കൊങ്കണ സെൻ ശർമ്മയും അമോൽ പരാശറും പ്രണയത്തിൽ; വൈറൽ ആയി ചിത്രങ്ങൾ
ബോളിവുഡിൽ സ്വന്തമായ പാത വെട്ടി തെളിച്ച് വ്യത്യസ്തയായ നടിയാണ് കൊങ്കണ സെൻ ശർമ്മ. മികച്ച നടിയായി മാത്രമല്ല, ഒരു കഴിവുറ്റ സംവിധായികയായി കൂടി തന്റെ പേര് രേഖപ്പെടുത്തി കഴിഞ്ഞു കൊങ്കണ. എന്നാൽ വ്യക്തി ജീവിതത്തിലാവട്ടെ, നടൻ രൺവീർ ഷോറിയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിന് ശേഷം ഒരു സിംഗിൾ മദർ ആയി മകന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയായിരുന്നു നടി. എന്നാൽ, പുതിയ റിപോർട്ടുകൾ അനുസരിച്ച് നടൻ അമോൽ പരാശറുമായി ഡേറ്റിംഗിൽ ആണ് കൊങ്കണ സെൻ ശർമ്മ ഇപ്പോൾ.
കൊങ്കണ സെൻ ശർമ്മയും അമോൽ പരാശറും പ്രണയത്തിൽ?
ബോളിവുഡ് മാധ്യമങ്ങളുടെ പുതിയ റിപോർട്ടുകൾ അനുസരിച്ച് തന്റെ വിവാഹമോചനം കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷം കൊങ്കണ സെൻ ശർമ്മ വീണ്ടും പ്രണയത്തിലാണ്. പ്രശസ്ത നടൻ അമോൽ പരാശർ ആണ് നടിയുടെ പുതിയ പാർട്ണർ എന്നാണ് സൂചന. ഡോളി കിറ്റി ഔർ വോ ചമക്തെ സിതാരെ എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന സമയത്താണ് കൊങ്കണ അമോലുമായി സൗഹൃദത്തിൽ ആവുന്നത്. അധികം വൈകാതെ ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ഇത് വരെ കൊങ്കണയും അമോലും തങ്ങളുടെ ബന്ധം തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും, നടന്റെ പുതിയ വെബ് സീരിസിന്റെ സ്‌ക്രീനിങ്ങിന് രണ്ടു പേരും ഒന്നിച്ചു വന്നതോടെ അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.

മുൻപ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ താൻ ഒരു സീരിയസ് റിലേഷൻഷിപ്പിൽ ആണെന്ന് അമോൽ പരാശർ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ തന്റെയും തന്റെ പ്രണയിനിയുടെയും സ്വകാര്യത മാനിച്ച് നടൻ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. തന്റെ ബന്ധത്തെ പവിത്രമായിട്ടാണ് കാണുന്നതെന്നും, അനാവശ്യമായി മാധ്യമ ശ്രദ്ധ നേടാനും, പി.ആർ. ലാഭത്തിനും വേണ്ടി അത് ഉപയോഗിക്കാൻ തനിക്ക് താത്പര്യമില്ലെന്നുമാണ് അതിന് കാരണമായി നടൻ പറഞ്ഞത്. എന്നാൽ, തന്റെ പുതിയ വെബ് സീരീസ് ആയ ഗ്രാമ ചികിത്സാലയയുടെ സ്പെഷ്യൽ സ്‌ക്രീനിങ്ങിന് കൊങ്കണയോടൊപ്പം എത്തിയതോടെ, ഇവർ പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയും മാധ്യമങ്ങളും.

വളരെ കാലമായി കൊങ്കണ സെൻ ശർമ്മ - അമോൽ പരാശർ ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ മാത്രം കേട്ടിരുന്ന താരങ്ങളുടെ ആരാധകർ പുതിയ ചിത്രങ്ങളും വിഡിയോകളും ഏറ്റെടുത്തു കഴിഞ്ഞു. 45കാരിയായ കൊങ്കണയുടെയും 38കാരനായ അമോലിന്റെയും പ്രണയബന്ധം സോഷ്യൽ മീഡിയ നോക്കിക്കാണുന്നത് കൗതുകത്തോടെയാണ്. ഇത്രയും നാൾ രഹസ്യമായി സൂക്ഷിച്ച പ്രണയം താരങ്ങൾ പരസ്യമാക്കിയതോടെ, വിവാഹ പ്രഖ്യാപനവും ഉടനെ ഉണ്ടായേക്കുമെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഈ വർത്തകളോടൊന്നും കൊങ്കണയും, അമോലും ഇത് വരെ പ്രതികരിച്ചിട്ടില്ല.
കൊങ്കണയ്ക്കും രൺവീറിനും ഇടയിൽ സംഭവിച്ചത്
2007ൽ ഒരു സിനിമ സെറ്റിൽ വച്ച് പ്രണയത്തിലായ കൊങ്കണ സെൻ ശർമ്മയും രൺവീർ ഷോറിയും, ബോളിവുഡിന് പ്രിയപ്പെട്ട ജോഡിയായിരുന്നു. മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം 2010ൽ വിവാഹിതരായ ഇവർക്ക് ഹാറൂൺ എന്നൊരു മകൻ ഉണ്ട്. അഞ്ചു വർഷത്തെ ദാമ്പത്യത്തിനു ശേഷം 2015ൽ തങ്ങൾ വേർപിരിയുകയാണെന്ന് രൺവീറും കൊങ്കണയും പ്രഖ്യാപിച്ചു. പരസ്പരം ഒത്തുപോകാനാവാത്ത വിധം അകന്നു കഴിഞ്ഞു എന്നാണ് അന്ന് താരങ്ങൾ കാരണമായി പറഞ്ഞത്. എന്നാൽ ഇപ്പോഴും മകൻ ഹാറൂണിന്റെ എല്ലാ കാര്യങ്ങൾക്കും ഒന്നിച്ചെത്താറുള്ള കൊങ്കണയും രൺവീറും സുഹൃത്തുക്കളായി തന്നെ തുടരുകയാണ്.


Click it and Unblock the Notifications











