ഗര്‍ഭിണിയായ ശേഷം സിനിമയില്‍ അവസരമില്ല, പ്രോജക്ടുകളില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിതയായെന്ന് നേഹ ധൂപിയ
ബോളിവുഡ് സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി നേഹ ധൂപിയ. നടിയും മോഡലുമായ നേഹ ധൂപിയ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. 2002-ലെ മിസ് ഇന്ത്യ പട്ടം നേടിയ നേഹ ധൂപിയ അതിനു ശേഷമാണ് സിനിമകളില്‍ സജീവമായത്.
2018-ല്‍ അങ്കത് ബേദിയുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നേഹ ധൂപിയ പക്ഷെ, സോഷ്യല്‍ മീഡിയയിലും പൊതുവേദികളിലും സജീവമാണ്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മക്കളുണ്ടായ ശേഷം ശരീരത്തിലുണ്ടായ പ്രകടമായ മാറ്റങ്ങളെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വന്ന നടിമാരിലൊരാളാണ് നേഹ ധൂപിയ

കരിയറില്‍ തനിക്ക് നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോള്‍ നേഹ ധൂപിയ. അടുത്തിടെ ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കരിയറില്‍ താന്‍ നേരിട്ട ചില തിക്താനുഭവങ്ങളെക്കുറിച്ച് താരം മനസ്സുതുറന്നത്.
'അവസരങ്ങള്‍ പലപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു പ്രോജക്ടില്‍ എന്റെ കാസ്റ്റിങ് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ അവസാനനിമിഷം അവര്‍ എനിക്കു പകരം മറ്റൊരാളെ വെച്ചാണ് ഷൂട്ട് ചെയ്തത്. എന്നെ അറിയിച്ചതു പോലുമില്ല. എന്നോട് വരാന്‍ പറഞ്ഞ സമയത്ത് അവര്‍ ദക്ഷിണാഫ്രിക്കയിലോ മറ്റോ പോയി ഷൂട്ട് ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ അവസാനനിമിഷം അവസരം നഷ്ടപ്പെട്ട എത്രയോ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലതും നേരിട്ട് വിളിച്ചറിയിക്കുക കൂടിയില്ല.' നേഹ പറയുന്നു.
വിവാഹം കഴിഞ്ഞും തനിക്ക് അത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നതായി നേഹ ധൂപിയ പറയുന്നു.' അടുത്തിടെയും എനിക്ക് അത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായ ശേഷം നേരത്തെ നിശ്ചയിച്ച പല പ്രോജക്ടുകളില്‍ നിന്നും എനിക്ക് പിന്‍മാറേണ്ടി വന്നു. അവര്‍ തന്നെയാണ് എന്നോട് അതേക്കുറിച്ച് സംസാരിച്ച് പിന്‍മാറാന്‍ ആവശ്യപ്പെട്ടത്.

എന്റെ ലുക്ക് മാറിപ്പോയെന്നാണ് അവര്‍ പറയുന്ന ന്യായീകരണം. ഇങ്ങനെ പല ഇടങ്ങളില്‍ നിന്നും എനിക്ക് അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
മുന്‍പ് ഇത്തരം തിരസ്‌കാരങ്ങള്‍ നേരിടേണ്ടി വന്നത് ബുദ്ധിമുട്ടായിരുന്നു. കാരണം നമ്മള്‍ പലതും പഠിക്കാന്‍ ശ്രമിക്കുന്ന കാലഘട്ടമായിരുന്നു അത്. വീണുപോകുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍ക്കല്‍ അല്‍പം ബുദ്ധിമുട്ടാണ്. ' നേഹ ധൂപിയ പറയുന്നു.


Click it and Unblock the Notifications











