'അവളെ വീട്ടിൽ കാണണമെങ്കിൽ ഇങ്ങനെ ചെയ്യൂ'; വിക്കി കൗശലിനോട് അക്ഷയ് കുമാർ
വിനോദ ലോകത്ത് ഇന്ന് മിക്കവരുടെയും ചർച്ചാ വിഷയമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കോഫി വിത്ത് കരണിന്റെ മൂന്നാമത്തെ എപ്പിസോഡ്. അക്ഷയ് കുമാർ, സമാന്ത എന്നിവരാണ് ഷോയിൽ ഇത്തവണ അതിഥികളായെത്തിയത്. വളരെ രസകരവും ആവേശകരവുമായ എപ്പിസോഡായിരുന്നു ഇതെന്നാണ് പ്രേക്ഷകർ പറയുന്നത്. റാപിഡ് ഫയർ റൗണ്ടുകളിലും മറ്റ് ഗെയിമുകളിലും ഇരുവരും മത്സരിച്ച് പങ്കെടുത്തു. സമാന്തയുടെ ഹിറ്റ് ഡാൻസ് നമ്പറായ 'ഊ അണ്ടാവ' എന്ന ഗാനത്തിന് അക്ഷയ്കുമാറും സമന്തയും ചുവടുവെച്ചതിനും കോഫി വിത്ത് കരൺ സാക്ഷിയായി.

ഇപ്പോൾ ഷോയിൽ ഇരുവരും നടത്തിയ പരാമർശങ്ങളാണ് ബി ടൗണിലെ സംസാരം. സമാന്ത മുൻ ഭർത്താവ് നാഗചൈതന്യ, തന്റെ ഹിറ്റ് വർക്കുകളായ ഫാമിലി മാൻ, പുഷ്പ 2 വിലെ ഐറ്റം ഡാൻസ് തുടങ്ങിയ വിഷയങ്ങൾ സംസാരിച്ചു. ഇത് വലിയ തോതിൽ ഇപ്പോൾ ചർച്ചാ വിഷയമായിട്ടുണ്ട്. ഇതിനിടെ അക്ഷയ് കുമാർ ബോളിവുഡിലെ നവദമ്പതികൾക്ക് ചില ഉപദേശങ്ങളും ഷോയിൽ വെച്ച് നൽകി.

രൺബീർ കപൂർ-ആലിയ ഭട്ട്, വിക്കി കൗശൽ-കത്രീന കൈഫ് എന്നിവരോടാണ് അക്ഷയ് കുമാറിന്റെ ഉപദേശം. സന്തോഷമുള്ള ഭാര്യയെന്നാൽ സന്തോഷമുള്ള ജീവിതമാണെന്നാണ് രൺബീറിന് നടൻ നൽകിയ ഉപദേശം. കത്രീന കൈഫിനും വിക്കിക്കും രസകരമായ ഉപദേശമാണ് അക്ഷയ് നൽകിയത്. 'കത്രീനയെ എനിക്ക് നന്നായറിയാം.
കത്രീന, നീ അവന്റെ ചെവി തിന്നരുത്' എന്നാണ് അക്ഷയ് നൽകിയ ഉപേദശം.
അവൾക്ക് വീട്ടിൽ ഒരു ജിം നിർമ്മിച്ച് കൊടുത്താൽ നിനക്ക് അവളെ വീട്ടിൽ തന്നെ കാണാനാവുമെന്നാണ് വിക്കിയോടായി അക്ഷയ് കുമാർ പറഞ്ഞത്. നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചവരാണ് കത്രീന കൈഫും അക്ഷയ് കുമാറും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.

ബോളിവുഡിലെ ഫിറ്റനസ് ഫ്രീക്കായി അറിയപ്പെടുന്ന താരമാണ് കത്രീന. ജിം വർക്കൗട്ടുകൾ വളരെയധികം ഇഷ്ടപ്പെടുന്ന കത്രീന തന്റെ വർക്ക് ഔട്ട് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കത്രീനയുടെ 39ാം പിറന്നാൾ.
ഭർത്താവ് വിക്കി കൗശലിനും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം മാലിദ്വീപിൽ വെച്ചാണ് നടി ആഘോഷിച്ചത്. കത്രീന ഗർഭിണിയാണെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിവാഹം പോലെ തന്നെ ഈ സന്തോഷ വാർത്തയും സർപ്രെെസ് ആയി വെച്ചതാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. വിക്കി കൗശലുമായുള്ള വിവാഹത്തെ പറ്റി വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് പോലും താരം പ്രതികരിച്ചിരുന്നില്ല.
ഫോൺ ഭൂത് ആണ് കത്രീനയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. സിദ്ധാർത്ഥ് ചതുർവേദി, ഇഷാൻ ഖട്ടർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഗോവിന്ദ നാം മേര, ലുക്കാ ചുപ്പി 2 എന്നിവയാണ് വിക്കി കൗശലിന്റെ അടുത്ത സിനിമകൾ.
Recommended Video

2021 ഡിസംബർ 9 നാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. രാജസ്ഥാനിൽ വെച്ചായിരുന്നു വിവാഹം. ബോളിവുഡിലെ വൻ താര നിര വിവാഹത്തിൽ പങ്കെടുത്തിരുന്നു. പിന്നാലെ ഈ വർഷം ഏപ്രിലിലാണ് രൺബീറും ആലിയയും വിവാഹിതരായത്. ബ്രഹ്മാസ്ത്രയാണ് അടുത്തതായി പുറത്തിറങ്ങുന്ന രൺബീർ-ആലിയ ചിത്രം. ഒപ്പം ഷംസെര എന്ന രൺബീർ ചിത്രവും റിലീസിനൊരുങ്ങുകയാണ്.


Click it and Unblock the Notifications











