'ഭാര്യയോട് വിശ്വസ്തന്‍ തന്നെ, മറ്റൊരാളോട് താത്പര്യം തോന്നിയാല്‍ പറയുമായിരുന്നു'
സിനിമക്കുള്ളിലെ പ്രണയം ജീവിതത്തിലും യാഥാര്‍ത്ഥ്യമാക്കിയ താരദമ്പതികളാണ് ഋഷി കപൂറും നീതു സിങ്ങും. ഇരുവരുടെയും മകനും നടനുമായ രണ്‍ബീര്‍ കപൂറിന്റെ വിവാഹമാണ് ബിടൗണിലെ പുത്തന്‍ വിശേഷം. രണ്‍ബീര്‍- ആലിയ വിവാഹത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡും ആരാധകരുമെല്ലാം.
കുറച്ചുനാള്‍ മുന്‍പ് കപില്‍ ശര്‍മ്മ ഷോയില്‍ പങ്കെടുത്തപ്പോള്‍ റിഷിയും നീതു സിങ്ങും പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ ഓര്‍ത്തെടുക്കുകയാണ്. വിവാഹത്തിന് പുറത്ത് തനിക്ക് മറ്റ് ബന്ധങ്ങളൊന്നും ഇല്ലായിരുന്നുവെന്നായിരുന്നു ഋഷി കപൂറിന്റെ പ്രസ്താവന. ബോളിവുഡിലെ ചോക്ലേറ്റ് ഹീറോ പരിവേഷമുണ്ടായിരുന്ന ഋഷിയുടെ പ്രണയകഥകള്‍ നിരവധി തവണ വാര്‍ത്തകളായിട്ടുള്ളതാണ്. എന്നാല്‍ നീതുവുമായുള്ള വിവാഹശേഷം തനിക്ക് മറ്റ് പ്രണയബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഋഷി കപൂര്‍ തന്നെ പറയുന്നു. എന്നാല്‍ നീതു ഋഷിയെക്കുറിച്ച് പറയുന്നത് വളരെ വ്യത്യസ്തമായ മറ്റൊരു കാര്യവും.

താനുമായുള്ള വിവാഹത്തിന് ശേഷം മറ്റുപ്രണയബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇനി അഥവാ ആരോടെങ്കിലും താത്പര്യം തോന്നിയാല്‍ അത് തന്നോടുതന്നെ വന്നു പറയുകയും ചെയ്യുമായിരുന്നു. അങ്ങനെ വളരെ തുറന്ന സമീപനമായതിനാല്‍ തനിക്കൊരു പ്രശ്‌നവുമില്ലായിരുന്നുവെന്ന് നീതു സിങ് വ്യക്തമാക്കുന്നു.
ചിലപ്പോഴൊക്കെ മദ്യപിച്ച ശേഷമായിരിക്കും ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക. പക്ഷെ, പിന്നീട് ഈ പറഞ്ഞതെല്ലാം നിഷേധിക്കുകയും അവയെല്ലാം നുണകളായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അദ്ദേഹമൊരു സാധാരണ മനുഷ്യനാണ്. ഏതൊരാള്‍ക്കും മനസ്സിലുണ്ടാകുന്ന വികാരങ്ങളും വിചാരങ്ങളുമേ അദ്ദേഹത്തിനുമുള്ളൂ. അതിലിപ്പോള്‍ എന്താണ് കുഴപ്പം? ചിലപ്പോള്‍ ഷെര്‍ലെക് ഹോംസിനെപ്പോലെ താന്‍ ചില ചോദ്യങ്ങളൊക്കെ ചോദിക്കും. ചിലപ്പോഴൊക്കെ താന്‍ നല്ലൊരു കേള്‍വിക്കാരിയെപ്പോലെ ഇരുന്നു. ആ സമയം വേറൊരു അവസ്ഥയിലല്ലേ, അപ്പോള്‍ പിന്നെ എന്ത് തര്‍ക്കിക്കാനാണ്. പിറ്റേദിവസം രാവിലെയാകുമ്പോള്‍ ഇതൊക്കെ വെറും കെട്ടുകഥകളായേ തോന്നാറുള്ളൂ. നീതു പറയുന്നു.
അതിനിടെ നീതു സിങ് ഇന്‍സ്റ്റഗ്രാമില്‍ ഋഷി കപൂറുമൊത്തുള്ള ഒരു അപൂര്‍വ്വചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയസമയത്തെ ചിത്രമായിരുന്നു അത്. വിവാഹനിശ്ചയ സമയത്തെ ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം നീതു ഇങ്ങനെ കുറിച്ചു;' ബൈശാഖി ദിനത്തിന്റെ സുന്ദരമായ ഓര്‍മ്മകള്‍, 43 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നേ ദിവസമായിരുന്നു ഞങ്ങളുടെ വിവാഹനിശ്ചയം നടന്നത്. 1979 ഏപ്രില്‍ 13-നായിരുന്നു അത്. റിഷി കപൂര്‍ നീതുവിന്റെ വിരലില്‍ വിവാഹമോതിരം അണിയിക്കുന്ന ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹസമയത്ത് തന്നെയാണ് ഋഷിയുടെയും നീതുവിന്റെയും വിവാഹനിശ്ചയം നടന്നതെന്നുള്ളത് തികച്ചും യാദൃച്ഛികമാകാം. ഈ ചിത്രത്തിനും അവരുടെ സുന്ദരമായ ഓര്‍മ്മകള്‍ക്കും നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്.
1970-കളില്‍ ബോളിവുഡിന്റെ താരസാന്നിദ്ധ്യമായിരുന്നു ഋഷികപൂര്‍. അന്ന് പുതുമുഖമായിരുന്ന നീതുവുമായി നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് പ്രണയം മൊട്ടിടുന്നത്. പിന്നീട് ഇരുവരുടെയും വീട്ടുകാര്‍ ഒന്നിച്ച് വിവാഹക്കാര്യം സംസാരിച്ച് തീരുമാനം എടുക്കുകയായിരുന്നു. 1980 ജനുവരി 23-ന് മുംബൈയിലെ ആര്‍.കെ.സ്റ്റുഡിയോയില്‍ വെച്ച് വലിയ ആഘോഷത്തോടെയാണ് വിവാഹം നടന്നത്.

വിവാഹശേഷം നീതു ഏറെനാള്‍ സിനിമയില്‍ നിന്നു വിട്ടുനിന്നു. മക്കളായ റിധിമയും രണ്‍ബീറും മുതിര്‍ന്ന ശേഷമാണ് നീതു വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. റിധിമ സിനിമാഭിനയത്തിലേക്ക് കടന്നുവന്നില്ലെങ്കിലും രണ്‍ബീര്‍ ബോളിവുഡിലെ നായകസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ ആലിയയുമായുള്ള വിവാഹത്തിനുള്ള ഒരുക്കത്തിലാണ് താരം. മുംബൈയിലെ ഇരുവരുടെയും വസതികളില്‍ പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്നു മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളാണ് വിവാഹത്തിനായി ആസൂത്രണം ചെയ്തിരിക്കുന്നത്.
എന്നിരുന്നാലും ആഘോഷങ്ങള്‍ക്കിടയില്‍ തീരാനഷ്ടമായി ഋഷി കപൂറിന്റെ വിയോഗവ്യഥയും അവരെ വിട്ടകന്നിട്ടില്ല. അസുഖബാധിതനായതിനെ തുടര്‍ന്ന് 2020 ഏപ്രില്‍ 30-നായിരുന്നു ഋഷി കപൂര്‍ അന്തരിച്ചത്.


Click it and Unblock the Notifications