പിതാവ് അനാഥാലയത്തില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു! ഇന്ത്യയിലെ സൂപ്പര്‍ നായികയായിരുന്ന മീന കുമാരിയുടെ കഥയിങ്ങനെ
ബോളിവുഡിന്റെ ട്രാജഡി ക്വീന്‍ എന്നറിയപ്പെടുന്ന നടിയാണ് മീനാ കുമാരി. ജീവിച്ചിരുന്ന കാലത്തോളം സിനിമാലോകം ഭരിച്ച താരമായിരുന്നു അവര്‍. മീന കുമാരിയുടെ വേര്‍പാടുണ്ടായിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും നടി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇതിനിടെ ആഗസ്റ്റ് ഒന്നിന് നടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് താരത്തെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
1933 ഓഗസ്റ്റ് 1-നാണ് മീന കുമാരി ജനിച്ചത്. ജീവിച്ചിരുന്നെങ്കില്‍ നടിയുടെ തൊണ്ണൂറ്റിയൊന്നാമത്തെ ജന്മദിനം ഇന്ന് ആഘോഷിക്കുമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ പ്രവേശിച്ച നടി ശാലീന സൗന്ദര്യം കൊണ്ടും അതുല്യമായ അഭിനയം കൊണ്ടും നിറഞ്ഞ് നിന്നു.

സൂപ്പര്‍താര പദവികള്‍ നേടിയെടുത്തിട്ടും വിധി അവളെ എങ്ങനെ പീഡിപ്പിച്ചുവെന്നതിനെ പറ്റിയാണ് ഇപ്പോള്‍ ചില കഥകള്‍ പുറത്ത് വന്നിരിക്കുന്നത്. മുന്‍പ് നടിയുടെ കഥയില്‍ നിന്നും ഇക്കാര്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു.
മീനാ കുമാരിയുടെ അച്ഛന്‍ ഒരു മുസ്ലീമും അമ്മ ബംഗാളി ക്രിസ്ത്യാനിയുമായിരുന്നു. വളരെ ദരിദ്രമായ സാഹചര്യത്തിലാണ് നടി ജനിച്ചത്. ഒരു മകന്‍ വേണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് മീനാ കുമാരിയുടെ ജനനം. ഇതില്‍ നടിയുടെ പിതാവ് സന്തോഷവാനല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മകള്‍ ജനിച്ച ശേഷം ഡോക്ടര്‍ക്ക് കൊടുക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് അദ്ദേഹം മീനയെ ഒരു അനാഥാലയത്തിന്റെ പുറത്ത് ഉപേക്ഷിച്ചു. പക്ഷേ നവജാത ശിശുവിനെ ഉപേക്ഷിച്ച് പോകുമ്പോഴാണ് പിതാവിന്റെ ഹൃദയം മുറിഞ്ഞത്. കുറ്റബോധം തോന്നി തിരികെ എത്തുമ്പോള്‍ കണ്ടത് കൊച്ചു മീനയുടെ ദേഹമാസകലം ഉറുമ്പുകള്‍ കടിക്കുന്നതാണ്.

അനാഥാലയത്തിന്റെ വാതില്‍ അടച്ചിട്ടത് കൊണ്ട് അകത്തുള്ളവര്‍ പുറത്ത് വന്ന കുഞ്ഞിനെ കണ്ടില്ലായിരിക്കാം. ഇതെല്ലാം കണ്ട് നിസ്സഹായനായ അച്ഛന്റെ ധൈര്യം നഷ്ടപ്പെട്ട് കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി. ഒടുവില്‍ അദ്ദേഹം കുഞ്ഞിനെയും എടുത്ത് പോയി. ഇതായിരുന്നു മീനയുടെ ജനന കഥ.
എന്നാല്‍ പിതാവും ഭര്‍ത്താവും ബന്ധുക്കളും സഹപ്രവര്‍ത്തകരുമടക്കം ചുറ്റിനുമുണ്ടായിരുന്ന എല്ലാവരും മീനയെ ചൂഷണം ചെയ്തിരുന്നു. നടി സമ്പാദിക്കുന്നതെല്ലാം മറ്റുള്ളവര്‍ കൈയ്യടക്കി. അതിലൊന്നും നടിയ്ക്ക് യാതൊരു പരാതികളും ഇല്ലായിരുന്നു. തന്റെ വ്യക്തി സ്വതന്ത്ര്യത്തെ ഹനിക്കുന്ന നിയന്ത്രണങ്ങള്‍ വന്നിട്ടും നടിയത് കാര്യമാക്കിയില്ല. ചെറിയ പ്രായത്തിലെ കളിക്കാനോ പഠിക്കാനോ ഒന്നിനും സ്വതന്ത്ര്യം അവര്‍ക്കുണ്ടായിരുന്നില്ല.
രണ്ട് ദശകങ്ങളിലായി ഹിന്ദി സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടി എന്ന നിലയില്‍ പ്രശസ്തിയുടെ ഉച്ചകോടിയില്‍ നില്‍ക്കുമ്പോഴാണ് മീന കുമാരി അന്തരിക്കുന്നത്. ആ സമയത്ത് പോലും അവരുടെ ആശുപത്രി ബില്ലടയ്ക്കാന്‍ ആളില്ലാതെ പോയി. അത്രത്തോളം ആളുകള്‍ അവരെ ചൂഷണം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications