരുതുന്നില്ല. ആളുകൾക്ക് ഇത് അസ്വഭാവികമായി തോന്നുന്നു എന്നേയുള്ളൂ.
വിവാഹമോചനം നേടിയ രണ്ട് വ്യക്തികൾ ഒരുമിച്ച് വർക്ക് ചെയ്യുന്നത് തുടരുന്നു, ഒരേ ബിൽഡിംഗിൽ താമസിക്കുന്നു, പലപ്പോഴും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ആളുകൾക്ക് അസ്വഭാവികമായി തോന്നുകയാണെന്നും കിരൺ റാവു ചൂണ്ടിക്കാട്ടി. പല ഘട്ടങ്ങളിലും ആമിർ തന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ട്. പല തരത്തിലും ഒരേ പോലെ ചിന്തിക്കുന്നവർ ആയതിനാൽ അദ്ദേഹത്തെ സ്വാധീനിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

സ്വന്തമായ പാത പിന്തുടരുന്ന വ്യക്തിയാണെങ്കിലും തന്റെ അഭിപ്രായങ്ങൾക്ക് ആമിർ വില കൽപ്പിക്കുന്നെന്നും കിരൺ റാവു വ്യക്തമാക്കി. റീന ദത്തയാണ് ആമിറിന്റെ ആദ്യ ഭാര്യ. ഈ വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് കിരൺ റാവുവിനെ ആമിർ വിവാഹം ചെയ്യുന്നത്. ആമിർ നായകനായ ലഗാൻ എന്ന സിനിമയുടെ സഹസംവിധായികയായിരുന്നു കിരൺ റാവു. 1986 ലാണ് റീന ദത്തയും ആമിർ ഖാനും വിവാഹിതരായത്.
2002 ൽ ആമിറും റീനയും വേർപിരിഞ്ഞു. രണ്ട് പേരും ഇപ്പോഴും സുഹൃത്തുക്കളാണ്. കിരണിനെ പോലെ ആമിറുമായി അടുത്ത ആത്മബന്ധം റീന ദത്തയും പുലർത്തുന്നു. ഇറ ഖാൻ, ജുനൈദ് ഖാൻ എന്നിവരാണ് ആമിറിനും റീന ദത്തയ്ക്കും പിറന്ന മക്കൾ.
അടുത്തിടെയാണ് ഇറയുടെ വിവാഹം കഴിഞ്ഞത്. ജുനൈദ് ഖാൻ സിനിമാ രംഗത്തേക്ക് കടന്ന് വരാനൊരുങ്ങുകയാണ്. കിരൺ റാവുവിൽ ആസാദ് എന്ന മകനും ആമിറിനുണ്ട്. രണ്ട് വിവിവാഹ ബന്ധവും വേർപിരിഞ്ഞ ശേഷം ആമിർ നടി ഫാത്തിമ സന ഷെയ്ഖുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ താരങ്ങൾ ഇക്കാര്യം നിഷേധിക്കുകയാണുണ്ടായത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ആമിർ ഖാൻ.


Click it and Unblock the Notifications











