സാധാരണ പയ്യൻ; സൂരജ് നമ്പ്യാരുമായി പ്രണയത്തിലായതിങ്ങനെ; കുട്ടികളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും നടി
സീരിയൽ രംഗത്ത് നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന് വിജയം കൈവരിക്കുകയെന്നത് ശ്രമകരമാണ്. പ്രത്യേകിച്ചും ബോളിവുഡിൽ ഈ ശ്രമം പാഴായവർ നിരവധിയാണ്. എന്നാൽ സീരിയലുകളിലൂടെ ജനപ്രീതി നേടി പിന്നീട് ബോളിവുഡ് സിനിമകളിലും സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞ നടിയാണ് മൗനി റോയ്. മഹാദേവ്, നാഗിൻ എന്നീ സീരിയലുകളിലൂടെ വൻ ആരാധക വൃന്ദമാണ് മൗനിയുണ്ടാക്കിയത്.
ഈ സീരിയലുകൾ മലയാളത്തിലേക്കുൾപ്പെടെ മൊഴി മാറ്റി എത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ മലയാളികൾക്കും മൗനി സുപരിചിതയാണ്. ഇക്കാലയളവിനിടെ മൗനി റോയുടെ വ്യക്തി ജീവിതത്തിലുണ്ടായ മാറ്റങ്ങളും ആരാധകർ കണ്ടതാണ്. കഴിഞ്ഞ വർഷം ജനുവരിയിലാണ് മൗനി വിവാഹിതയായത്. ബിസിനസുകാരനായ സൂരജ് നമ്പ്യാറിനെയാണ് മൗനി റോയ് വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. പ്രണയ കാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ മൗനി റോയ്.

താൻ വളരെ റൊമാന്റികായ ആളാണെന്ന് മൗനി പറയുന്നു. കത്തുകളെഴുന്നതും ഫോണിലൂടെ ദീർഘനേരം സംസാരിക്കുന്നതും റൊമാന്റിക്കാണ്. അഞ്ച് വർഷത്തോളമായി സൂരജിനും എനിക്കും പരസ്പരം അറിയാം. സ്വാഭാവികമായാണ് പ്രണയത്തിലായത്. സാധാരണ പയ്യൻ ഒരു പെൺകുട്ടിയെ കണ്ട് മുട്ടുന്നത് പോലെയായിരുന്നു അതെന്നും മൗനി ഓർത്തു. ബന്ധങ്ങൾ വിജയിക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മൗനി റോയ് സംസാരിച്ചു.
ആദ്യം നമ്മൾ സ്വയം സ്നേഹിക്കേണ്ടതുണ്ട്. നമ്മൾ സ്വയം സ്നേഹിച്ചില്ലെങ്കിൽ പങ്കാളിയെ സ്നേഹിക്കാൻ പറ്റില്ല. പരസ്പരം ക്ഷമ കാണിക്കണമെന്നും ഞാൻ കരുതുന്നു. ഒരുപാട് ഓപ്ഷനുകൾ ഉള്ളതിനാൽ ഒരു അവസരം കൂടി ആരും നൽകുന്നില്ല. ബന്ധം മനസിലാക്കേണ്ടതുണ്ട്. വികാരങ്ങളോട് സത്യസന്ധത കാണിക്കലും ഒപ്പം പരസ്പരമുള്ള ബഹുമാനവും പ്രധാനമാണെന്നും മൗനി റോയ് ചൂണ്ടിക്കാട്ടി.

അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ കുടുംബ ജീവിതത്തെക്കുറിച്ച് മൗനി സംസാരിച്ചിരുന്നു. അമ്മയാകുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നാണ് മൗനി അന്ന് വ്യക്തമാക്കിയത്. കരിയറിൽ തിരക്കുകളുണ്ട്. കരിയറിലേക്ക് ശ്രദ്ധ നൽകാനാണ് ഭർത്താവും ആഗ്രഹിക്കുന്നത്.
അതിനാൽ കുട്ടികളെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നാണ് അന്ന് മൗനി റോയ് വ്യക്തമാക്കിയത്. തന്റെ കുടുംബമോ ഭർത്താവിന്റെ കുടുംബമോ കുട്ടികൾക്ക് വേണ്ടി സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും കരിയറിനാണ് അവർ പിന്തുണ നൽകുന്നതെന്നും അന്ന് മൗനി റോയ് തുറന്ന് പറഞ്ഞു. 2019 ലാണ് മൗനിയും സൂരജ് നമ്പ്യാര്യം പ്രണയത്തിലാകുന്നത്. വിവാഹചിത്രങ്ങൾ വൈറലായിരുന്നു.
ദുബായിലാണ് സൂരജ് നമ്പ്യാരും കുടുംബവും താമസിക്കുന്നത്. മൗനി റോയുടെ സിനിമാ കരിയറിന് സൂരജ് വലിയ പിന്തുണ നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് മൗനി. കുറച്ച് നാളുകളായി മൗനി പങ്കുവെക്കുന്ന ഫോട്ടോകൾക്ക് നേരെ വിമർശനങ്ങൾ വരാറുണ്ട്. ഫിറ്റ്നെസിനും ഡയറ്റിനും വലിയ ശ്രദ്ധ നൽകുന്ന താരമാണ് മൗനി. എന്നാൽ ഡയറ്റിംഗ് അധികമായത് കാരണം മൗനി വല്ലാതെ മെലിഞ്ഞു എന്നാണ് ഫോട്ടോകൾക്ക് വരാറുള്ള കമന്റ്.
എന്നാൽ ഇത്തരം അധിക്ഷേപങ്ങളോട് മൗനി ഇതുവരെ പ്രതികരിച്ചിട്ടില്ല. നടിയുടെ പ്ലാസ്റ്റിക് സർജറിയും നേരത്തെ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. ടെലിവിഷനിൽ അവതാരകയായി പ്രവർത്തിക്കുന്ന കാലത്തെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മുഖത്ത് നടി ഒന്നിലേറെ കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി. അതേസമയം ഇത്തരം കുറ്റപ്പെടുത്തലുകൾക്കെതിരെ മൗനി റോയുടെ ആരാധകരും രംഗത്തെത്തി.


Click it and Unblock the Notifications