'മകൾ കൈവിട്ടു പോവുമെന്ന് ഭയന്ന് വൈൻ നൽകിയത് അമ്മ; പിൽക്കാലത്ത് ശ്രീദേവിയുടെ ജീവിതത്തിൽ സംഭവിച്ചത്'
ഇന്ത്യൻ സിനിമയിലെ അനശ്വര നായികയാണ് അന്തരിച്ച ശ്രീദേവി. അഭിനയ മികവും വശ്യമായ സൗന്ദര്യവും ഒരുപോലെ ഒത്തു വന്ന ശ്രീദേവി ബിഗ് സ്ക്രീനിൽ സൃഷ്ടിച്ച തരംഗം ചെറുതല്ല. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം ശ്രീദേവി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്കിൽ തുടരെ സിനിമകളിൽ അഭിനയിച്ച് വരികെയാണ് ഹിന്ദിയിലേക്ക് നടി ചേക്കേറുന്നത്. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം.
വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്ന് ദുബായ് പൊലീസ് അന്ന് വ്യക്തമാക്കിയിരുന്നു. വീഴ്ചയിൽ ശ്രീദേവിയുടെ തലയ്ക്കും പരിക്കേറ്റിരുന്നു. ശ്രീദേവി മദ്യപിച്ചിരുന്നെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മരണം അന്ന് വലിയ കോളിളക്കമുണ്ടാക്കി. മരണത്തിൽ അഭ്യൂഹമുണ്ടെന്ന് വരെ ആരോപണം വന്നു. ശ്രീദേവി സ്ഥിരം മദ്യപാനിയായിരുന്നെന്ന് അന്ന് ബി ടൗൺ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.

ശ്രീദേവിയെക്കുറിച്ച് പഴയ കാല നടി കുട്ടി പദ്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീദേവിയെ ഇത്തരം ശീലങ്ങളിലേക്ക് അടുപ്പിച്ചത് അമ്മയാണെന്ന് കുട്ടി പദ്മിനി പറയുന്നു. ശ്രീദേവി തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിരുന്ന കാലത്ത് കുട്ടി പത്മിനിയും നടിയും സുഹൃത്തുക്കളായിരുന്നു. ഈ ഓർമ്മയാണ് പദ്മിനി പങ്കുവെച്ചത്.
'ശ്രീദേവി വളരെ പ്രശസ്തയായപ്പോൾ മകൾ തന്റെ കൈയിൽ നിന്ന് പോവുമോ എന്ന് അമ്മ ഭയന്നു. അന്നൊക്കെ ആറ് മണിക്ക് ഷൂട്ടിംഗ് കഴിയും ആറ് മണിക്ക് ശേഷം നീ പുറത്തേക്ക് പോവരുത്, നീ കുറച്ച് വൈൻ കുടിച്ച് ഉറങ്ങിക്കോ എന്ന് പറഞ്ഞ് അവളെ ശീലിപ്പിച്ചു. പെറ്റമ്മ ചെയ്ത തെറ്റ് തന്നെയാണത്. പിൽക്കാലത്ത് വൈൻ അവളുടെ ജീവിതത്തിൽ അത്യാവശ്യമായി,' കുട്ടി പദ്മിനി പറഞ്ഞു.

തെന്നിന്ത്യൻ സിനിമകളിൽ തുടരെ അഭിനയിക്കുന്ന കാലത്ത് ശ്രീദേവിക്ക് ഒരുപാട് ഇൻസെക്യൂരിറ്റികൾ ഉണ്ടായിരുന്നെന്നും കുട്ടിപദ്മിനി ഓർത്തു. താൻ അഭിനയിക്കുന്ന സിനിമകളിൽ മറ്റൊരു നടി തന്നേക്കാൾ മുകളിൽ വരരുതെന്ന് ശ്രീദേവിക്കുണ്ടായിരുന്നു. ജയപ്രദയും ശ്രീദേവിയും അക്കാലത്ത് പരസ്പരം സംസാരിച്ചത് പോലുമില്ല. ശ്രീദേവിയുടെ ആദ്യ ഹിന്ദി സിനിമ പരാജയമായിരുന്നു. എന്നാൽ ജയപ്രദയുടെ സർഗം എന്ന സിനിമ സൂപ്പർ ഹിറ്റായി. ശ്രീദേവിയെ അത് നിരാശപ്പെടുത്തി. ശ്രീദേവിയുടെ അടുത്ത ഹിന്ദി സിനിമ ഹിമ്മത്വാലയായിരുന്നു.
ആ സിനിമ വൻ ഹിറ്റായി. വിജയത്തിന് ശേഷം മാധ്യമങ്ങൾ ശ്രീദേവിയുടെ സിനിമകൾ നല്ല രീതിയിൽ ഓടുന്നു ഇതേപറ്റി നിങ്ങൾ എന്ത് കരുതുന്നു എന്ന് ജയപ്രദയോട് ചോദിച്ചു. ശ്രീദേവിയുടെ മൂക്ക് കാരണമാണ് ആ സിനിമ ഓടിയതെന്ന് ജയപ്രദ പറഞ്ഞു. ആ സമയത്താണ് ശ്രീദേവി തന്റെ മൂക്കിന്റെ ഷെയ്പ്പ് ശരിയാക്കിയിരിക്കുന്നത്. അത് മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ അവർക്കിടയിൽ വീണ്ടുമൊരു തർക്കം വന്നെന്നും കുട്ടി പദ്മിനി ഓർത്തു.
മം ആണ് ശ്രീദേവി ഒടുവിൽ അഭിനയിച്ച സിനിമ. ഈ സിനിമയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശ്രീദേവിക്ക് ലഭിച്ചിരുന്നു. എന്നാൽ പുരസ്കാരം പ്രഖ്യാപിക്കുന്നത് ശ്രീദേവിയുടെ മരണ ശേഷമാണ്. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് സിനിമാ രംഗത്തെ മുൻനിര നായികയാണ്.
ഇളയ മകൾ ഖുശി കപൂറും സിനിമയിലേക്ക് കടക്കാനിരിക്കുന്നു. ശ്രീദേവിയുടെ മരണത്തിൽ ഇന്നും ദുരൂഹതയുണ്ടെന്ന് പറയുന്നവരുണ്ട്. കരിയറിൽ ഗോസിപ്പുകൾ തുടരെ ശ്രീദേവിയെ തേടി വന്നിരുന്നു. സിനിമാ ലോകത്തിന്റെ ഈ മോശം വശം കാരണം മകൾ ജാൻവി സിനിമാ രംഗത്തേക്ക് വരുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രീദേവി ശ്രമിച്ചത്.


Click it and Unblock the Notifications