'മെലിഞ്ഞപ്പോൾ ഞാൻ ഫില്ലറുകൾ ഉപയോഗിച്ചു; പ്രായമായാലും കാമുകനെ ലഭിക്കാൻ ദേവ് ആനന്ദ് നൽകിയ ഉപദേശം'
70 കളിൽ ഹിന്ദി സിനിമകളിൽ തരംഗം തീർത്ത നടിയാണ് മുംതാസ്. അഭിനയ. മികവിനൊപ്പം വശ്യമായ സ്ക്രീൻ പ്രസൻസും ഒത്തു ചേർന്ന നടിക്ക് വൻ ആരാധക വൃന്ദം അക്കാലത്തുണ്ടായിരുന്നു. 11ാം വയസ്സിൽ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് മുംതാസ്. 75 കാരിയായ മുംതാസ് ഇപ്പോൾ സിനിമകളിൽ സജീവമല്ല.
അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന ബോളിവുഡ് നടിയും മുംതാസായിരുന്നു. സ്ഥിരം കണ്ട് വരുന്ന റോളുകളിൽ നിന്ന് വ്യത്യസ്തമായി വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങൾ മുംതാസിന് അവതരിപ്പിക്കാൻ കഴിഞ്ഞു.

സിനിമയിൽ നിന്നും പതിയെ മാറിയ മുംതാസ് ഭർത്താവ് മയുർ മദവ്നിക്കൊപ്പം ലണ്ടനിലേക്ക് താമസം മാറുകയായിരുന്നു. ഇരുവർക്കും രണ്ട് പെൺമക്കളും ജനിച്ചു. 54ാം വയസ്സിലാണ് മുംതാസിന് ബ്രെസ്റ്റ് കാൻസർ വരുന്നത്. ഏറെ നാൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് നടി രോഗമുക്തി നേടിയത്. സ്തനാർബുർധത്തെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പിന്നീട് മുംതാസ് ഭാഗമായി.

ഇപ്പോഴിതാ താനെങ്ങനെയാണ് സൗന്ദര്യം സംരക്ഷിച്ചതെന്നതിനെ പറ്റി മുംതാസ് തുറന്ന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. യുവത്വം നിലനിർത്താൻ തന്നെ പ്രേരിപ്പിച്ചത് നടൻ ദേവ് ആനന്ദാണെന്ന് മുംതാസ് പറയുന്നു. മുടിയും ശരീരവും നന്നായി പരിപാലിക്കണമെന്ന് ദേവ് ആനന്ദ് ഒരിക്കലെന്നോട് പറഞ്ഞു.
പ്രായം വെറുമൊരു നമ്പറാണ്. കാണാൻ ഭംഗിയുണ്ടെങ്കിൽ 90ാം വയസ്സിലും നിനക്ക് ബോയ് ഫ്രണ്ട് ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് തെളിവും അദ്ദേഹം കാണിച്ചു. ഡോർ തുറന്ന് മൂന്ന് പെൺകുട്ടികൾ അദ്ദേഹത്തെ ഡേറ്റ് ചെയ്യാൻ നിൽക്കുന്നത് കാണിച്ചു. അദ്ദേഹത്തനന്ന് പ്രായം 80 ആയിരുന്നെന്നും മുംതാസ് ഓർത്തു.

'ഞാൻ ദേവ് ആനന്ദിന്റെ ഉപദേശം സ്വീകരിച്ചു. വൈകുന്നേരം ആറ് മണിക്ക് ശേഷം ഭക്ഷണം കഴിക്കരുതെന്ന അക്ഷയ് കുമാറിന്റെ ഉപദേശവും സ്വീകരിച്ചു. ചില സമയത്ത് ഞാൻ വല്ലാതെ മെലിയും. അപ്പോൾ ഫില്ലറുകൾ ഉപയോഗിച്ചു, പക്ഷെ ഒരിക്കലും ബോട്ടോക്സ് ഉപയോഗിച്ചിട്ടില്ല,' മുംതാസ് പറഞ്ഞു.
1958 ൽ സോനെ കി ചിഡിയ എന്ന സിനിമയിലൂടെയാണ് മുംതാസ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. അക്കാലത്തെ സൂപ്പർ താരങ്ങളായ രാജേഷ് ഖന്ന, ഷമ്മി കപൂർ തുടങ്ങിയവർക്കൊപ്പം നിരവധി ഹിറ്റ് സിനിമകളിൽ മുംതാസ് അഭിനയിച്ചു. 70 കളുടെ തുടക്കത്തിൽ വൻ പ്രശസ്തിയിൽ നിൽക്കവെയാണ് മുംതാസ് വിവാഹം കഴിക്കുന്നത്. 1974 ലായിരുന്നു വിവാഹം.

കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന നടിയാണ് മുംതാസ്. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ തനിക്കും ഭർത്താവിനും വിവാഹേതര ബന്ധമുണ്ടായിരുന്നെന്നും ഇവ കുറച്ച് കാലം മാത്രമേ നിലനിന്നുള്ളൂ എന്നും മുംതാസ് പറഞ്ഞിരുന്നു. ഭർത്താവ് തന്നെയാണ് ബന്ധത്തെ പറ്റി തന്നോട് തുറന്ന് പറഞ്ഞതെന്നും നടിയന്ന് വ്യക്തമാക്കി.
കരിയറിൽ തിളങ്ങി നിന്ന സമയത്ത് നടിയെക്കുറിച്ച് നിരന്തരം ഗോസിപ്പ് വന്നിരുന്നു. ഷമ്മി കപൂറുമായി മുംതാസ് പ്രണയത്തിലായിരുന്നെന്ന് അന്ന് പരക്കെ സംസാരമുണ്ടായിരുന്നു, ഫിറോസ് ഖാനുമായി ചേർത്തും നടിയുടെ പേര് ഉയർന്ന് വന്നിരുന്നു.


Click it and Unblock the Notifications











