ആദ്യ ഭാര്യയുടെ കരച്ചിൽ കണ്ടതാണ്; ഒരു സ്ത്രീയുടെ കണ്ണീർ വീഴ്ത്തിയിട്ട് വേണോ കുടുംബം? കുട്ടി പത്മിനി പറഞ്ഞത്
ഇന്ത്യൻ സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച ശ്രീദേവി. അഭിനയ മികവ് കൊണ്ടും വശ്യമായ സൗന്ദര്യം കൊണ്ടും ബിഗ് സ്ക്രീനിൽ വിസ്മയം സൃഷ്ടിച്ച താരം. ബാലതാരമായി സിനിമാ രംഗത്തേക്ക് വന്ന ശ്രീദേവി നായികയായപ്പോഴും വലിയ അവസരങ്ങൾ ലഭിച്ചു. ശ്രീദേവിയുടെ ജീവിത കാലത്തിന്റെ ഭൂരിഭാഗവും ക്യാമറയ്ക്ക് മുന്നിലായിരുന്നു. സിനിമാ ലോകത്തെ നിറപ്പകിട്ടിനപ്പുറം ശ്രീദേവിയുടെ ജീവിതം പല ഘട്ടങ്ങളിലൂടെ പോയിട്ടുണ്ട്. അധികമാരോടും തുറന്ന് സംസാരിക്കുന്നയാളായിരുന്നില്ല ശ്രീദേവി. പുറത്തേക്ക് കാണിക്കാത്ത ചില വിഷമങ്ങൾ ശ്രീദേവിക്കുണ്ടായിരുന്നു. നടൻ മിഥുൻ ചക്രബർത്തിയുമായുള്ള പ്രണയ ബന്ധം തകർന്നത് നടിയെ ഏറെ വിഷമിപ്പിച്ചിരുന്നു.
പിന്നീടാണ് നിർമാതാവ് ബോണി കപൂറിനെ ശ്രീദേവി വിവാഹം ചെയ്യുന്നത്. ശ്രീദേവിയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബാലതാരങ്ങളായിരുന്നപ്പോൾ കുട്ടി പത്മിനിയും ശ്രീദേവിയും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മുതിർന്നപ്പോഴും ഈ സൗഹൃദമുണ്ടായിരുന്നു. ശ്രീദേവിയും മിഥിൻ ചക്രവർത്തിയുമായുള്ള ബന്ധം തകർന്നതിനെക്കുറിച്ച് ഒരിക്കൽ കുട്ടി പത്മിനി തുറന്ന് സംസാരിച്ചിട്ടുണ്ട്.

ശ്രീദേവിക്ക് മിഥുൻ ചക്രവർത്തിയോട് വല്ലാത്ത പ്രണയം തോന്നി. ആ സമയത്ത് എന്റെ ചേച്ചി രേഖയുടെ സഹോദരനെ വിവാഹം ചെയ്തിട്ടുണ്ട്. മുംബെെയിലായിരുന്നു അവർ. യോഗിത ബാലിയാണ് മിഥുൻ ചക്രബർത്തിയുടെ ഭാര്യ. അവർ പുഷ്പവല്ലിയക്കയുടെ (രേഖയുടെ അമ്മ) മദ്രാസിലെ വീട്ടിൽ വന്ന് വല്ലാതെ കരഞ്ഞു. നിങ്ങൾ ഇവളെ വീട്ടിലേക്ക് കൊണ്ട് പോകൂ, രാവിലെ മുതൽ കരച്ചിലാണെന്ന് പുഷ്പവല്ലിയക്ക ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ ടീ നഗറിലെ വീട്ടിലേക്ക് അവരെ കൊണ്ട് വന്നു.
ഞങ്ങൾ സമാധാനിപ്പിച്ചു. ഭക്ഷണം കൊടുത്തിട്ട് വേണ്ടെന്ന് പറഞ്ഞു. അവരും ഒരു ബംഗാളി നടിയാണ്. നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. രേഖയെ പോലെയാണ് കാണാൻ. മിഥുൻ സാറെ വിവാഹം ചെയ്ത ശേഷം അഭിനയം രംഗത്ത് നിന്ന് മാറിയതാണ്. അദ്ദേഹത്തിന് വേണ്ടി എന്റെ അച്ഛനെയും അമ്മയെയും വിട്ടു. കരിയറും വിട്ടു. എല്ലാം ഉപേക്ഷിച്ചാണ് അവരെ വിവാഹം ചെയ്തത്. ഇപ്പോൾ എനിക്ക് കുഞ്ഞുമുണ്ട്. ഈ സമയത്താണ് ശ്രീദേവി അദ്ദേഹത്തെ വിവാഹം ചെയ്യുന്നത്, എനിക്കൊന്നും മനസിലാകുന്നില്ല, ജീവിതമെന്താകുമെന്ന് അറിയില്ലെന്ന് പറഞ്ഞു. കണ്ടാൽ പാവം തോന്നും. ഒരിക്കൽ അവർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതുമാണ്.

