ജാൻവി വരുണിനെ അടിക്കേണ്ടതായിരുന്നു; ഇത് പരിധി വിട്ടു; വരുൺ ധവാനെതിരെ സോഷ്യൽമീഡിയ
ബോളിവുഡിലെ യുവനിരയിൽ ശ്രദ്ധേയനാണ് വരുൺ ധവാൻ. സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന വരുണിന് പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. സിദ്ധാർത്ഥ് മൽഹോത്ര, ആലിയ ഭട്ട് എന്നിവരാണ് വരുണിനാെപ്പം സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്. മൂന്ന് പേരും ഇന്ന് ബോളിവുഡിൽ അറിയപ്പെടുന്ന താരങ്ങളാണെന്നത് ശ്രദ്ധേയമാണ്. സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ് വരുൺ ധവാൻ.
36 കാരനായ വരുൺ കരിയറിൽ തിളങ്ങുമ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറില്ലെന്നത് ശ്രദ്ധേയമാണ്. ഫാഷൻ ഡിസൈനറായ നടാഷ ദലാലാണ് വരുൺ ധവാന്റെ ഭാര്യ. 2021 ലാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളെത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഗോസിപ്പുകളിൽ വരാറില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പലപ്പോഴും വരുൺ ധവാൻ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ വരുണിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.
വരുൺ ധവാനും നടി ജാൻവി കപൂറും ഒരുമിച്ചുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ചിത്രം ബവാലിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണിത്. ഷൂട്ടിനിടെ ജാൻവിയുടെ ചെവിയിൽ വരുൺ ധവാൻ കടിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. വരുൺ ധവാൻ ചെയ്തത് കുറച്ച് കൂടിപ്പോയെന്ന് പലരും കമന്റ് ചെയ്തു. പൊതുവേദികളിൽ നടന്റെ കാട്ടിക്കൂട്ടലുകൾ അസഹനീയമാണെന്നും കുറ്റപ്പെടുത്തലുകൾ വന്നു.

വരുൺ ഒപ്പം അഭിനയിക്കുന്ന നടിമാരോട് പെരുമാറുന്ന രീതി ശരിയല്ലെന്ന് ഒരാൾ കമന്റ് ചെയ്തു. ജാൻവി വരുണിന്റെ മുഖത്തടിക്കേണ്ടതായിരുന്നു എന്നാണ് മറ്റൊരാളുടെ അഭിപ്രായം. അതേസമയം വരുണിനെ പിന്തുണച്ചും അഭിപ്രായങ്ങൾ വന്നു. വരുൺ ചെയ്തത് ജാൻവി തമാശയായേ എടുത്തിട്ടുള്ളൂ. പിന്നെ മറ്റുള്ളവർ എന്തിനാണ് ഇതിൽ അഭിപ്രായം പറയുന്നതെന്നാണ് ഇവരുടെ ചോദ്യം.
ഇതാദ്യയമായല്ല വരുൺ ധവാന് നേരെ ഇത്തരം വിമർശനങ്ങൾ വരുന്നത്. അടുത്തിടെ അമേരിക്കൻ മോഡൽ ഗിഗി ഹാദിദിനെ സമ്മതമില്ലാതെ ചുംബിച്ചു എന്ന ആക്ഷേപവും നടന് നേരെ വന്നിരുന്നു. നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഇവന്റിന് സ്റ്റേജിൽ ഡാൻസ് ചെയ്യുകയായിരുന്നു വരുൺ. ഇതിനിടെ ഗിഗി ഹാദിദിനെ വേദിയിലേക്ക് കൊണ്ട് വന്ന് മുഖത്ത് ചുംബിച്ചു. വരുൺ ഗിഗിയോട് അപമര്യാദ്യയായി പെരുമാറി എന്ന ആരോപണം സോഷ്യൽ മീഡിയയിൽ വന്നു.

കുറ്റപ്പെടുത്തൽ കടുത്തതോടെ നടൻ വിശദീകരണവുമായി രംഗത്തെത്തി. ഗിഗിയെ വേദിയിലേക്ക് കൊണ്ട് വരുന്നതും ചുംബിക്കുന്നതും നേരത്തെ പ്ലാൻ ചെയ്തതാണെന്ന് നടൻ വ്യക്തമാക്കി. ഡാൻസിന്റെ ദൃശ്യങ്ങൾ ഗിഗി ഹാദിദ് സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
ജാൻവി കപൂറും വരുൺ ധവാനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ബവാൽ. ബെദിയ, ജുഗ്ജുഗ് ജീയോ എന്നീ സിനിമകൾക്ക് ശേഷം വരുൺ ധവാന്റേതായി പുറത്തിറങ്ങുന്ന സിനിമ കൂടിയാണ് ബവാൽ. ജൂലൈ 21 ന് സിനിമ ആമസോൺ പ്രെെമിലൂടെ പുറത്തിറങ്ങും. നിതീഷ് തിവാരിയാണ് ബവാലിന്റെ സംവിധായകൻ.
വരുണിനും ജാൻവിക്കും തുല്യ പ്രാധാന്യമുള്ള സിനിമയാണ് ബവാൽ. കരിയറിൽ അടുത്തിടെ വലിയ ഹിറ്റുകളൊന്നും അവകാശപ്പെടാനില്ലാത്ത ജാൻവിക്കും ഈ സിനിമ വഴിത്തിരിവാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജാൻവിയും വരുണും മികച്ച ഓൺസ്ക്രീൻ ജോഡിയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ബവാലിന്റെ ട്രെയ്ലർ പുറത്തിറങ്ങിയത്.


Click it and Unblock the Notifications











