ഹൈദറിന്റെ പുരസ്‌കാരം; രൂക്ഷ വിമര്‍ശനവുമായി അനുപംഖേര്‍
മുംബൈ: ദേശീയ ചലചിത്ര അവാര്‍ഡു നിര്‍ണയത്തില്‍ അഞ്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സംവിധായകന്‍ വിശാല്‍ ഭരദ്വാജിന്റെ ഹൈദറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സൂപ്പര്‍താരം അനുപംഖേര്‍ രംഗത്തെത്തി. തന്റെ അവാര്‍ഡുകള്‍ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് സമര്‍പ്പിക്കുകയാണെന്ന വിശാല്‍ ഭരദ്വാജിന്റെ പ്രസ്താവനയാണ് അനുപംഖേറിനെ ചൊടിപ്പിച്ചത്.
കാശ്മീരി പണ്ഡിറ്റുകളെ മോശമായി ചിത്രീകരിച്ചശേഷം അവാര്‍ഡ് അവര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന വിശാല്‍ ഭരദ്വാജിന്റെ പ്രസ്താവന തട്ടിപ്പാണെന്ന് കാശ്മീര്‍ പണ്ഡിറ്റ് കൂടിയായ അനുപംഖേര്‍ പ്രതികരിച്ചു. കാശ്മീരി പണ്ഡിറ്റുകളുടെ പുണ്യക്ഷേത്രമായ മാര്‍ത്താണ്ഡ ക്ഷേത്രത്തിനെ തിന്മയുടെ പ്രതീകമായാണ് സിനിമയില്‍ ചിത്രീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

സൈനിക വിരുദ്ധവും ദേശ വിരുദ്ധവുമാണ് സിനിമയെന്ന് അനുപംഖേറും വിമര്‍ശിച്ചു. ഇത്തരമൊരു ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഹൈദറിനെതിരെ നേരത്തെതന്നെ കാശ്മീര്‍ പണ്ഡിറ്റുകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഗാനരംഗത്തില്‍ പുണ്യക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും ചിത്രം നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
കൊറിയോഗ്രാഫി, ഗായകന്‍, കോസ്റ്റിയൂം ഡിസൈന്‍, സംവിധാനം, സംഭാഷണ രചന എന്നിങ്ങനെ അഞ്ചു പുരസ്‌കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. പുരസ്‌കാരം പ്രതീക്ഷിച്ചതു തന്നെയാണെന്നാണ് വിശാല്‍ ഭരദ്വാജ് പ്രതികരിച്ചത്. സിനിമയിലെ അഭിനയത്തിന് ഷാഹിദ് കപൂര്‍ മികച്ച നടനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അവസാന നിമിഷം പുറത്താവുകയായിരുന്നു.


Click it and Unblock the Notifications











