'സൗന്ദര്യത്തിൽ അമ്മയെ കടത്തിവെട്ടുന്ന മകൾ'; ബോളിവുഡും ആരാധകരും ഭാഗ്യശ്രീയുടെ മകൾക്ക് പിന്നാലെ!
1989ൽ പുറത്തിറങ്ങിയ മേം നേ പ്യാർ കിയാ എന്ന ഹിറ്റ് ചിത്രത്തിലൂടെ സൽമാൻ ഖാന്റെ നായികയായി സിനിമയിലെത്തിയ നടിയാണ് ഭാഗ്യശ്രീ. പിന്നീട് ചില കന്നഡ, തെലുങ്ക് മറാത്തി ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഭാഷകളിൽ അഭിനയിച്ചിരുന്നുവെങ്കിലും സിനിമയിൽ തിളങ്ങാൻ ഈ നടിക്കായില്ല. വിവാഹശേഷം തുടർച്ചയായ ഇടവേളകൾ എടുത്തത് നടിയുടെ സിനിമാ കരിയറിനെ ബാധിച്ചുവെന്നുവേണം പറയാൻ. സിനിമ വിട്ടത് വിവാഹ ജീവിതവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കാരണമാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഭാഗ്യശ്രീ പറഞ്ഞിരുന്നു.
ഭർത്താവിനൊപ്പം അധിക സമയം ചെലവഴിക്കാൻ ആയിരുന്നു വിവാഹശേഷം തന്റെ ശ്രമമെന്നും നടി വെളിപ്പെടുത്തിയിരുന്നു. അതായിരുന്നു അന്ന് തന്നെ ഏറെ സന്തോഷിപ്പിച്ചിരുന്ന കാര്യമെന്നും നടി പറഞ്ഞിരുന്നു. ഭോജ്പൂരി, ബംഗാളി സിനിമകളിലും അഭിനയിച്ചിട്ടുളള നടി ഹിമാലയ ദസ്സാനിയെയാണ് വിവാഹം ചെയ്തത്. അഭിമന്യു ദസ്സാനി, അവന്തിക ദസ്സാനി എന്നിവരാണ് താരത്തിന്റെ മക്കൾ. അഭിമന്യു അഭിനേതാവാണ്. 2019ൽ പുറത്ത് വന്ന മർദ് കോ ദർദ് നഹീ ഹോതാ എന്ന ചിത്രത്തിലൂടെ മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ പുരസ്‌കാരവും നേടിയിരുന്നു. മകന് പിന്നാലെ താരത്തിന്റെ മകൾ അവന്തികയും സിനിമയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്.

നടി ഹുമ ഖുറേഷിക്കൊപ്പം സീ 5 ഒറിജിനൽ ചിത്രമായ മിതിയയിലൂടെയാണ് അവന്തിക ദസ്സാനി തന്റെ ഓൺ-സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. ഒരുലക്ഷത്തിന് മുകളിൽ ഫോളോവേഴ്സുമായി സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ അവന്തിക താരമാണ്. രോഹൻ സിപ്പിയുടെ സൈക്കോളജിക്കൽ ത്രില്ലറാണ് അവന്തികയുടെ ആദ്യ സിനിമയായ മിതിയ. രണ്ട് സ്ത്രീകളുടെ കഥ പറയുന്ന സിനിമയുടെ പോസ്റ്റർ അടുത്തിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. നിഗൂഢത നിറയുന്നതാണ് ചിത്രത്തിന്റെ പോസ്റ്ററും. അരങ്ങേറ്റ സിനിമ തന്നെ ത്രില്ലർ സ്വഭാവത്തിലുള്ളത് ലഭിച്ചതിൽ സന്തോഷമുണ്ടെന്നാണ് അവന്തിക മിതിയെ കുറിച്ച് സംസാരിക്കവെ അവന്തിക മാധ്യമങ്ങളോട് പറഞ്ഞത്.

'വെല്ലുവിളി നിറഞ്ഞ കഥാപാത്രവും കൗതുകമുണർത്തുന്ന കഥയും എന്റെ ആദ്യ ഉദ്യമത്തിൽ ഏറ്റെടുത്തത് തികച്ചും ത്രില്ലാണ്. അവിശ്വസനീയമാം വിധം കഴിവുള്ള ഒരു വ്യക്തിക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ നന്ദിയുണ്ട്. എന്നെപ്പോലുള്ള ഒരു പുതുമുഖത്തെ ഊഷ്മളമായി സ്വാഗതം ചെയ്ത പിന്തുണയുള്ള അഭിനേതാക്കളും സംഘവുമാണ് മിതിയ. ഇന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രേക്ഷകർ ഏറ്റവും ആവേശകരമായ അനുഭവങ്ങളും നല്ല കഥകളും തേടിയാണ് വരുന്നത്. ഇതിന്റെ ഭാഗമായി എന്റെ യാത്ര ആരംഭിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പ്രേക്ഷകർ മിതിയ സ്വീകരിക്കുമെന്ന് കരുതുന്നു' അവന്തിക കൂട്ടിച്ചേർത്തു. അവന്തിക ദസ്സാനിയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ നിറയെ താരത്തിന്റെ അതിമനോഹരമായ ചിത്രങ്ങളാണ്.

താരത്തിന്റെ മോഡലിങ് ഫോട്ടോകളും മുഖത്തുള്ള ആത്മവിശ്വാസവും ബോളിവുഡ് ലോകത്ത് തിളങ്ങാൻ കഴിവുള്ള നിടയാണ് അവന്തിക എന്ന് തെളിയിക്കുന്നതാണ് എന്നാണ് താരത്തെ സോഷ്യൽമീഡിയകളിൽ പിന്തുടരുന്നവർ അഭിപ്രായപ്പെടുന്നത്. കുട്ടിക്കാലം മുതൽ അഭിനയം, നൃത്തം, ഫാഷൻ ഡിസൈനിംഗ് എന്നിവയിൽ അവന്തികയ്ക്ക് അഗാധമായ താൽപ്പര്യമുണ്ട്. മകളെപ്പോലെ തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഭാഗ്യശ്രീയും. പ്രായത്തെ വെല്ലുന്ന ഊർജത്തിന് പിന്നിൽ ചിട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം പറഞ്ഞിട്ടുണ്ട്. പ്രഭാസ് ചിത്രം രാധേ ശ്യാമിൽ ഭാഗ്യശ്രീ അഭിനയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പൂജ ഹെഗ്ഡെ നായികയാകുന്ന ചിത്രം പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. പ്രണയമാണ് സിനിമയുടെ പ്രധാന കഥയെന്നും റിപ്പോർട്ടുണ്ട്.


Click it and Unblock the Notifications