'ഹീൽസ് ധരിച്ച് മാരത്തോണിനൊന്നും പോയിട്ടില്ല'; ഗർഭാവസ്ഥയിലാണെന്ന് കരുതി എല്ലാത്തിനും ഉപദേശിക്കേണ്ടെന്ന് നടി!
ഹിന്ദി സീരിയലുകളെ സ്നേഹിക്കുന്ന ആരാധകർക്ക് സുപരിചിതരായ ദമ്പതികളാണ് ദേബിന ബോണർജിയും ഭർത്താവ് ഗുർമീത് ചൗധരിയും. വിവാഹം കഴിഞ്ഞ് പത്ത് വർഷം പിന്നിട്ടിട്ടും ദാമ്പത്യ ജീവിതം നവദമ്പതികളെപ്പോലെയാണ് ഇരുവരും ആസ്വദിക്കുന്നത്. ഇരുവരും സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആരാധകരുമായി സോഷ്യലൽമീഡിയ വഴി പങ്കുവെക്കുകയും ചെയ്യാറുണ്ട്. 2011 ഫെബ്രുവരി 15ന് ആയിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോൾ ദമ്പതികൾ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.
ദേബിന ബോണർജിയും ഭർത്താവ് ഗുർമീത് ചൗധരിയും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി അവരുടെ ഗർഭകാലത്തിന്റെ മനോഹരമായ കാഴ്ചകൾ പങ്കിടാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദേബിന ഒരു വീഡിയോ പങ്കിട്ടിരുന്നു. ഗർഭിണിയായതിനാൽ സ്വന്തമായി ഹീൽസ് ധരിക്കാൻ പാടുപെടുന്ന ദേബിനയെ സഹായിക്കുന്ന അവളുടെ പ്രിയപ്പെട്ട ഭർത്താവ് ഗുർമീതാണ് വീഡിയോയിൽ ഉള്ളത്. ഗർഭിണിയായ നടി ഹീൽസ് ധരിച്ച് നിൽക്കുന്ന വീഡിയോ പങ്കുവെച്ചതോടെ കമന്റുകളുമായി ആരാധകരെത്തി.

വന്ന കമന്റുകളിൽ ഏറെയും ദേബിനയെ ഉപദേശിച്ച് കൊണ്ടുള്ളതായിരുന്നു. ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ ഹീൽസ് ധരിക്കുന്നത് ശരിയായ രീതിയല്ലെന്നും പിന്നീട് പ്രശ്നങ്ങളുണ്ടാകുമെന്നും തുടങ്ങി നിരവധി കമന്റുകളാണ് ദേബിനയുടെ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. തന്നെ ഉപദേശിക്കുന്നവരുടേയും പരിഹസിക്കുന്നവരുടേയും എണ്ണം കൂടിയതോടെ ദേബിന പ്രതികരിച്ച് രംഗത്തെത്തി. 'ഡോക്ടർമാർ മുതൽ സാധാരണക്കാർ വരെയുള്ള നിരവധി ആളുകൾ എനിക്ക് ഉപദേശങ്ങളും നിർദേശങ്ങളും നിരവധി നൽകുന്നുണ്ട്. പക്ഷെ ഉള്ളടക്കം എന്ന് വിളിക്കപ്പെടുന്ന ഒന്നുണ്ട്. ആ ഹീൽസ് ധരിച്ച് ഞാൻ ഒരു ഫോട്ടോഷൂട്ട് നടത്തി. ഷൂട്ടിന് തയ്യാറാകുമ്പോൾ ഗുർമീത് എന്നെ സഹായിച്ചു. അപ്പോൾ പകർത്തിയതാണ് ആ വീഡിയോ. ഞാൻ ഹീൽസ് ധരിച്ച് റോഡിലൂടെ ഓടുകയോ, ചുറ്റി നടക്കുകയോ ചെയ്തിട്ടില്ല. അതിനാൽ വ്യക്തമായും കൃത്യമായും കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുക.'

