അനുഷ്‌കയെ പരിഹസിച്ച് മൃണാൾ വീണ്ടും വിവാദത്തിൽ: നടി മര്യാദ പഠിക്കണമെന്ന് റെഡിറ്റ് പ്രേക്ഷകർ
സീത രാമം എന്ന റൊമാന്റിക് ഡ്രാമയിൽ ദുൽഖർ സൽമാന്റെ നായികയായി തെലുങ്ക് സിനിമയിൽ അരങ്ങേറിയ മൃണാൾ താക്കൂറിന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. എന്നാൽ അടുത്ത കാലത്തായി മൃണാൾ വാർത്തകളിൽ നിറയുന്നത് അത്ര സുഖകരമായ വിഷയങ്ങൾ കാരണമല്ല. കുറച്ചു നാളുകൾക്ക് മുൻപ്, ബോളിവുഡ് താരം ബിപാഷ ബസുവിനെ ബോഡിഷെയിം ചെയ്യുന്ന പഴയൊരു വീഡിയോ വൈറലായതിനെ തുടർന്ന്, ഹേയ് നാന താരം ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോൾ, അനുഷ്‍ക ശർമ്മയെ പരിഹസിക്കുന്ന മൃണാലിന്റെ മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.
ഏറ്റവും പുതിയതായി, റെഡ്ഡിറ്റിൽ മൃണാൾ താക്കൂറിന്റെ മറ്റൊരു പഴയ വീഡിയോ വൈറലാവുകയാണ്. ഈ ക്ലിപ്പിൽ, 'അവരിപ്പോൾ ജോലി ചെയ്യുന്നില്ല' എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു നടിയെക്കുറിച്ച് ചെറിയ പരിഹാസത്തോടെ അവർ സംസാരിക്കുന്നത് കാണാം. ഒരു സൂപ്പർ താര ചിത്രത്തിൽ ആദ്യം നായികയാവാൻ അവസരം കിട്ടിയിട്ടും ആ അവസരം ഒടുവിൽ മറ്റൊരു നടിക്ക് സ്വന്തമായതിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് മൃണാൾ ഇങ്ങനെ പ്രതികരിച്ചത്.

ആ വീഡിയോയിൽ, താൻ ഒരു സമയത്ത് സിനിമകളിൽ അഭിനയിക്കാൻ തയ്യാറായിരുന്നില്ല എന്ന കാരണം കൊണ്ട് അവ നിരസിച്ചതിനെ കുറിച്ച് മൃണാൾ താക്കൂർ തുറന്നുപറഞ്ഞു. "ഒരുപാട് സിനിമകൾ ഞാൻ വേണ്ടെന്ന് വച്ചിരുന്നു. ഞാൻ തയ്യാറല്ലാത്തതിനാൽ ഞാൻ വേണ്ട എന്ന് പറഞ്ഞു, സത്യസന്ധമായി. വിവാദങ്ങൾ ഉണ്ടായേക്കാം. പക്ഷെ ആ സിനിമ സൂപ്പർ ഹിറ്റായി മാറി. അതിലെ നായികയെ അത് വലിയ ഉയരങ്ങളിൽ എത്താൻ ഏറെ സഹായിച്ചു. പക്ഷേ, ആ സമയത്ത് ഞാൻ ആ സിനിമ ചെയ്തിരുന്നെങ്കിൽ എനിക്ക് എന്നെത്തന്നെ നഷ്ടമാകുമായിരുന്നു എന്ന് എനിക്ക് മനസ്സിലായി," നടി വിശദീകരിച്ചു.
പക്ഷെ അടുത്തതായി മൃണാൾ താക്കൂർ പറഞ്ഞ കാര്യമാണ് ഇന്റർനെറ്റിൽ, പ്രത്യേകിച്ച് റെഡിറ്റിൽ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചത്. "ആ നടി ഇപ്പോൾ ഇപ്പോൾ ജോലി ചെയ്യുന്നില്ല, പക്ഷേ ഞാൻ ഇന്ന് ജോലി ചെയ്യുന്നു, അത് തന്നെ ഒരു വിജയമാണ്. കാരണം എനിക്ക് എളുപ്പമായി കിട്ടുന്ന സംതൃപ്തിയും, അംഗീകാരവും, തൽക്ഷണ പ്രശസ്തിyum ഒന്നും വേണ്ട. കാരണം കഷ്ടപ്പെടാതെ വരുന്നതെന്തും തൽക്ഷണം ഇല്ലാതാകും," പ്രശസ്ത നടി പറഞ്ഞു. മൃണാൽ താക്കൂർ ആരുടെയും പേര് പറഞ്ഞില്ലെങ്കിലും, അനുഷ്ക ശർമ്മയെയാണ് അവർ ലക്ഷ്യമിടുന്നതെന്ന് റെഡിറ്റ് പ്രേക്ഷകർ കണ്ടെത്തി കഴിഞ്ഞു.

കാരണം, സുൽത്താൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ സൽമാൻ ഖാനൊപ്പം അഭിനയിക്കാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് ഒരിക്കൽ മൃണാൾ താക്കൂർ പറഞ്ഞിരുന്നു. എന്നാൽ അത് നടന്നില്ല. പിന്നീട് അനുഷ്ക ശർമ്മയെയാണ് ആ ചിത്രത്തിലെ നായികയായത്. അത് അനുഷ്കയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. ജേഴ്സി എന്ന സിനിമയുടെ പ്രൊമോഷനായി മൃണാൾ ബിഗ് ബോസ് ഷോയിൽ പങ്കെടുത്തപ്പോൾ സൽമാനും ഈ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. സൽമാൻ അവരെ "സുൽത്താന്റെ യഥാർത്ഥ താരം" എന്നും വിളിച്ചിരുന്നു. അന്ന് ഇത് ആരാധകർക്ക് ഒരു പുതിയ അറിവായിരുന്നു.
എന്തായാലും മൃണാളിന്റെ പരിഹാസം ഒട്ടും രസിക്കാത്ത റെഡിറ്റ് പ്രേക്ഷകർ, നടിയുടെ അഹങ്കാരം നിറഞ്ഞ സംസാരത്തെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ്. സീത രാമം താരം നിഷ്കളങ്കത നടിക്കുകയായിരുന്നുവെന്നും, നടി സത്യത്തിൽ ഒരു അഹങ്കാരിയാണെന്നും തരത്തിലുള്ള കമെന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പക്ഷെ, മൃണാൾ താക്കൂർ ഇത് വരെ ഈ വിവാദത്തോട് പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











