ചുണ്ടുകൾക്ക് നീല നിറമായി, ആദ്യം ശ്രദ്ധിച്ചത് ഡോക്ടർ; ഷൂട്ടിംഗിനിടയിലെ മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് മാധുരി
ബോളിവുഡിൽ ഒരു കാലത്തെ സെൻസേഷനായിരുന്നു മാധുരി ദീക്ഷിത്. ഇന്ത്യൻ ജനതയുടെ നായികാ സങ്കൽപ്പങ്ങൾക്ക് യോജിച്ച വശ്യതയും അസാമാന്യ നൃത്ത മികവുമുള്ള മാധുരി വളരെ പെട്ടെന്ന് ശ്രദ്ധയാകർഷിച്ചു. ശ്രീദേവി താരറണിയായി നിറഞ്ഞാടിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് മാധുരി ബോളിവുഡിൽ ശ്രദ്ധ നേടുന്നത്. ശ്രീദേവിയെ പോലെ മികച്ച വേഷങ്ങൾ മാധുരിക്കും ലഭിച്ചു. വശ്യമായ നൃത്തച്ചുവടുകളാണ് മാധുരി ദീക്ഷിതിനെ വ്യത്യസ്തയാക്കിയത്.
ദേവദാസ് എന്ന സിനിമയിലെ മാധുരിയുടെ പ്രകടനം ഇന്നും ആരാധകർക്ക് മറക്കാൻ സാധിച്ചിട്ടില്ല. അക്കാലഘട്ടത്തിലെ ഒട്ടുമിക്ക നടിമാരെയും പോലെ തന്നെയായിരുന്നു പിന്നീടുള്ള മാധുരിയുടെ ഗ്രാഫ്. വിവാഹശേഷം അഭിനയ രംഗത്ത് നിന്നും നടി മാറി നിന്നു. അമേരിക്കയിലേക്ക് ഭർത്താവിനൊപ്പം ചേക്കേറിയ മാധുരി പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് തിരിച്ച് വരുന്നത്.

ഇന്ന് റിയാലിറ്റി ഷോകളും സിനിമകളുമായി കരിയറിൽ മാധുരി സാന്നിധ്യം അറിയിക്കുന്നുണ്ട്. കരിയറിലെ സുവർണ കാലത്തെക്കുറിച്ച് മാധുരി പങ്കുവെച്ച ഓർമകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2000 ൽ പുറത്തിറങ്ങിയ പുകർ എന്ന സിനിമയെക്കുറിച്ചാണ് മാധുരി ദീക്ഷിത് സംസാരിച്ചത്. വൻ ഹിറ്റായ സിനിമയിൽ മികച്ച പ്രകടനമാണ് നടി കാഴ്ച വെച്ചത്. എന്നാൽ സിനിമയിലെ ഒരു ഗാന രംഗത്തിന് വേണ്ടി മാധുരി നേരിട്ട ബുദ്ധിമുട്ട് ചെറുതല്ല. കിസ്മത് സെ തും ഹും കോ മിലെ എന്ന ഗാനം ചിത്രീകരിച്ചത് യുഎസിലെ അലസ്കയിലെ കൊടും തണുപ്പിലാണ്.
നായകൻ അനിൽ കപൂർ ജീൻസാണ് ധരിച്ചതെങ്കിൽ മാധുരിയുടെ കോസ്റ്റ്യൂം ഷിഫോൺ സാരിയാണ്. കൊടും തണുപ്പിൽ നേർത്ത സാരി ധരിച്ച് അഭിനയിക്കുകയെന്നത് തനിക്ക് ബുദ്ധിമുട്ടായിരുന്നെന്ന് മാധുരി ഓർത്തു. തണുപ്പ് കാരണം ആദ്യത്തെ ദിവസം തനിക്ക് അഭിനയിക്കാൻ പറ്റിയില്ലെന്ന് മാധുരി പറയുന്നു. ഗാനരംഗം ചിത്രീകരിക്കാൻ ടീം നാല് മണിക്ക് എത്തി.

കൊറിയോഗ്രാഫർ സീനിൽ പാടാൻ പറഞ്ഞു. എന്നാൽ മരവിച്ച് പോയ തനിക്ക് ചുണ്ടുകൾ അനക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. പിന്നീട് സാഹചര്യം കൂടുതൽ വഷളായെന്ന് മാധുരി ദീക്ഷിത് പറയുന്നു. സെറ്റിൽ ഡോക്ടർ ഉണ്ടായിരുന്നു. തന്റെ ചുണ്ടുകൾക്ക് നീല നിറമാവുന്നത് ഡോക്ടറുടെ ശ്രദ്ധയിൽ പെട്ടു. ഉടനെ സെറ്റിലേക്ക് ഹീറ്റർ കൊണ്ട് വന്നു. ഹീറ്ററിന് അടുത്തിരുന്ന് കുറച്ച് നേരം വിശ്രമിച്ചു.
പിന്നീട് എങ്ങനെയോ താൻ ആ സീൻ പൂർത്തിയാക്കുകയായിരുന്നെന്ന് മാധുരി ദീക്ഷിത് ഓർത്തു. രാജ്കുമാർ സന്തോഷിയാണ് പുകർ സംവിധാനം ചെയ്തത്. അനിൽ കപൂറും മാധുരിയും പ്രധാന വേഷം ചെയ്ത സിനിമയിൽ നമ്രത ശിരോദ്ക്കർ, ഓംപുരി തുടങ്ങിയവരും പ്രധാന വേഷം ചെയ്തു.


Click it and Unblock the Notifications











