'ഐവിഎഫ് ചികിത്സ പലതവണ പരാജയപ്പെട്ടു, അവസാനത്തെ ശ്രമത്തിലാണ് മകൾ പിറന്നത്'; അപരിചിതനിലെ നായിക പറയുന്നു!
മെഗാസ്റ്റാർ മമ്മൂട്ടിയും കാവ്യാ മാധവനും മുഖ്യ വേഷത്തിലെത്തിയ ഹൊറർ ത്രില്ലർ ആയിരുന്നു അപരിചിതൻ. പതിവ് ഹൊറർ സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു അപരിചിതൻ. ശ്വാസം അടക്കി പിടിച്ച് കാണേണ്ട നിരവധി സന്ദർഭങ്ങൾ അടങ്ങിയ ത്രില്ലർ സിനിമ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. മമ്മൂട്ടിക്കും കാവ്യാ മാധവനും പുറമെ മന്യ, കാർത്തിക, വിനീത്, ജഗതി, മച്ചാൻ വർഗീസ്, സലീം കുമാർ തുടങ്ങി വലിയൊരു താരനിരയും സിനിമയുടെ ഭാഗമായിരുന്നു. മൂന്ന് പെൺകുട്ടികളും അവരുടെ കോളജ് ജീവിതവും അപ്രതീക്ഷിതമായി നടക്കുന്ന ചില സംഭവങ്ങളുമെല്ലാമാണ് ഹൊറർ കൂട്ടി കലർത്തി പ്രേക്ഷകരിലേക്ക് എത്തിച്ചത്.
രഘുറാം എന്ന വൈൽഡ് ഫോട്ടോഗ്രാഫറായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. സിനിമയിലെ പാട്ടുകളും വലിയ ഹിറ്റായിരുന്നു. സഞ്ജീവ് ശിവനാണ് 2004ൽ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത്. ചിത്രത്തിൽ പിന്നീട് പ്രേതമായി മാറുന്ന വെള്ളാരം കണ്ണുള്ള സുന്ദരിയായ കല്യാണി എന്ന ആദിവാസി കുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ച നടി മഹി വിജ് എന്ന പ്രശസ്തയായ ഹിന്ദി സീരിയൽ നടിയാണ്. ലാഗി തുജ്‌സെ ലഗൻ, ബാലിക വധു എന്നീ ഹിന്ദി സീരിയലുകളിൽ തിളങ്ങിയ താരത്തിന്റെ ആദ്യത്തെ അഭിനയ സംരംഭമായിരുന്നു അപരിചിതൻ എന്ന മലയാള ചിത്രം.

ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവൻ തന്നെയാണ്. രഘുറാം എന്ന കഥാപാത്രമായി എത്തുന്ന മമ്മൂട്ടി യാത്രക്കിടെ കണ്ടുമുട്ടിയ കാവ്യ മാധവൻ കഥാപാത്രം മീനുവിനോട് തന്റെ ജീവിത കഥ പറയുന്നതിനിടെയാണ് കല്യാണി എന്ന ആദിവാസി പെൺകുട്ടി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അവളെ അപായപ്പെടുത്തി കൊന്നവരോട് പകരം ചോദിക്കുവാൻ കല്യാണിയും രഘുറാമും പ്രേതങ്ങളായി എത്തുന്നു എന്നതാണ് കഥയുടെ ട്വിസ്റ്റ്. സിനിമയിൽ വളരെ കുറച്ച് സീനുകളിൽ മാത്രം വന്നുപോകുന്നു എങ്കിലും മഹിയുടെ മനോഹരമായ കണ്ണുകളും നിഷ്കളങ്കമായ അഭിനയവും അന്ന് ശ്രദ്ധ നേടിയിരുന്നു. കുയിൽ പാട്ടിൽ ഊഞ്ഞാലാടാം എന്ന പാട്ടും ആ വെള്ളാരൻ കണ്ണുള്ള സുന്ദരിയും വളരെ വേഗത്തിൽ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി. പതിനേഴാം വയസിൽ മോഡലിംഗ് രംഗത്ത് എത്തിയ മഹി ഒട്ടേറെ മ്യൂസിക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയിരുന്നു.

മമ്മൂട്ടി ചിത്രം അപരിചിതന് ശേഷം ഒട്ടേറെ സീരിയലുകളിൽ മഹി അഭിനയിച്ചു. എങ്കിലും ലാഗി തുജ്‌സെ ലഗൻ എന്ന സീരിയലിലെ നകുശ എന്ന കഥാപാത്രമാണ് മഹിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് എൻകൗണ്ടർ, ലാൽ ഇഷ്‌ക് എന്നീ സീരിയലുകൾക്ക് പുറമെ ഭർത്താവ് ജയ് ഭാനുശാലിക്കൊപ്പം ഒരു ഡാൻസ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു. മഹിയുടെ ഭർത്താവ് ജയ്യും ഹിന്ദിയിലെ തിരക്കേറിയ സീരിയൽ നടനാണ്. മഹി-ജയ് വിവാഹം ഹിന്ദി ടെലിവിഷൻ ഇൻഡസ്ട്രിയിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒരു താര വിവാഹമായിരുന്നു. 2011ൽ രണ്ടുപേരും വിവാഹം കഴിക്കുകയും പിന്നീട് ഇവർ രണ്ട് കുട്ടികളെ ദത്തെടുക്കുകയും ചെയ്തിരുന്നു. ശേഷം ഐവിഎഫ് ചികിത്സയിലൂടെ മഹിക്കും ജയ്ക്കും ഒരു പെൺകുഞ്ഞും പിറന്നിരുന്നു. താര എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. ഇപ്പോൾ മൂന്ന് കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ് മഹിയും ജയ്യും.
Recommended Video

ഐവിഎഫ് ചികിത്സയെ കുറിച്ചും ഗർഭകാലത്തെ കുറിച്ചും മഹി അടുത്തിടെ ഒരു ചാറ്റ് ഷോയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 'ഞങ്ങൾ ഒരു കുഞ്ഞിനായി പലതവണ ശ്രമിച്ചു. ഒന്നും ഫലം കണ്ടില്ല. അതിനാൽ ഞങ്ങൾ മനസമാധാനത്തിനും മറ്റുമായി യാത്രകൾ പോയി. ഞങ്ങൾ രണ്ടുപേരും യാത്ര ഇഷ്ടപ്പെടുന്നതിനാൽ ലണ്ടനിലേക്ക് പോകാൻ ഞങ്ങൾ പദ്ധതിയിട്ടു. താര ഞങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. അവളുടെ വരവ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. അവളൊരു ഐവിഎഫ് ചികിത്സയിലൂടെ പിറന്ന കുഞ്ഞാണ്. പലതവണ ഐവിഎഫ് പരാജയപ്പെട്ട വ്യക്തിയാണ് ഞാൻ. താരയ്ക്ക് വേണ്ടി നടത്തിയ ഐവിഎഫ് എന്റെ അവസാനത്തെ ശ്രമമായിരുന്നു. പ്രതീക്ഷ വളരെ കുറവായിരുന്നു അവളുടെ കാര്യത്തിൽ താര വരുന്നുവെന്ന് അറിഞ്ഞപ്പോൾ അമ്പലത്തിലേക്ക് ആണ് ആദ്യം ഓടിയത്' മഹിയും ജയ്യും പറഞ്ഞു.


Click it and Unblock the Notifications