'അർജുനും അർഹാനും തമ്മിൽ സൗഹൃദമില്ല, ബ്രേക്കപ്പിന് കാരണം മകൻ...'; മലൈക അർജുനെ വേണ്ടെന്ന് വെച്ചത് മകന് വേണ്ടി?
അമ്പത്തിയൊന്നുകാരിയായ മലൈക എന്നും സിനിമാപ്രേമികൾക്ക് ഒരു അത്ഭുതമാണ്. അതിന് കാരണം അമ്പതുകളിലും താരം സൂക്ഷിക്കുന്ന ഫിറ്റ്നസും സൗന്ദര്യവും തന്നെയാണ്. ബോളിവുഡിലെ യുവനടിമാരെപോലും ഡാൻസിന്റെയും സൗന്ദര്യത്തിന്റെയും ഫിറ്റ്നസിന്റെയും കാര്യത്തിൽ മലൈക പിന്നിലാക്കും. നടിയുടെ പ്രൊഫഷണൽ ലൈഫിനേക്കാൾ എന്നും ചർച്ചയായിട്ടുള്ളത് താരത്തിന്റെ സ്വകാര്യ ജീവിതം തന്നെയാണ്. അർബാസ് ഖാനുമായുള്ള വിവാഹവും വിവാഹമോചനവും പിന്നീട് അർജുൻ കപൂറുമായുള്ള പ്രണയവും എല്ലാം എന്നും ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്.
മലൈകയേക്കാൾ പന്ത്രണ്ട് വയസിന് ഇളയതാണ് അർജുൻ കപൂർ. ഇരുവരും ഡേറ്റിങ്ങിലാണെന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ വിമർശനം വന്നതും പ്രായത്തിന്റെ പേരിലായിരുന്നു. പക്ഷെ ഇരുവരും അതൊന്നും മുഖവുരയ്ക്ക് എടുത്തില്ലെന്ന് മാത്രമല്ല പരിഹസിക്കുന്നവർക്ക് കൃത്യമായി മറുപടി നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഇരുവരുടെയും ബന്ധം അടുത്തിടെയായി നല്ല രീതിയിലല്ലെന്നും അർജുനും മലൈകയും പ്രണയം അവസാനിപ്പിച്ച് വേർപിരിഞ്ഞുവെന്നുമാണ് ബോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞിരിക്കുന്നത്. അര്‍ജുന്‍ കപൂര്‍ അടുത്തിടെ താനിപ്പോള്‍ സിംഗിളാണെന്ന് പരസ്യപ്രഖ്യാപനം നടത്തിയതോടെയാണ് വേർപിരിഞ്ഞുവെന്ന വാർത്ത ഇരുവരുടെയും ആരാധകരും സ്ഥിരീകരിച്ചത്.
അതേസമയം അർജുൻ-മലൈക പ്രണയതകർച്ചയ്ക്ക് കാരണം നടിയുടെ മകൻ അർഹാനാണെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്. അർബാസ് ഖാനുമായുള്ള ബന്ധത്തിൽ മലൈകയ്ക്ക് പിറന്ന മകനാണ് അർഹാൻ. ഇരുപത്തിരണ്ടുകാരനായ അർഹാനാണ് മലൈകയുടെ എല്ലാമെല്ലാം.
അർഹാൻ ഖാൻ ഇക്കഴിഞ്ഞ നവംബർ ഒമ്പതിനാണ് പിറന്നാൾ ആഘോഷിച്ചത്. ബോളിവുഡ് താരങ്ങൾ താരപുത്രന്റെ സുഹൃത്തുക്കൾ ബന്ധുക്കൾ അമ്മ മലൈക തുടങ്ങിയവരെല്ലാം ആശംസകളും പ്രാർത്ഥനകളും അറിയിച്ച് എത്തിയിരുന്നു. അർബാസ് ഖാൻ്റെ രണ്ടാം ഭാര്യ ഷൂറ ഖാനും ഹൃദയസ്പർശിയായ കുറിപ്പിലൂടെ അർഹാന് പിറന്നാൾ ആശംസിച്ചിരുന്നു. ഷൂറ അർഹനെ സുഹൃത്ത്, കുടുംബാംഗം എന്നൊക്കെയാണ് വിശേഷിപ്പിച്ചത്.
ഇരുവരും തമ്മിൽ എത്രമാത്രം അടുപ്പവും സ്നേഹവും ഉണ്ടെന്നതിന്റെ തെളിവായിരുന്നു ഷൂറയുടെ പിറന്നാൾ ആശംസ. ഗിറ്റാർ വായിക്കുന്ന അർഹാന്റെ വീഡിയോ കൂടി പങ്കിട്ട് ഷൂറ കുറിച്ചത് ഇങ്ങനെയാണ്... ജന്മദിനാശംസകൾ... എൻ്റെ സുഹൃത്തും കുടുംബാംഗവുമായ അർഹാൻ എന്നാണ് കുറിച്ചത്. ഇതോടൊപ്പം ഒരു ഹാർട്ട് ഇമോജിയും ഷൂറ ചേർത്തിരുന്നു. അർഹാൻ ഖാനെ പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.

മലൈക അറോറയും മകൻ അർഹാന് പിറന്നാൾ ആശംസിച്ച് നിരവധി ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരു ഫോട്ടോയിൽ മലൈക കുട്ടി അർഹാനെ കെട്ടിപ്പിടിച്ച് നിറചിരിയുമായി നിൽക്കുന്നത് കാണാം. അർഹാൻ്റെ കുട്ടിക്കാലത്തെ നിരവധി ചിത്രങ്ങൾ മലൈക തൻ്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അർജുന്റെ വക ആശംസയൊന്നും അർഹാന് വേണ്ടി ഉണ്ടായിരുന്നില്ല.
മലൈകയുമായി പ്രണയത്തിലായിരുന്നപ്പോഴും അർജുനും അർഹാനും തമ്മിൽ നല്ലൊരു സ്നേഹ ബന്ധമുള്ളതായി തോന്നിയിട്ടില്ലെന്നും ആരാധകർ പറയുന്നു. ഇരുവരുടെയും വേർപിരിയലിന് കാരണം മകൻ അർഹാന്റെ സാന്നിധ്യമാണെന്ന തരത്തിലും ചർച്ചകളുണ്ട്. അർഹാനും അർജുനും വളരെ വിരളമായി മാത്രമെ മലൈകയ്ക്കൊപ്പം ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ളു. അർഹാൻ ഖാൻ വിദേശത്ത് പഠിക്കുകയാണ്. മലൈകയ്ക്കൊപ്പം ചില അഭിമുഖങ്ങളിൽ അർഹാൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അർബാസുമായുള്ള വിവാഹ ജീവിത തകർന്ന് നിൽക്കുന്ന സമയത്താണ് അർജുൻ മലൈകയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 19 വര്‍ഷത്തെ ദാമ്പത്യബന്ധമാണ് 2017 മെയ് 11ന് മലൈകയും അര്‍ബാസും അവസാനിപ്പിച്ചത്. അർബാസിൻ്റെയും ഷൂറയുടെയും വിവാഹം 2023 ഡിസംബർ 24ന് ആയിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് അവരുടെ വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


Click it and Unblock the Notifications











