ഞാന്‍ സെക്‌സിന്റെ സിംബല്‍ അല്ല, അതിനുള്ളതൊന്നും എന്നിലില്ല, എന്നെ അങ്ങനെ വിളിക്കരുത്; ജൂലി നായിക
ഹോട്ട്, സെക്‌സി.. തുടങ്ങിയ വിശേഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് മിക്ക നായികമാരും. അത്തരം പ്രയോഗങ്ങള്‍ അവരുടെ ശരീര സൗന്ദര്യത്തെ വര്‍ണിക്കുന്നവയാണെന്നാണ് ധാരണ. എന്നാല്‍ ഈ വിളികളൊന്നും ഇഷ്ടപ്പെടാത്ത ഒരു ഗ്ലാമര്‍ നായിക ബോളിവുഡിലുണ്ട്, സാക്ഷാല്‍ നേഹ ധൂപിയ.
ജൂലി, ഷീഷ തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നേഹ. ഈ ചിത്രങ്ങള്‍ക്ക് ശേഷം സെക്‌സി നായിക എന്ന വിളി ഉയര്‍ന്നപ്പോള്‍ അതൊരു ശല്യമായി തോന്നി എന്നും തന്നെ അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ല എന്നും നേഹ പറയുന്നു. നേഹ ധൂപിയയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

പതിനഞ്ച് വര്‍ഷം
ബോളിവുഡ് സിനിമയില്‍ താന്‍ അഭിനയിച്ചു തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷമായി എന്ന് നേഹ പറയുന്നു. 2003 ല്‍ ഖ്വയാമത്; സിറ്റി അണ്ടര്‍ ത്രെറ്റ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം. അവിടെ നിന്ന് ജൂലി, ഷീഷ, ഏക് ചലീസ് കി ലാസ്റ്റ് ലോക്കല്‍ കോള്‍, മിത്യ, ഫേസ് ഗയ റേ ഒബാമ, ഹിന്ദി മീഡിയം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായി.

പുതിയത് പരീക്ഷിക്കുന്നു
പതിനഞ്ച് വര്‍ഷം സിനിമയില്‍ പൂര്‍ത്തിയാക്കിയ ശേഷവും പുതുതായി, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാണ് താന്‍ ഇപ്പോഴും ശ്രമിക്കുന്നത് എന്ന് നേഹ പറഞ്ഞു. സ്വന്തമായ സൃഷ്ടിയിലൂടെയാണ് താന്‍ സിനിമയില്‍ നിലനിന്നുപോകുന്നത് എന്ന് നടി പറയുന്നു.

പഠിച്ചത്
തന്റെ സിനിമാ കരിയറില്‍ നിന്ന് ചില പാഠങ്ങളും പഠിച്ചിട്ടുണ്ട്. ഒരിക്കലും മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യരുത്. അത് സ്വയം നശിക്കാനേ വഴിയൊരുക്കുകയുള്ളൂ. ഒരുപാട് കാലം സിനിമാ ലോകത്ത് നിലനില്‍ക്കാനൊന്നും കഴിയില്ല. പക്ഷെ നിലനില്‍ക്കുന്നിടത്തോളം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.

സിനിമ ഇല്ലാത്തപ്പോള്‍
സിനിമ ഇല്ലാത്തപ്പോള്‍ ഞാന്‍ എന്റേതായ ലോകത്താണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും. നല്ലത് എന്തെങ്കിലും മറ്റുള്ളവര്‍ക്ക് ചെയ്യും. ഏതെങ്കിലും വഴി ആ നന്മ നമുക്ക് തിരിച്ചുകിട്ടും എന്നാണ് എന്റെ വിശ്വാസം- നേഹ പറഞ്ഞു.

സെക്‌സി എന്ന വിളി
ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു തുടങ്ങിയതോടെയാണ് നേഹ ധൂപിയ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ സെക്‌സി എന്ന വിളി തനിക്ക് ഇഷ്ടമല്ല എന്ന് നടി പറഞ്ഞു. ഞാന്‍ സെക്‌സിന്റെ സിമ്പലല്ല. അതിനുള്ളതൊന്നും എന്നിലില്ല. ഞാന്‍ ആരാണെന്ന് എനിക്ക് വ്യക്തമായി അറിയാം സെക്‌സി നായിക എന്ന വിളി തുടക്ക കാലത്തൊക്കെ വലിയ അലോസരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം ടാഗുകളൊക്കെ മാറുന്നുണ്ട്. അതില്‍ സന്തോഷമുണ്ട്.

തുംഹാരി സുല്ലു
വിദ്യ ബാലന്‍ നായികയായെത്തുന്ന തുംഹാരി സുല്ലുവാണ് നേഹയുടെ പുതിയ ചിത്രം. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മറിയ എന്ന കഥാപാത്രത്തെയാണ് നേഹ അവതരിപ്പിയ്ക്കുന്നത്. ഒരു റേഡിയോ സ്‌റ്റേഷന്റെ ഹെഡ്ഡ് ആയിട്ടാണ് നേഹ എത്തുന്നത്.


Click it and Unblock the Notifications