സുശാന്ത് അടുത്തില്ലാത്തതിന്റെ വേദനയില്‍ കൃതി! ദില്‍ ബെച്ചാര ട്രെയിലര്‍ കണ്ട ശേഷം പറഞ്ഞത്
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ അപ്രതീക്ഷിത വിയോഗം എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. ബോളിവുഡിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായി മുന്നേറിയ താരമായിരുന്നു സുശാന്ത്. എംഎസ് ധോണി ബയോപിക്കിലൂടെയാണ് നടന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. സുശാന്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു ഇത്. ധോണി ബയോപിക്കിന് പിന്നാലെ ചിച്ചോരെ എന്ന ചിത്രവും കഴിഞ്ഞ വര്‍ഷം സുശാന്തിന്റെതായി തരംഗമായി മാറിയിരുന്നു.
നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയായിരുന്നു ആരാധകര്‍ കാത്തിരുന്നത്. കമ്മിറ്റ് ചെയ്ത സിനിമകളെല്ലാം ഒന്നൊന്നായി നഷ്ടപ്പെട്ടതാണ് സുശാന്തിന്റെ വിയോഗത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുശാന്തിനെക്കുറിച്ചുളള വികാരനിര്‍ഭര കുറിപ്പുകളുമായി മുന്‍പ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം രംഗത്തെത്തിയിരുന്നു.

സുശാന്ത് പോയത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാതെ ഇരിക്കുകയാണ് ഇവരെല്ലാം. സുശാന്തിന്റെ സഹോദരിയായി അഭിനയിച്ച നടി ഭൂമിക ചൗള അടക്കമുളളവര്‍ പ്രിയ സുഹൃത്തിനെക്കുറിച്ച് മനസുതുറന്നിരുന്നു. അതേസമയം സുശാന്തിന്റെ അവസാന ചിത്രമായ ദില്‍ബേച്ചാരയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്. ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സുശാന്തിന്റെ അടുത്ത സുഹൃത്തും നടിയുമായ കൃതി സനോനിന്റെതായി വന്ന പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു.

ഇത് കാണുന്നത് വളരെ കഠിനമാണ്. പക്ഷേ കാണാതിരിക്കാന്‍ എനിക്ക് എങ്ങനെ സാധിക്കും എന്നാണ് കൃതി കുറിച്ചിരിക്കുന്നത്. മുന്‍പ് സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ കൃതിയുടെതായി വന്ന കുറിപ്പും ശ്രദ്ധേയമായിരുന്നു. ജീവിക്കുകയെന്നതിനേക്കാള്‍ അതവസാനിപ്പിക്കുന്നതാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം സുശാന്തിന്റെ ജീവിതത്തില്‍ ഉണ്ടായി എന്നറിഞ്ഞപ്പോള്‍ അത് തന്നെ പൂര്‍ണമായും തകര്‍ത്തു കളഞ്ഞെന്നാണ് കൃതി പറഞ്ഞത്.

സുഷ് എനിക്കറിയാം ചിന്താശേഷിയുളള നിന്റെ മനസ് തന്നെയായിരുന്നു എല്ലാകാലത്തും നിന്റെ എറ്റവും അടുത്ത മിത്രവും ശത്രുവും. ജീവിക്കുകയെന്നതിനേക്കാള്‍ അതവസാനിപ്പിക്കുകയാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം നിന്റെ ജീവിതത്തില്‍ ഉണ്ടായി എന്നറിഞ്ഞപ്പോള്‍ അതെന്നെ പൂര്‍ണമായും തകര്‍ത്തുകളഞ്ഞു. നിനക്ക് ചുറ്റിലും ആ നിമിഷത്തില്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു.

നിന്നെ സ്‌നേഹിക്കുന്നവരെ നീ തളളി മാറ്റിയില്ലായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. നിന്നെ തകര്‍ത്തു കളഞ്ഞ കാര്യങ്ങള്‍ ശരിയാക്കാന്‍ എനിക്ക് കഴിയുമായിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു,. കുറെയെറെ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നെങ്കില് എന്ന് ഞാന്‍ ഈ നിമിഷം ആഗ്രഹിക്കുകയാണ്. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് നിനക്കൊപ്പം പോയത്.

ഒരു ഭാഗത്ത് എപ്പോഴും നീ ജിവിച്ചിരിക്കുന്നു. നിന്റെ സന്തോഷത്തിനായുളള പ്രാര്‍ത്ഥനകള്‍ ഞാന്‍ ഒരിക്കലും അവസാനിപ്പിക്കില്ല. സുശാന്തിനെക്കുറിച്ച് മുന്‍പ് കൃതി പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞ വാക്കുകളാണിവ. സുശാന്തിനൊപ്പം മുന്‍പ് രാബ്ത എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച താരമാണ് കൃതി. 2017ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയിരുന്നത്. രാജ്കുമാര്‍ റാവു, ദീപികാ പദുകോണ്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications