ജയ ബച്ചന്റെ ദേഷ്യത്തിന് കാരണമുണ്ട്; ആരും അവർ പറയുന്നതിന് ചെവികൊടുക്കുന്നില്ല; നടിയെക്കുറിച്ച് പുതിയ വാദം
ബോളിവുഡിൽ എപ്പോഴും ചർച്ചയാകുന്ന താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. ഇന്ത്യൻ സിനിമയുടെ ഇന്നലെകൾ കണ്ട അമിതാഭും ജയയും വാർധക്യത്തിലും കരിയറിന് പ്രാധാന്യം നൽകുന്നു. 83ാം വയസിലും അഭിനയ രംഗത്ത് അമിതാഭ് ബച്ചൻ സജീവമാണ്. ജയ ബച്ചൻ സിനിമയിൽ നിന്ന് മാറി രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ നൽകിയിട്ട് ഏറെ നാളുകളായി. അതേസമയം കഴിഞ്ഞ വർഷം റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിൽ ജയ ശ്രദ്ധേയ വേഷം ചെയ്തു. 1973 ലാണ് ജയ ബച്ചനും അമിതാഭ് ബച്ചനും വിവാഹിതരാകുന്നത്.
വിവാഹത്തിന് മുമ്പ് തിരക്കേറിയ നടിയായിരുന്നു ജയ ബച്ചൻ. വിവാഹ ശേഷം കരിയറിൽ നിന്ന് മാറി നിന്ന ജയ കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും കൂടുതലും അമ്മയുടെ സാമീപ്യത്തിലാണ് വളർന്നത്. സിനിമാ തിരക്കുകൾ കാരണൻം കുട്ടിക്കാലത്ത് അച്ഛനെ കാണാൻ പോലും പലപ്പോഴും സാധിച്ചിട്ടില്ലെന്ന് അഭിഷേക് മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ബച്ചൻ കുടുംബാംഗങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങാറ് ജയ ബച്ചനാണ്.

ജയയുടെ മുൻ കോപമാണ് ഇതിന് കാരണം. പാപ്പരാസി മാധ്യമങ്ങളുമായി മിക്കപ്പോഴും ജയ ബച്ചൻ വഴക്കിടാറുണ്ട്. തന്റെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറുന്നെന്നാണ് ജയ ബച്ചന്റെ ആരോപണം. എന്നാൽ ജയ ബച്ചന്റെ സംസാരവും പെരുമാറ്റവും ഫോട്ടോഗ്രാഫർമാരെ അവഹേളിക്കുന്നത് പോലെയാണെന്ന് വിമർശകർ പറയുന്നു. പൊതുവിടങ്ങളിൽ വെച്ച് ദേഷ്യപ്പെടുന്ന ജയ ബച്ചന്റെ ഒന്നിലേറെ വീഡിയോകൾ ഇന്റർനെറ്റിലുണ്ട്.
ജയ ബച്ചനിൽ നിന്ന് വ്യത്യസ്തമാണ് ബച്ചൻ കുടുംബത്തിലെ മറ്റ് അംഗങ്ങൾ പൊതുവിടങ്ങളിൽ പെരുമാറുന്ന രീതി. അപൂർവമായി മാത്രമേ അമിതാഭിനെയോ അഭിഷേകിനെയോ ഐശ്വര്യ റായിയെയോ ക്യാമറകൾക്ക് മുന്നിൽ ദേഷ്യപ്പെട്ട് കണ്ടിട്ടുള്ളൂ.

ജയ ബച്ചന്റെ ദേഷ്യമാണ് ആരാധകർ ഇപ്പോൾ ചർച്ചയാക്കുന്നത്. ജയ ബച്ചൻ പൊതുവിടങ്ങളിൽ കാണിക്കുന്ന ദേഷ്യത്തിന് കാരണമുണ്ടെന്ന് ആരാധകർ പറയുന്നു. ജയയുടെ പഴയ അഭിമുഖങ്ങൾ ചൂണ്ടിക്കാട്ടിയാണ് വാദം. തനിക്ക് ക്ലോസ്ട്രോഫോബിയ ഉണ്ടെന്ന് കുടുംബ സമേതം പങ്കെടുത്ത ഒരു അഭിമുഖത്തിൽ ജയ ബച്ചൻ പറഞ്ഞിരുന്നു. അന്ന് ഇത് കേട്ട അമിതാഭ് ബച്ചനും അഭിഷേകും ചിരിച്ച് തള്ളുകയാണുണ്ടായത്.
അടുത്ത കാലത്ത് കൊച്ചുമകളുമായുള്ള പോഡ്കാസ്റ്റിലും ജയ ബച്ചൻ പൊതുവിടങ്ങളിൽ താൻ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പാപ്പരാസികൾ ചുറ്റും കൂടുമ്പോൾ തനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നെന്ന് ജയ ബച്ചൻ പറഞ്ഞിട്ടുണ്ട്. എന്നാൽ പോഡ്കാസ്റ്റിൽ മകൾ ശ്വേത ബച്ചൻ ഇതിനെ തമാശയായാണ് കണ്ടത്. ജയ ബച്ചൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കുടുംബം ഗൗരവമായി കാണേണ്ടതുണ്ടെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം വരുന്നുണ്ട്.
വിവാഹ ജീവിതത്തിലേക്ക് കടന്ന നാൾ മുതൽ ജയയുടെ കുടുംബത്തിന് പിന്നാലെ ഗോസിപ്പുകളുണ്ട്. അതിനാൽ തന്നെ പാപ്പരാസികളോട് നടിക്ക് നീരസവുമുണ്ട്. അടുത്തിടെ പോലും ബച്ചൻ കുടുംബത്തെക്കുറിച്ച് ചില അഭ്യൂഹങ്ങൾ പരന്നു. അഭിഷേകിന്റെ വീട്ടുകാരുമായി ഐശ്വര്യ റായ്ക്ക് അസ്വാരസ്യം ഉണ്ടെന്നായിരുന്നു ഗോസിപ്പ്. മാസങ്ങൾക്ക് ശേഷമാണ് ഈ അഭ്യൂഹങ്ങൾ കെട്ടടങ്ങിയത്.


Click it and Unblock the Notifications