ഇതിനിടെ തന്നെ വിവാഹം ചെയ്തേ പറ്റൂ എന്ന് മിഥുൻ ചക്രബർത്തിയോട് ശ്രീദേവി തറപ്പിച്ച് പറഞ്ഞു. രണ്ട് പേരും രഹസ്യ വിവാഹം ചെയ്തെന്ന് കേട്ടിട്ടുണ്ട്. അതെനിക്ക് അറിയില്ല, ശ്രീദേവിയുടെ അമ്മ പറഞ്ഞത് മിഥുനിൽ നിന്നും മകളെ പിരിക്കാൻ പറ്റാതായപ്പോൾ മിഥുൻ വിവാഹമോചിതനായി വന്നാൽ സമ്മതിക്കാമെന്നാണ്. ശ്രീദേവിക്ക് സന്തോഷമായി. കാരണം അമ്മയെ എതിർത്ത് എന്തെങ്കിലും ചെയ്യുന്ന ആളല്ല ശ്രീദേവി. വിവാഹമോചിതനാകണമെന്ന് ശ്രീദേവി മിഥുനോട് പറഞ്ഞപ്പോൾ മക്കളുണ്ട്, പിരിയാൻ പറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ വന്നു. ഒരുമിച്ച് കാണുന്നതും അഭിനയിക്കുന്നതും നിർത്തി.
ഇതിനിടെയാണ് ശ്രീദേവി അനിൽ കപൂറിനൊപ്പം നിരവധി സിനിമകൾ ചെയ്യുന്നത്. ബോണി കപൂറിനിടെ ഷൂട്ടിംഗിനിടെ കാണാൻ തുടങ്ങി. ചാന്ദ്നി എന്ന സിനിമയ്ക്ക് ശേഷം ശ്രീദേവി ഹിന്ദിയിലെ താരമായി. തമിഴകത്തേക്ക് തിരിഞ്ഞ് നോക്കാനായില്ല. അമ്മയുടെ മരണ ശേഷം ശ്രീദേവിയുടെ ആശ്രയമായി ബോണി കപൂർ മാറി. വിവാഹം ചെയ്യാൻ തീരുമാനിച്ചപ്പോൾ ശ്രീദേവിയുടെ കുടുംബത്തിലെ എല്ലാവരും എതിർത്തു. ആര് പറഞ്ഞതും കേൾക്കാതെ ഞാൻ അദ്ദേഹത്തെയേ വിവാഹം ചെയ്യൂ എന്ന് ശ്രീദേവി വ്യക്തമാക്കി. ബോണി കപൂറിനോട് ആദ്യ ഭാര്യയുമായി പിരിയാൻ ശ്രീദേവി ആവശ്യപ്പെട്ടു. അത് അക്കാലത്ത് വലിയ ചർച്ചയായിരുന്നെന്നും കുട്ടി പത്മിനി ഓർത്തു.
അക്കാലത്ത് താൻ ശ്രീദേവിയെ കണ്ടപ്പോൾ ഇക്കാര്യം ചോദിച്ചിരുന്നെന്നും കുട്ടി പത്മിനി തുറന്ന് പറയുകയുണ്ടായി. നീ കല്യാണം കഴിഞ്ഞൊരാളെ വിവാഹം ചെയ്യുന്നെന്ന് കേട്ടു, ഇതൊക്കെ ആവശ്യമാണോ ശ്രീ, നീ വിചാരിച്ചാൽ ലോകമേ നിന്റെ കാലടിയിലായിരിക്കും, എത്ര പേർ നിന്നെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്, നീ എന്തിനിങ്ങനെ ചെയ്യുന്നു എന്ന് ഞാൻ ചോദിച്ചു. നിങ്ങൾക്കത് മനസിലാകില്ല, എന്റെ സ്ഥാനത്താണെങ്കിലേ മനസിലാകൂ എന്ന് പറഞ്ഞു.
