സഹോദരന്റെ നിർബന്ധം കൊണ്ട് പരിചയപ്പെട്ടയാൾ; നേരിൽ കണ്ടതോടെ മനസ് മാറി; മാധുരിയുടെ വിവാഹത്തിന് പിന്നിൽ
ഇന്ത്യൻ സിനിമാ ലോകം ഒരുകാലത്ത് ആഘോഷിച്ച താരറാണിയാണ് മാധുരി ദീക്ഷിത്. മാധുരിയുടെ സ്ക്രീൻ പ്രസൻസും നൃത്തത്തിലെ മികവും നടിയെ കരിയറിലെ ഉയരങ്ങളിലെത്തിച്ചു. അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളെ മാധുരിക്ക് പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കാനായി. 90 കളിൽ ബോളിവുഡിൽ ഏറ്റവും വിലപിടിപ്പുള്ള നായികയായിരുന്നു മാധുരി. മാധുരിയുടെ നൃത്തച്ചുവടുകൾ ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.
താരത്തിളക്കത്തോടൊപ്പം നടിയെ തേടി വന്നതാണ് ഗോസിപ്പുകളും വിവാദങ്ങളും. മാധുരിയും സഞ്ജയ് ദത്തും പ്രണയത്തിലായ കാലഘട്ടം ഇന്നും ആരാധകർ ഓർക്കുന്നുണ്ട്. കോളിളക്കം സൃഷ്ടിച്ച പ്രണയബന്ധം ഉപേക്ഷിച്ച് പിന്നീട് രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. ഇതിന് ശേഷമാണ് ഡോക്‌ടറായ ശ്രീരാം നെനെ മാധുരിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.

സഞ്ജയ് ദത്തുമായുള്ള വേർപിരിയലിന് ശേഷം മറ്റൊരു ബന്ധത്തിലേക്ക് കടക്കാൻ മാധുരിക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ വീട്ടുകാർ നടിയുടെ വിവാഹാലോചനകൾ നടത്തി. മാധുരിയുടെ സഹോദരൻ അജിത്ത് ദീക്ഷിത് തന്റെ സുഹൃത്തായ ശ്രീരാം നെനെയെ നടിയുമായി പരിചയപ്പെടുത്താൻ ശ്രമിച്ചു. ആദ്യം തയ്യാറായില്ലെങ്കിലും പിന്നീട് മാധുരി സമ്മതം മൂളി.
ശ്രീരാമിനെയും കുടുംബത്തെയും അജിത്ത് ദീക്ഷിത് തന്റെ വീട്ടിൽ ഡിന്നറിന് ക്ഷണിച്ചു. ശ്രീരാമിനെ കണ്ടപ്പോൾ മാധുരിക്ക് ഇഷ്ടം തോന്നി. അമേരിക്കയിൽ ജനിച്ച് വളർന്ന ശ്രീരാമിന് മാധുരിക്ക് ഇന്ത്യയിലുള്ള ജനപ്രീതിയെക്കുറിച്ചൊന്നും വലിയ അറിവുണ്ടായിരുന്നില്ല. 1999 ലാണ് മാധുരിയും ശ്രീരാമും വിവാഹിതരായത്.

യുഎസിൽ വെച്ച് സ്വകാര്യമായ ചടങ്ങിലാണ് വിവാഹം നടന്നത്. പിന്നീട് മുംബൈയിൽ വിവാഹസൽക്കാരവും നടത്തി. ബോളിവുഡിലെ നിരവധി പ്രമുഖർ റിസപ്ഷനിൽ പങ്കെടുത്തു. വിവാഹശേഷം ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് താമസം മാറാനും മാധുരി തീരുമാനിച്ചു. ബോളിവുഡിലെ നിറപകിട്ടുകളിൽ നിന്നെല്ലാം മാറി നിന്ന് കുടുംബിനിയായി മാധുരി അമേരിക്കയിൽ ജീവിച്ചു. ഈ കാലഘട്ടത്തെക്കുറിച്ച് മാധുരി മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്.
ഭർത്താവ് ജോലിക്ക് പോകുമ്പോൾ അദ്ദേഹത്തിന് രാവിലെ അഞ്ചരമണിക്ക് എഴുന്നേറ്റ് പ്രാതൽ ഉണ്ടാക്കും. അക്കാലത്തെ ഓരോ മിനുട്ടുകളും താൻ ആസ്വദിച്ചിരുന്നെന്നും മാധുരി അന്ന് തുറന്ന് പറഞ്ഞു. 2003 ലാണ് ദമ്പതികൾ മൂത്ത മകൻ അരിൻ പിറക്കുന്നത്. 2005 ൽ രണ്ടാമത്തെ മകൻ റയാനും പിറന്നു. 2011 ലാണ് മാധുരി ദീക്ഷിതും ഭർത്താവും മക്കൾക്കൊപ്പം ഇന്ത്യയിലേക്ക് താമസം മാറുന്നത്. അമേരിക്കയിൽ സാമ്പത്തിക പ്രതിസന്ധി വന്ന കാലഘട്ടത്തിലാണ് മാധുരിയും കുടുംബവും ഇന്ത്യയിലേക്ക് മടങ്ങിയത്. ഇത് ചില അഭ്യൂഹങ്ങൾക്ക് വഴി വെച്ചു.
സാമ്പത്തിക ഞെരുക്കമാണ് മാധുരിയും ഭർത്താവും ഇന്ത്യയിലേക്ക് മടങ്ങാൻ കാരണമെന്ന് അഭ്യൂഹങ്ങൾ പരന്നു. എന്നാൽ മാധുരി ഈ വാദം നിഷേധിച്ചു. അമേരിക്കയിലെ സാമ്പത്തിക പ്രശ്നങ്ങൾ തന്റെ ഭർത്താവിനെ ബാധിച്ചിട്ടില്ലെന്ന് മാധുരി വ്യക്തമാക്കി. ആദ്ദേഹം ഒരു ഡോക്ടറാണ്. എപ്പോഴും ഡിമാന്റുള്ള ജോലിയാണത്. റാം ഇന്ത്യയിലേക്ക് ആകൃഷ്ടനായതാണ് മടങ്ങി വരാൻ കാരണമെന്ന് അന്ന് മാധുരി ദീക്ഷിത് തുറന്ന് പറഞ്ഞു.
ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം മാധുരി കരിയറിൽ വീണ്ടും സാന്നിധ്യമറിയിച്ചു. ശ്രീരാം ഡോക്ടറായി മുംബൈയിൽ ജോലി ചെയ്തു. അഭിനയരംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് മാധുരി. ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്തമായ പ്രൊജക്ടുകൾ മാധുരിയെ തേടിയെത്തുന്നു.


Click it and Unblock the Notifications