'താങ്കളുടെ മുൻ കാമുകി അല്ലേ ഇത്?'; പകുതി വെട്ടി മാറ്റിയ ഫോട്ടോ പങ്കുവെച്ച ബിഗ് ബിയെ ട്രോളി ആരാധകർ!
പ്രണയങ്ങൾക്ക് പഞ്ഞമില്ലാത്ത സ്ഥലമാണ് ബോളിവുഡ്. താരങ്ങളിൽ ഏറെയും പ്രണയത്തിന് ശേഷം വിവാഹിതരായവരാണ്. ബോളിവുഡിലെ ബിഗ് ബിയും തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത് പ്രണയത്തിലൂടെയാണ്. നടിയായിരുന്ന ജയാ ബച്ചനെ 1973ലാണ് അമിതാഭ് ബച്ചൻ വിവാഹം ചെയ്യുന്നത്. സിനിമയിലെത്താനും കരിയർ നിലനിർത്തിക്കൊണ്ട് പോകാനും വലിയൊരു പോരാട്ടം നടത്തിയിട്ടാണ് ഇന്ന് ഇന്ത്യൻ സിനിമയിലെ ബിഗ് ബിയായി അദ്ദേഹം ഇരിക്കുന്നത്. വിജയകരമായ ഒരു സിനിമാ ജീവിതവും, വിവാഹ ബന്ധവും, മക്കളും, കൊച്ചുമക്കളും മരുമക്കളുമെല്ലാമായി സമ്പന്നമായ ജീവിതം നയിക്കുകയാണ് അമിതാഭ് ബച്ചൻ.
ജയയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ബച്ചന്റെ ജീവിതത്തിൽ നിരവധി സ്ത്രീകൾ വന്നുപോയിട്ടുണ്ട്. രേഖ, പർവീൺ ബാബി, സീനത്ത് അമൻ എന്നിവരുംമായെല്ലാം പ്രണയത്തിലായിട്ടുണ്ട് ബച്ചൻ. ഇവയൊന്നും പക്ഷെ വിവാഹം വരെ എത്തിയില്ല. ഇപ്പോൾ അമിതാഭ് ബച്ചന്റെ കാമുകിമാരെ കുറിച്ച് സോഷ്യൽമീഡിയയും പാപ്പരാസികളും വീണ്ടും ചർച്ച ചെയ്യുകയാണ്. സോഷ്യൽമീഡിയയിൽ സജീവമായ അമിതാഭ് ബച്ചൻ കഴിഞ്ഞ ദിവസം പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് വീണ്ടും ബച്ചന്റെ കാമുകിമാരുടെ പേരുകൾ സോഷ്യൽമീഡിയ കുത്തിപ്പൊക്കാൻ കാരണമായത്.

മുമ്പ് താൻ അഭിനയിച്ച ഒരു സിനിമയിലെ നായികയുമായി നിൽക്കുന്ന ഫോട്ടോയാണ് ബച്ചൻ പങ്കുവെച്ചത്. പക്ഷെ ബച്ചൻ പങ്കുവെച്ച ചിത്രത്തിൽ ബച്ചനേയും നായികയുടെ കൈയ്യും മാത്രമാണ് കാണാൻ സാധിക്കുന്നത്. ഇത് ഏത് നടിയുടെ കൈയ്യാണ് എന്ന് കണ്ടുപിടിക്കൂ എന്ന ക്യാപ്ഷനോടെയാണ് ബച്ചൻ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവെച്ചത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ ആരാധകരെല്ലാം ഊഹാപോഹങ്ങൾ കമന്റായി കുറിക്കാൻ തുടങ്ങി. നിരവധി പേർ കമന്റായി കുറിച്ചത് നടി രേഖയുടെ പേരായിരുന്നു. ബച്ചന്റെ മുൻ കാമുകിയായിരുന്നു രേഖ. ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള പ്രണയങ്ങളിൽ ഒന്ന് ഇവരുടേതാണ്. 'സ്വന്തം കാമുകിയുടെ കൈ കണ്ടിട്ട് തിരിച്ചറിയുന്നില്ലേ?, ഇത് താങ്കളുടെ മുൻ കാമുകി രേഖയുടെ കൈയ്യല്ലേ, നടി രേഖയുടെ കൈകളാണിത്' എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളാണ് ബച്ചന്റെ പോസ്റ്റിന് ലഭിച്ചത്.

യഥാർഥത്തിൽ ചിത്രത്തിൽ ബച്ചനോടൊപ്പം ഉണ്ടായിരുന്നത് ഇന്ത്യൻ സിനിമയുടെ മുഖശ്രീയായിരുന്ന നടി ശ്രീദേവിയായിരുന്നു. ശ്രീദേവി എന്ന ശരിയായ ഉത്തരവും ചിലർ കമന്റ് ചെയ്തിരുന്നു. സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാനും ചിത്രത്തിന് കമന്റുമായി എത്തിയിരുന്നു. ശ്രീദേവി എന്ന ശരിയുത്തരമാണ് ഫറാ ഖാൻ കമന്റ് ചെയ്തത്. ദോ അജ്‌നബീ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അമിതാഭ് ബച്ചൻ-രേഖ പ്രണയത്തിന് തുടക്കമായത്. രേഖയും അമിതാഭും രേഖയുടെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവിൽ വെച്ചാണ് കണ്ടുമുട്ടിയിരുന്നത്. ഒരിക്കൽ രേഖയോട് മോശമായി പെരുമാറിയതിന് ഒരു സഹനടനോട് ബിഗ് ബി ദേഷ്യപ്പെട്ടതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന് ബോളിവുഡ് തിരിച്ചറിയുന്നത്. അതുവരെ ഇരുവരുടേയും ബന്ധം നിശബ്ദവും സ്വകാര്യവുമായിരുന്നു. ഋഷി കപൂറിന്റെയും നീതു സിങ്ങിന്റെയും വിവാഹത്തിൽ രേഖ സിന്ദൂരും മംഗളസൂത്രയും ധരിച്ച് എത്തിയതിനാൽ ബച്ചൻ രേഖയെ രഹസ്യമായി വിവാഹം ചെയ്തുവെന്നും റൂമറുകൾ ഉണ്ടായിരുന്നു.
Recommended Video

ഈ സംഭവത്തിന് ശേഷം ജയ ബച്ചൻ രേഖയെ വീട്ടിലേക്ക് ക്ഷണിക്കുകയും ഒരു കാരണവശാലും തന്റെ ഭർത്താവിനെ വിട്ടുതരാൻ പോകുന്നില്ലെന്ന് പറയുകയും ചെയ്തു. സംഭവത്തിന ശേഷം രേഖയ്ക്ക് അനുകൂലമായി ബച്ചൻ നിലപാട് സ്വീകരിക്കാത്തതും രേഖയെ തളർത്തിയിരുന്നു. രേഖയുമായുള്ള പ്രണയം ഒരിക്കലും ബച്ചൻ പരസ്യമായി സമ്മതിച്ചിട്ടില്ല. പക്ഷെ പലപ്പോഴും അഭിമുഖങ്ങളിൽ വെച്ച് ബച്ചനുമായി തനിക്ക് പ്രണയമുണ്ടായിരുന്നുവെന്ന് മടികൂടാതെ പ്രതിച്ഛായ മാനിക്കാതെ രേഖ പറയാറുണ്ടായിരുന്നു.


Click it and Unblock the Notifications