'വിവാഹ നിശ്ചയം കഴിഞ്ഞു, ഇപ്പോൾ ഒരുമിച്ച് താമസിക്കുന്നു'; മോഹൻലാലിന്റെ നായിക കൈനത്ത് അറോറയുടെ വിശേഷം!
കൈനത്ത് അറോറയെ ഓർക്കുന്നുണ്ടോ? പേര് കേട്ടാൽ ചിലപ്പോൾ മനസിലായെന്ന് വരില്ല. ലൈല എന്ന് പറഞ്ഞാലായിരിക്കും മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ഈ മുഖം എളുപ്പത്തിൽ തെളിയുക. 2015 -ലെ മോഹൻലാൽ ചിത്രം 'ലൈ ഓ ലൈല'യിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് ലൈല. ഈ ഒരൊറ്റ വേഷം കൊണ്ട് കേരള മനസിൽ കയറിക്കൂടിയ താരമാണ് ബോളിവുഡ് നടി കൈനത്ത് അറോറയും. ഗ്രാന്റ് മസ്തി എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച കൈനത്ത് അറോറ ലൈല ഓ ലൈലയിലെ പ്രകടനത്തിന് ഏറെ കയ്യടി നേടുകയുണ്ടായി.
ചിത്രം തീയേറ്ററുകളിൽ നിറംകെട്ടെങ്കിലും ലൈല ആരാധകരുടെ മനസ് കീഴടക്കി. മങ്കാത്ത, കട്ട മീത്ത തുടങ്ങിയ സിനിമകളിലും കൈനത്ത് അറോറ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി കൈനത്ത് അറോറയെ കാണ്മാനില്ലെന്ന പരിഭവമാണ് സിനിമാലോകത്ത് മുഴങ്ങിയത്. ഒരു സുപ്രഭാതത്തിൽ താരം മുഖ്യധാരയിൽ നിന്നും അപ്രത്യക്ഷമായി. ഇതിന് പിന്നിലെ കാരണം അന്വേഷിച്ച് ആരാധകരും പാപ്പരാസികളും ഒരുപോലെ രംഗത്തുണ്ട്. എന്തായാലും അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുന്നു. വിശേഷങ്ങളുമായി കൈനത്ത് അറോറ ക്യാമറയ്ക്ക് മുന്നിൽ തിരിച്ചുവരികയാണ്.

ഇത്രയും കാലം എവിടെപ്പോയി? താരം പ്രധാനമായും നേരിടുന്ന ചോദ്യമിതാണ്. എന്തായാലും ആശങ്കപ്പെടാനൊന്നുമില്ല. പ്രാദേശികമായ ചില പരിപാടികളുടെ തിരക്കിൽ അകപ്പെട്ടുപോയതുകൊണ്ടാണ് ആരാധകരെ കാണാൻ കഴിയതായിരുന്നതെന്ന് കൈനത്ത് അറോറ വിശദീകരിക്കുന്നു. ഉത്തർപ്രദേശിലെ പഞ്ചാബി കുടുംബത്തിലാണ് കൈനത്ത് അറോറ ജനിച്ചത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക് സിനിമകളിലും കൈനത്ത് അറോറ അഭിനയിച്ചിട്ടുണ്ട്. ദിവ്യാ ഭാരതിയുടെ ബന്ധു കൂടിയാണ് കൈനത്ത് അറോറ. നിലവിൽ രാജു ഛദ്ദ, ദീപക് തിജോരി എന്നിവർക്കൊപ്പം മുംബൈയിലെ മാഡ് ഐലൻഡിൽ പുതിയ സിനിമയുടെ ചിത്രീകരണ തിരക്കിലാണ് കൈനത്ത് അറോറ. ടിപ്സി എന്നാണ് ചിത്രത്തിന്റെ പേര്. സാഹസീകതയും ത്രില്ലറുമെല്ലാം സമം ചേർന്ന സിനിമയാണ് ടിപ്സിയെന്നും കൈനത്ത് സൂചിപ്പിക്കുന്നുണ്ട്.

ഇതിനിടെ സ്വന്തം വിവാഹ നിശ്ചയം കഴിഞ്ഞതായും കൈനത്ത് ഇടൈസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. പാഴ്‌സി വിഭാ ഗത്തിൽപ്പെടുന്ന നവീലുമായിട്ടാണ് വിവാഹനിശ്ചയം കഴിഞ്ഞതെന്നും ഇപ്പോൾ തങ്ങൾ ഒരുമിച്ച് താമസിക്കുകയാണെന്നും കൈനത്ത് പറയുന്നു. അടുത്തിടെ കൈനത്തിന്റെ രഹസ്യ വിവാഹം കഴിഞ്ഞെന്നും ശേഷം ഒത്തുപോകാൻ സാധിക്കാത്തതിനാൽ ഇരുവരും പിരിഞ്ഞെന്നും വാർത്തകളുണ്ടായിരുന്നു. ഈ വാർത്തകൾ കൈനത്ത് നിരസിച്ചിട്ടുണ്ട്. 'ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞു. ഇത് മനോഹരമായ ആരോഗ്യകരമായ ബന്ധമാണ്', കൈനത്ത് അറോറ വ്യക്തമാക്കുന്നു. അർജുൻ രാംപാലിനെ നായകനാക്കി രാജു ഛദ്ദ വീണ്ടും നിർമ്മിക്കുന്ന ഒരു സിനിമക്കായി കരാർ ഒപ്പിട്ടതാണ് താരത്തിന്റെ മറ്റൊരു വിശേഷം.

ഷിറാസ് ഭട്ടാചാര്യയാണ് സംവിധാനം ചെയ്യുന്നത്. സുരാഗ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംങ് സെപ്തംബറിൽ ആരംഭിക്കും. ലണ്ടനാണ് ലൊക്കേഷൻ. ജയപ്രദയും ഹിറ്റെൻ തേജ്വാനിയും അഭിനയിക്കുന്ന ഫാത്തിമ എന്ന വെബ് സീരിസിലും കൈറത്ത് അറോറ പങ്കെടുക്കുന്നുണ്ട്. സഞ്ജീവ് റായിയാണ് ഫാത്തിമ സംവിധാനം ചെയ്യുന്നത്. എന്തായാലും ലൈലയെന്ന കഥാപാത്രത്തിന് ശേഷം മലയാളത്തിൽ രണ്ടാമതൊരു തിരിച്ചുവരവ് കൈറത്ത് അറോറയ്ക്ക് ഉണ്ടായിട്ടില്ല. 2015ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായിരുന്നു ലൈല ഓ ലൈല. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുത്തിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. നായക വേഷത്തിൽ മോഹൻലാൽ എത്തിയപ്പോൾ അമല പോൾ നായികയായി. ജോഷിയാണ് സംവിധാനം.

ഫൈൻകട്ട് എന്റർടൈൻമെന്റ്സ്, ആശിർവാദ് സിനിമാസ് എന്നിവർ സംയുക്തമായി ചിത്രം നിർമിച്ചു. ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം മാക്സ് ലാബ് എന്റർടൈൻമെന്റ്സ് ആണ് പ്രദർശനത്തിന് എത്തിച്ചത്. സിനിമ തിയേറ്ററിൽ വലിയ പ്രകടനം കാഴ്ചവെക്കാതെ പോയി. ഡെക്കാൻ എക്സ്പോർട്ട് കമ്പനിയിലെ ജീവനക്കാരനായ ജയ്മോഹനായിട്ടാണ് മോഹൻലാൽ അഭിനയിച്ചത്. അമലപോൾ ഭാര്യയായ അഞ്ജലിയായി വേഷമിട്ടു. സ്വന്തം ഭാര്യയായ തന്നെപ്പോലും ശ്രദ്ധിക്കാനാവത്തവിധം എന്തുജോലിയാണ് കമ്പനിയിലുള്ളതെന്ന് അഞ്ജലി മേനോൻ ഒരിക്കൽ മോഹൻലാൽ കഥാപാത്രത്തോട് ചോദിക്കുന്നുണ്ട്.

തുടർന്ന് ഇരുവരും പിണക്കത്തിലാവുന്നത്തോടെ തന്റെ ജോലിയുടെ രഹസ്യം ഭാര്യയോട് പറയുവാൻ ജയ്മോഹൻ നിർബന്ധിതനാവുന്നു. അയാളുടെ കമ്പനി എക്സ്പോർട്ട് കമ്പനിയല്ല മറിച്ച് ഒരു ഇൻവെസ്റ്റിഗെഷൻ കമ്പനിയാണ്. തുടർന്നങ്ങോട്ട് ഇരുവരും ചേർന്ന് ഒരു ഭീകരാക്രമണത്തെ തടയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോഹൻലാലിനും അമലപോളിനും പുറമെ സത്യരാജ്, രമ്യാ നമ്പീശൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications