അമ്മയും മകനും പോലുണ്ട്! മാധുരിയുടെയും വരുണിന്‌റെയും ഡാന്‍സിന് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ!
ബോളിവുഡില്‍ സിനിമാ പ്രേമികള്‍ ഏറെയിഷ്ടപ്പെടുന്ന താരസുന്ദരിയാണ് മാധുരി ദീക്ഷിത്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുളള മാധുരിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. അഭിനയത്തിനു പുറമെ നൃത്തരംഗത്തും സജീവമായ താരമാണ് മാധുരി.
അടുത്തിടെ നടന്ന ഫിലിം ഫെയര്‍ ഗ്ലാമര്‍ ആന്‍ഡ് സ്റ്റൈല്‍ പുരസ്‌കാര ചടങ്ങില്‍ മാധുരി ഡാന്‍സുമായി എത്തിയിരുന്നു. ടമ്മ ടമ്മ എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ചുകൊണ്ടായിരുന്നു മാധുരി സ്റ്റേജില്‍ എത്തിയിരുന്നത്. ബോളിവുഡില്‍ ഒരു കാലത്ത് തരംഗമായി മാറിയിരുന്ന പാട്ടായിരുന്നു ഇത്.

സ്‌റ്റേജില്‍ ഡാന്‍സ് കളിക്കുന്നതിനിടെ യുവതാരം വരുണ്‍ ധവാനെയും മാധുരി വേദിയിലേക്ക് ക്ഷണിച്ചിരുന്നു. നടിക്കൊപ്പം വരുണ്‍ കൂടി എത്തിയതോടെ വലിയ ആര്‍പ്പുവിളികളോടയൊണ് ഇരുവരുടെയും ഡാന്‍സ് എല്ലാവരും കണ്ടിരുന്നത്. സോഷ്യല്‍ മീഡിയയിലെല്ലാം തന്നെ നിരവധി പേരാണ് ഈ ഡാന്‍സ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ടമ്മ ടമ്മ പാട്ട് അടുത്തിടെ വരുണിന്റെ തന്നെ ബദരിനാഥ് കി ദുല്‍ഹനിയ എന്ന ചിത്രത്തില്‍ റീമിക്‌സ് ചെയ്ത് ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം മാധുരിയെ വിമര്‍ശിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അമ്മയും മകനും ഡാന്‍സ് കളിക്കുന്നതു പോലുണ്ട് എന്നാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകള്‍ വന്നിരിക്കുന്നത്. വരുണിനൊപ്പം ഡാന്‍സ് ചെയ്യാന്‍ നാണമില്ലേ മാധുരി എന്നു ചോദിച്ചും ആളുകള്‍ കമന്റുകള്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം കമന്റുകള്‍ ഇട്ട ആളുകള്‍ക്ക് മാധുരിയുടെ ആരാധകര്‍ കിടിലന്‍ മറുപടിയുമായി എത്തിയിരുന്നു. അമ്മയും മകനും ഡാന്‍സ് ചെയ്താല്‍ എന്താണ് കുഴപ്പമെന്നു ചോദിച്ചുകൊണ്ടായിരുന്നു മാധുരിയുടെ ആരാധകര്‍ എത്തിയിരുന്നത്.


Click it and Unblock the Notifications