'ആ ഹീൽസ് വെച്ച് ഞാൻ ഒരു മാരത്തൺ ഓടുകയാണെന്ന രീതിയിലാണ് പലരും കമന്റുകൾ പങ്കുവെച്ചിരിക്കുന്നത്. ഇതാണ് എന്തിനാണ് ഹീൽസ് ധരിച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരം' ദേബിന കുറിച്ചു. അടുത്തിടെ ഗർഭാവസ്ഥയിലുള്ള ചിത്രം പങ്കുവെച്ച് ദേബിന കുറിച്ച വാക്കുകൾ വൈറലായിരുന്നു. ഗർഭിണിയാണെന്ന് മനസിലാകും വരെ വലിയൊരു ട്രോമയിലൂടെയാണ് കടന്നുപോയികൊണ്ടിരുന്നത് എന്നാണ് ദേബിന സോഷ്യൽമീഡിയയിൽ കുറിച്ചത്. 'വീർത്ത പാദങ്ങൾ.. നിരന്തരം ടോയ്ലെറ്റിലേക്കുള്ള ഓട്ടം.... തുടങ്ങി നിരവധി നിമിഷങ്ങൾ... ഈ സമയങ്ങളാണ് ഞാൻ ഗർഭിണിയാണെന്ന് എന്നെ ഓർമ്മിപ്പിക്കുന്നത്. ഇവയെല്ലാം സംഭവിക്കുമ്പോഴാണ് ഞാൻ ഗർഭിണിയാണ് എന്നത് വീണ്ടും വീണ്ടും ഞാൻ തിരിച്ചറിയുന്നത്. വളരെ വർഷങ്ങൾക്ക് ശേഷം... വലിയൊരു ട്രോമ കടന്നുവന്ന ശേഷമാണ് ഗർഭിണിയായിരിക്കുന്നത്.....' എന്നാണ് ദേബിന കുറിച്ചത്.

പലതവണ ശ്രമിച്ചിട്ടും ഗർഭിണിയാകാതിരുന്നതിനാൽ ദേബിന വലിയ വിഷാദത്തിലേക്ക് നീങ്ങിയിരുന്നു. ഒരു കുഞ്ഞ് ജനിച്ച് കാണാൻ തങ്ങൾ നടത്തിയ ചികിത്സകളെ കുറിച്ച് മുമ്പ് ഒരു യുട്യൂബ് വീഡിയോയിൽ ദേബിന വെളിപ്പെടുത്തിയിരുന്നു. 'എനിക്ക് എന്ത് പ്രശ്‌നമാണുള്ളത് എന്ന് അറിയാൻ ഞാൻ ഡോക്ടർമാരെയും സാധാരണ ഗൈനക്കോളജിസ്റ്റുകളെയും ഐവിഎഫ് വിദഗ്ധരെയും സന്ദർശിച്ചു. എനിക്ക് എൻഡോമെട്രിയോസിസ് ഉണ്ടായിരുന്നു. അത് ചികിത്സിക്കാൻ സാധ്യമായ വഴികൾ ഞാൻ ചെയ്തു. ഞാൻ അക്യുപങ്ചർ ചെയ്തു. ശരീരത്തിൽ നിന്നുള്ള വിഷവസ്തുക്കൾ എല്ലാം അത് വഴി നീക്കാൻ സാധിച്ചു. നിങ്ങൾ കുഞ്ഞുണ്ടാകില്ലേ...?, കുഞ്ഞുങ്ങൾ വേണ്ട..., അമ്മയാകാൻ താൽപര്യമില്ലേ... എന്തെങ്കിലും കുഴപ്പമുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങൾ കേട്ട് മടുത്തതാണ്. അവയെല്ലാം എന്നെ ഏറെ വിഷമിപ്പിക്കുകയും ചെയ്തിരുന്നു...' ദേബിന പറഞ്ഞു.


Click it and Unblock the Notifications