ആര് ഏതിടത്തിലായാലെന്താണ് ശ്രീ ഇത് തെറ്റല്ലേ, ഒരാളുടെ കണ്ണീർ വീഴ്ത്തിയിട്ട് നിനക്ക് നിന്റെ വീട്ടിലെ വിളക്ക് കൊളുത്താൻ പറ്റുമോ എന്ന് ഞാൻ ചോദിച്ചു. അത് കേട്ടതോടെ ശ്രീദേവിക്ക് ദേഷ്യം വന്നു. ഫ്ലെെറ്റിൽ നിന്ന് ഇറങ്ങി പോകുമ്പോൾ ഒരു ബെെ മാത്രം പറഞ്ഞു. അതിന് ശേഷം പലയിടത്ത് വെച്ച് ശ്രീദേവിയെ കണ്ടപ്പോഴും ഒരു ചിരി മാത്രമേയുണ്ടാകൂ. കുറേക്കാലത്തിന് ശേഷം ശ്രീവേദി തന്നോട് സംസാരിച്ചതിനെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു. മാരിയറ്റ് ഹോട്ടലിൽ ഞാനും പ്രഭുവും (മുൻ ഭർത്താവ്) രണ്ട് മക്കളും ലഞ്ചിന് പോയപ്പോൾ ശ്രീദേവി അവളുടെ മക്കൾക്കൊപ്പം അവിടെ വന്നിരുന്നു. ഹായ് പപ്പി, എങ്ങനെയിരിക്കുന്നു എന്ന് ചോദിച്ചു. പഴയ കാര്യം ശ്രീദേവി മറന്നതാണെന്ന് തോന്നുന്നു.
മക്കളെ എനിക്ക് പരിചയപ്പെടുത്തി. ഞാനും എന്റെ മക്കളെ അവൾക്ക് പരിചയപ്പെടുത്തി. ചെന്നെെയിൽ ചിരിച്ച മുഖത്തോടെ ഞങ്ങൾ അവസാനമായി സംസാരിച്ചത് അന്നാണ്. പല കല്യാണങ്ങൾക്ക് കണ്ടിരുന്നെങ്കിലും അകൽച്ച കാണിച്ചു. ഒരു ചിരി മാത്രം. ബോണി കപൂറിന്റെ ആദ്യ ഭാര്യക്ക് കാൻസർ ബാധിച്ചു. അപ്പോൾ പോലും ഹോസ്പിറ്റലിലേക്ക് പോകാൻ ബോണി കപൂറിനെ ശ്രീദേവി സമ്മതിച്ചില്ലെന്ന് വാർത്തകൾ വന്നിരുന്നു. മരിച്ച ശേഷം ബോണി കപൂർ പോയി. എന്നാൽ ബോണി കപൂറിന്റെ സഹോദരൻ അനിൽ കപൂറിന്റെ കുടുംബം ശ്രീദേവിയോട് അടുപ്പം കാണിച്ചിരുന്നെന്നും കുട്ടി പത്മിനി പറഞ്ഞു.
സൗന്ദര്യം നിലനിർത്താൻ ശ്രീദേവി ഒരുപാട് പ്ലാസ്റ്റിക് സർജറികൾ ചെയ്തിട്ടുണ്ടെന്നും കുട്ടി പത്മിനി അന്ന് പറഞ്ഞു. ഇൻസെക്യൂരിറ്റി കൂടുതലുള്ള ആളായിരുന്നു ശ്രീദേവി. ലണ്ടനിൽ വെച്ച് ശ്രീദേവി ഒരുപാട് പ്ലാസ്റ്റിക് സർജറികൾ ചെയ്തിട്ടുണ്ടെന്ന് നടിയുടെ അടുത്ത ബന്ധു എന്നോട് പറഞ്ഞിട്ടുണ്ടെന്നും കുട്ടി പത്മിനി അന്ന് വെളിപ്പെടുത്തി.
കടുത്ത ഡയറ്റിംഗായിരുന്നു. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലെ അഭിനയം കണ്ട് ഞാൻ അത്ഭുതപ്പെട്ടു. അത്രയും നല്ല പെർഫോമൻസായിരുന്നെന്നും കുട്ടി പത്മിനി ഓർത്തു. 2018 ലാണ് ശ്രീദേവി മരിച്ചത്. ദുബായിലെ ഹോട്ടൽമുറിയിൽ ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു. ബന്ധുവിന്റെ വിവാഹത്തിന് ദുബായിൽ എത്തിയതായിരുന്നു ശ്രീദേവി. മരിക്കുമ്പോൾ ശ്രീദേവിയുടെ പ്രായം 54 ആണ്. മരണ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു. കൊലപാതകാണെന്ന് വരെ അക്കാലത്ത് ആരോപണം വന്നിരുന്നു. എന്നാൽ പിന്നീട് ഈ വാദങ്ങൾ കെട്ടടങ്ങി. ശ്രീദേവിയെക്കുറിച്ചുള്ള ഓർമകൾ സഹപ്രവർത്തകർ പങ്കുവെക്കാറുണ്ട്. ബോണി കപൂറും അഭിമുഖങ്ങളിൽ ശ്രീദേവിയെക്കുറിച്ച് സംസാരിക്കാറുണ്ട്. ശ്രീദേവിയുടെ കടുത്ത ഡയറ്റിംഗ് നടിയുടെ ആരോഗ്യത്തെ ബാധിച്ചിരുന്നെന്ന് ബോണി കപൂർ ഒരിക്കൽ പറയുകയുണ്ടായി.


Click it and Unblock the Notifications











