അർജുന്റെ സഹോദരിമാരെ ഒഴിവാക്കി മലൈക; ഒപ്പം നിന്ന് പിന്നിൽ നിന്ന് കുത്തിയവർ ഇവരൊക്കെ?
ബോളിവുഡിലെ പ്രിയ താര ജോഡിയാണ് അർജുൻ കപൂറും മലൈക അറോറയും. ഫാഷൻ രംഗത്ത് പകരം വെക്കാനില്ലാത്ത സാന്നിധ്യമാണ് മലൈക. അർജുൻ ബി ടൗണിലെ മുൻ നിര നടൻമാരിൽ ഒരാളും. ഇവരും തമ്മിലുള്ള പ്രണയം എപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. കൗതുകകരമെന്ന് തോന്നുന്ന ചില കാര്യങ്ങളും ഇവരുടെ ബന്ധത്തിലുണ്ട്. അർബാസ് ഖാനാണ് മലൈകയുടെ ആദ്യ ഭർത്താവ്. മുറപ്രകാരം അർബാസിന്റെ സഹോദരിയായ അർപിത ഖാനായിരുന്നു അർജുന്റെ മുൻ കാമുകി.
മലൈക അർബാസുമായുള്ള ബന്ധം ഉപേക്ഷിച്ചു. അർജുൻ അർപിതയുമായും അകന്നു. ഇതിന് ശേഷമാണ് അർജുനും മലൈകയും തമ്മിൽ അടുക്കുന്നത്. പ്രണയത്തിലാണെന്ന കാര്യം ആദ്യം മറച്ച് വെച്ചെങ്കിലും പിന്നീടിവർ പരസ്യമാക്കി. അർജുനേക്കാൾ പത്ത് വയസ് കൂടുതലാണ് മലൈകയ്ക്ക്. കൗമാരക്കാരനായ ഒരു മകനുമുണ്ട്. എന്നാൽ പ്രായം തങ്ങളുടെ പ്രണയത്തിൽ ഒരു ഘടകമായിട്ടില്ലെന്ന് അർജുൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ആരാധകരെ നിരാശരാക്കുന്ന വാർത്തകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്. അർജുനും മലൈകയും പിരിഞ്ഞു എന്നാണ് അഭ്യൂഹങ്ങൾ. ഇതിനിടെ അർജുൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കുശ കപിലയുമായി പ്രണയത്തിലാണെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ ഈ വാർത്ത കുശ നിഷേധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ബ്രേക്കപ്പ് സംബന്ധിച്ച് മറ്റ് ചില സൂചനകളാണ് പുറത്ത് വരുന്നത്. അർജുന്റെ സഹോദരിമാരായ അൻഷുള കപൂർ, ജാൻവി കപൂർ, ഖുശി കപൂർ എന്നിവരെയും പിതാവ് ബോണി കപൂറിനെയും മലൈക ഇൻസ്റ്റഗ്രാമിൽ അൺ ഫോളോ ചെയ്തിട്ടുണ്ട്. എന്താണ് ഇവർക്കിടയിൽ സംഭവിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. മലൈകയുടെ കാര്യത്തിൽ വിഷമം തോന്നുന്നെന്നാണ് പലരുടെയും കമന്റുകൾ.

അർജുനുമായുള്ള പ്രണയത്തിന്റെ പേരിൽ താരത്തിന് നേരിടേണ്ടി വന്ന സൈബറാക്രമണങ്ങൾ ചെറുതല്ല. എന്നിട്ടും ബന്ധം മുന്നോട്ട് പോയില്ലല്ലോ എന്നാണ് ആരാധകർ പറയുന്നത്. ചിലർ ഫിലിം മേക്കർ കരൺ ജോഹറിനെയും ചർച്ചകളിൽ വിഷയമാക്കി. കുശയെയും അർജുനെയും തമ്മിൽ അടുപ്പിച്ചത് കരൺ ആണ്. നമ്മൾ കരുതുന്നതിലും എത്രയോ മുമ്പേ ഇതൊക്കെ നടന്നിട്ടുണ്ട്, പിന്നിൽ നിന്ന് കുത്തുന്നവരാണ് ഇവരെല്ലാം എന്നും ഒരാൾ കമന്റ് ചെയ്തു.അതേസമയം വേർപരിയലിനെക്കുറിച്ച് അർജുനോ മലൈകയോ പ്രതികരിച്ചിട്ടില്ല.
നേരത്തെ ഇത്തരം ഗോസിപ്പുകൾക്കെതിരെ അർജുൻ കപൂർ രംഗത്ത് വരാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ നടൻ മൗനത്തിലാണ്. പ്രായത്തിന്റെ പേരിൽ വന്ന പരിഹാസങ്ങൾക്കെതിരെ നേരത്തെ മലൈകയും സംസാരിച്ചിട്ടുണ്ട്. കാലത്തിനനുസരിച്ച് പുരോഗമിക്കാൻ വിസമ്മതിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. പ്രായമുള്ള പുരുഷൻ ചെറുപ്പക്കാരിയെ പ്രണയിച്ചാൽ അത് വാഴ്ത്തപ്പെടും. എന്നാൽ സ്ത്രീക്കാണ് പ്രായമെങ്കിൽ അവളെ കിളവിയെന്ന് വിളിച്ച് പരിഹസിക്കുമെന്നും മലൈക ചൂണ്ടിക്കാട്ടി.
2017 ലാണ് മലൈകയും മുൻ ഭർത്താവ് അർബാസ് ഖാനും വേർപിരിയുന്നത്. 1998 ലാണ് ഇവർ വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ 18 വർഷത്തിന് ശേഷം ബന്ധം വേർപെടുത്താമെന്ന് രണ്ട് പേരും തീരുമാനിച്ചു. അർഹാൻ ഖാൻ എന്നാണ് മകന്റ പേര്. വേർപിരിഞ്ഞെങ്കിലും മകന്റെ കാര്യങ്ങൾക്ക് രണ്ട് പേരും ഒരുമിച്ചെത്താറുണ്ട്.
വേർപിരിയൽ ഏറെ ആലോചിച്ചെടുത്ത തീരുമാനം ആണെന്ന് മലൈക മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ. നടനും നിർമാതാവുമായ അർബാസ് മലയാളം സിനിമകളിൽ ഉൾപ്പെടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications