ഭർത്താവിനെ തൃപ്തിപ്പെടുത്തൽ മാത്രമായിരുന്നു ജോലി; പ്രണയമില്ല; ഇന്ന് സ്ത്രീകൾ മാറിയെന്ന് നീന ഗുപ്ത
പ്രായം കരിയറിനോ ജീവിതത്തിലെ ആഘോഷങ്ങൾക്കോ തടസമല്ലെന്ന് തെളിയിക്കാൻ കഴിഞ്ഞ നടിയാണ് നീന ഗുപ്ത. 64ാം വയസിൽ ഇത്രയും സ്റ്റെെലിഷായ മറ്റൊരു നടി ബോളിവുഡിൽ ഇല്ല. തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാനും നീന ഗുപ്ത മടിക്കാറില്ല. സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ച് നീന ഗുപ്ത പങ്കുവെക്കുന്ന അഭിപ്രായങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. യഥാർത്ഥ സ്നേഹം അമ്മയും കുഞ്ഞും തമ്മിൽ മാത്രമയേയുള്ളൂ എന്നാണ് മുമ്പൊരിക്കൽ നീന ഗുപ്ത പറഞ്ഞത്. ഈ വാദത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ് നീന. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിലാണ് നീന ഇതേക്കുറിച്ച് വിശദീകരിച്ചത്.
എല്ലാ റിലേഷൻഷിപ്പും തുടങ്ങുന്ന ആസക്തിയിൽ നിന്നാണ്. നിങ്ങൾ ഒരാളിലേക്ക് അവരുടെ ജോലി കാരണമോ ശരീരം കാരണമോ മനസ് കാരണമോ ആകർഷിക്കപ്പെടും. പിന്നീട് ആസക്തിയാണ്. കാരണം ബയോളജിക്കലി അത് നടക്കേണ്ടതാണ്. പിന്നീട് നിങ്ങൾ സുഹൃത്തുക്കളാകും. ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പോൾ പരസ്പരം കരുതലുണ്ടാകും. അതിനെ പ്രണയമെന്ന് വിളിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം അറുത്ത് മാറ്റാൻ പറ്റാത്തതാണെന്നും നീന ഗുപ്ത ചൂണ്ടിക്കാട്ടി. നിങ്ങൾക്കൊരിക്കലും കുഞ്ഞിനെ ഡിവോഴ്സ് ചെയ്യാൻ പറ്റില്ല.

എന്റെ തലമുറയിലെ സ്ത്രീകൾക്ക് വലിയ തോതിൽ സെക്സ് വേണ്ടിയിരുന്നില്ല. അതൊരു ജോലി പോലെയായിരുന്നു. ഭർത്താവിനെ തൃപ്തിപ്പെടുത്തൽ. സ്വന്തം സന്തോഷത്തിന് പ്രാധാന്യം നൽകാൻ ആരും ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. അത് ബുദ്ധിമുട്ടേറിയ കാലഘട്ടമായിരുന്നു. അദ്ദേഹത്തെ സന്തോഷിപ്പിക്കണം. റൊമാൻസ് ഇല്ല. സ്ത്രീകൾക്ക് പ്രണയമാണ് വേണ്ടത്. പക്ഷെ അത് ചോദിക്കാമെന്ന് ആരും അവരോട് പറഞ്ഞില്ല. അവർ തങ്ങളുടെ കുട്ടികളിൽ ആനന്ദം തേടി.
സ്വന്തം കാര്യം നോക്കുന്നത് നിർത്തി. ആ സൈക്കിൾ തുടർന്ന് കൊണ്ടിരുന്നു. അസന്തുഷ്ടരായി കഴിയേണ്ട സാഹചര്യമായിരുന്നു സ്ത്രീകൾക്കെന്നും നീന ഗുപ്ത ചൂണ്ടിക്കാട്ടി. അതേസമയം ഇന്ന് കുറഞ്ഞത് നഗരങ്ങളിലെങ്കിലും ഇതിൽ മാറ്റമുണ്ട്. ഇന്ന് സ്ത്രീകൾ സ്ത്രീ സുഹൃത്തുക്കൾക്കൊപ്പം ഭർത്താവില്ലാതെ യാത്രകൾ പോകുന്നു. ഭർത്താവ് വിവേക് മെഹ്റയോട് തന്നോടൊപ്പം സമയം ചെലവഴിക്കാൻ ഇപ്പോൾ ആവശ്യപ്പെടാറില്ല.

കാരണം അദ്ദേഹം തനിക്കൊപ്പം സമയം ചെലവഴിക്കണമെന്ന് ഒരിക്കൽ പോലും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഒരു ഘട്ടത്തിൽ തിരിച്ചറിഞ്ഞു. ടെലിവിഷനും മറ്റും കണ്ടാണ് ഒഴിവ് സമയം ചെലവഴിക്കുന്നത്. മറ്റൊന്നിനെക്കുറിച്ചും ഗൗനിക്കുന്നില്ലെന്നും നീന ഗുപ്ത തുറന്ന് പറഞ്ഞു.
അതേസമയം സ്ത്രീയും പുരുഷനും തുല്യരാണെന്ന സങ്കൽപ്പത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും നീന ഗുപ്ത പറയുന്നുണ്ട്. സാമ്പത്തിക സ്വാതന്ത്ര്യം നേടുകയം സ്വന്തം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. വീട്ടമ്മയെന്നത് ചെറിയ റോളായി കാണരുത്. വലിയ ഉത്തരവാദിത്തമാണ് അതെന്നും നീന ഗുപ്ത ചൂണ്ടിക്കാട്ടി. രണ്ട് തവണയാണ് നീന ഗുപ്തയുടെ ജീവിതത്തിൽ വിവാഹം നടന്നത്.
ആദ്യ വിവാഹം വേർപിരിഞ്ഞ ശേഷം മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാർഡുമായി ലിവ് ഇൻ റിലേഷനിലായിരുന്നു നീന. ഈ ബന്ധത്തിൽ പിറന്ന മകളാണ് മസാബ ഗുപ്ത. വിവ് റിച്ചാർഡുമായി അകന്ന ശേഷം ചാർട്ടേജ് അക്കൗണ്ടന്റ് വിവേക് മെഹ്റയെയാണ് നീന വിവാഹം ചെയ്തത്. ഇദ്ദേഹത്തിന്റെയും രണ്ടാം വിവാഹമായിരുന്നു ഇരുവരും ഇന്ന് സന്തോഷകരമായി ജീവിക്കുന്നു.


Click it and Unblock the Notifications











