'വില്ലനെ' വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷം! ഭര്‍ത്താവിനൊപ്പം വിവാഹ വാര്‍ഷികം ആഘോഷമാക്കി നടി പൂജ ബത്ര
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജയറാമിന്റെയുമൊക്കെ നായികയായി മലയാള സിനിമയിലേക്ക് എത്തിയ സുന്ദരിയാണ് പൂജ ബത്ര. മലയാളത്തില്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും എല്ലാ കാലത്തും ആരാധകരുടെ മനസിലുണ്ടാകുന്ന കഥാപാത്രത്തെയായിരുന്നു പൂജ അവതരിപ്പിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷമാണ് പൂജ ബത്ര രണ്ടാമതും വിവാഹിതയാവുന്നത്. ഇപ്പോഴിതാ താരദമ്പതികള്‍ അവരുടെ ഒന്നകാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷ ചിത്രങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഒപ്പം വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും താരങ്ങളെ കുറിച്ചുള്ള കാര്യങ്ങളും വൈറലാവുകയാണ്.

അമ്മ മിസ് ഇന്ത്യ ആയിരുന്നതിനാല്‍ മോഡലിങ് രംഗത്തൂടെയായിരുന്നു പൂജ ബത്ര സിനിമയിലേക്ക് എത്തുന്നത്. 1993 ല്‍ മിസ് ഇന്ത്യ പട്ടം നേടിയ പൂജ പിന്നാലെ വെള്ളിത്തിരയിലേക്ക് പ്രവേശിച്ചു. തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഹിന്ദി സിനിമയിലായിരുന്നു സജീവം. കഴിഞ്ഞ വര്‍ഷം ജൂണില്‍ലായിരുന്നു പൂജ ബത്രയും നടന്‍ നവാബ് ഷായും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. പരമ്പരാഗതമായ ആചാര പ്രകാരം അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷി നിര്‍ത്തി ജൂലൈ നാലിനായിരുന്നു വിവാഹം.

നേരത്തെ നവാബും പൂജയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള ഒരുപാട് ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഒന്നാം വിവാഹ വാര്‍ഷികത്തെ കുറിച്ചാണ് നടി പറയുന്നത്. 'ഒരു ജീവിതകാലം മുഴുവന്‍ ഒരു നിമിഷത്തേക്ക് നയിക്കും. ഹാപ്പി ആനിവേഴ്‌സറി ആശംസകള്‍' എന്നുമായിരുന്നു പൂജ പറഞ്ഞത്. ഒപ്പം ഭര്‍ത്താവിനൊപ്പവും വിവാഹസമയത്ത് മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരിക്കുകയാണ്.

താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. എല്ലാ കാലവും സന്തോഷത്തോടെ കഴിയാന്‍ ഇരുവര്‍ക്കും സാധിക്കട്ടെ എന്നും കമന്റുകളിലൂടെ ആരാധകര്‍ പറയുന്നു. വലിയ ആഘോഷങ്ങളില്ലെങ്കിലും കുടുംബാംഗളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഡല്‍ഹിയില്‍ വെച്ച് താരവിവാഹം നടന്നത്. ആര്യസമാജത്തിന്റെ ചടങ്ങുകള്‍ പ്രകാരമായിരുന്നു വിവാഹം. ഇതിന് പിന്നാലെ ഏറെ നാള്‍ ഇവരുടെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നത്.

2002 ലാണ് പൂജ ബത്ര ആദ്യം വിവാഹിതയാവുന്നത്. ഡോക്ടറായ സോനു എസ് അലുവാലിയ ആയിരുന്നു പൂജയുടെ ഭര്‍ത്താവ്. വിവാഹത്തോടെ പൂജ സിനിമാ ജീവിതത്തിന് താല്‍കാലികമായ ഇടവേള നല്‍കിയിരുന്നു. എന്നാല്‍ 2011 ല്‍ പൂജയും സോനുവും ദാമ്പത്യ ജീവിതം വേര്‍പിരിഞ്ഞു. ഇതോടെ നടി സിനിമയിലേക്ക് തന്നെ തിരികെ വരികയായിരുന്നു. സിനിമയില്‍ തന്നെ ഉള്ള സൗഹൃദമായതിനാല്‍ നവാബ് ഷായുമായി അടുത്ത സൗഹൃദത്തിലായി. ഏറെ നാളത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.

ബോളിവുഡിലെ ശ്രദ്ധേയനായ നടന്മാരില്‍ ഒരാളാണ് നവാബ് ഷാ. മലയാളികള്‍ക്ക് ഏറെ സുപരിചിതനാണെന്നുള്ളതാണ് മറ്റൊരു കാര്യം. കീര്‍ത്തിചക്ര, കാക്കി, രൗദ്രം, രാജാധിരാജ എന്നിങ്ങനെയുള്ള സിനിമകളില്‍ വില്ലന്‍ വേഷത്തിലെത്തി നവാബ് ഷാ കേരളത്തിലും തരംഗമായിരുന്നു. ബോളിവുഡില്‍ സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദാ ഹെ, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ എന്നിങ്ങനെനയുള്ള സിനിമകളിലൊക്കെ നവാബ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications











