ഏത് ഭാര്യയാണെങ്കിലും അപ്പോൾ ഭർത്താവിനെ തെരഞ്ഞെടുത്തേനെ; ദീപിക മുൻ കാമുകനെ മറക്കുന്നില്ല; വിമർശനം
ബോളിവുഡിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായിക നടിയാണ് ദീപിക പദുകോൺ. 37 വയസിലും ദിപീകയുടെ മാർക്കറ്റ് മൂല്യത്തിന് ഇടിവ് വന്നിട്ടില്ല. തൊട്ടതെല്ലാം ഹിറ്റാക്കി കരിയറിൽ മുന്നേറുകയാണ് നടിയിന്ന്. പഠാൻ എന്ന സിനിമയ്ക്ക് ശേഷം ജവാനിൽ അതിഥി വേഷത്തിലാണ് ദീപികയെ കണ്ടത്. കരിയറിനൊപ്പം ദീപികയുടെ വ്യക്തി ജീവിതവും എപ്പോഴും ചർച്ചയാകാറുണ്ട്. 2018 ലാണ് ദീപിക വിവാഹിതയായത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് നടൻ രൺവീർ സിംഗും ദീപികയും വിവാഹ ജീവിതത്തിലേക്ക് കടന്നത്.
രാം ലീല എന്ന സിനിമയ്ക്കിടെയാണ് രണ്ട് പേരും പ്രണയത്തിലായത്. സോഷ്യൽ മീഡിയയിൽ പലപ്പോഴും ഈ താര ദമ്പതികൾ ചർച്ചയാകാറുണ്ട്. തീർത്തും വ്യത്യസ്തരായ പ്രകൃതക്കാരാണ് ദീപികയും രൺവീറും. ദീപിക പൊതുവെ ശാന്തസ്വഭാവക്കാരിയാണെങ്കിൽ രൺവീർ ഊർജസ്വലനാണ്. രൺവീറും ദീപികയും ഉത്തമ താര ദമ്പതികളാണെന്ന് ആരാധകർ പറയുന്നെങ്കിലും ഒരു കൂട്ടർ ഈ വാദത്തെ അംഗീകരിക്കുന്നില്ല.

ദീപികയ്ക്ക് രൺവീറിനോട് യാതൊരു താൽപര്യവും ഇല്ലെന്നാണ് ഇവരുടെ വാദം. ഇതിന് തെളിവായി പല അഭിമുഖങ്ങളും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇന്നത്തെ ചർച്ചാ വിഷയം. ഒരു അഭിമുഖത്തിൽ മുൻ കാമുകൻ രൺബീർ കപൂറിനെയും ഭർത്താവ് രൺവീർ സിംഗിനെയും കുറിച്ചുള്ള ചോദ്യം വന്നു.
ഇവരിൽ ആരാണ് മികച്ച ഡാൻസർ എന്നായിരുന്നു ചോദ്യം. ഇത് വളരെ കഠിനമായ ചോദ്യമാണെന്ന് പറഞ്ഞ ദീപിക പദുകോൺ മറുപടി പറയാൻ തയ്യാറായില്ല. ഇതാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. സ്നേഹമുള്ള ഭാര്യയാണെങ്കിൽ ഏത് സ്ത്രീയും മുൻ കാമുകനെയും ഭർത്താവിനെയും താരതമ്യം ചെയ്താൽ ഭർത്താവിനെ തെരഞ്ഞെടുത്തേനെയെന്ന് നിരവധി പേർ കമന്റ് ചെയ്തു.

രൺവീറിനെ സംബന്ധിച്ച് ദീപിക എല്ലാമാണ്. പൊതുവേദികളിൽ ഭാര്യയെ പ്രശംസിക്കാൻ നടൻ ഒരു മടിയും കാണിക്കാറില്ല. എന്നാൽ ദീപികയ്ക്ക് ഇപ്പോഴും രൺവീറിനെ പ്രശംസിക്കാൻ മടിയാണെന്നും അതേസമയം മുൻ കാമുകനായ രൺബീർ കപൂറിനെക്കുറിച്ച് സംസാരിക്കാൻ നൂറ് നാവാണെന്നും കമന്റുകൾ വന്നു. ഇതോടനുബന്ധിച്ച് മറ്റ് പല വീഡിയോകളും വൈറലായി. ഒരു അഭിമുഖത്തിൽ രൺവീറിന്റെയും രൺബീറിന്റെയും അഭിനയ രീതിയെക്കുറിച്ച് ദീപിക സംസാരിക്കുന്നുണ്ട്.
മുൻ കാമുകന് ഇത്ര മാത്രം പ്രാധാന്യം നൽകേണ്ട കാര്യമെന്തെന്നും ആരാധകർ ചോദിക്കുന്നു. രൺബീർ കപൂർ തന്റെ മുൻ ഭർത്താവെന്ന പോലെയാണ് ദീപിക പലപ്പോഴും സംസാരിക്കുന്നതെന്നും ചിലർ കമന്റ് ചെയ്തു. രണ്ട് വർഷത്തോളമാണ് ദീപികയും രൺബീറും പ്രണയത്തിലായിരുന്നത്. കടുത്ത പ്രണയത്തിലായ ദീപിക നടന്റെ പേര് ടാറ്റൂ ചെയ്യുകയും ചെയ്തു.
എന്നാൽ രൺബീർ ഈ ബന്ധം ഉപേക്ഷിക്കുകയാണുണ്ടായത്. ദീപികയെ തകർത്ത് കളഞ്ഞ സംഭവമായിരുന്നു ഇത്. അന്ന് ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും ഇരുവരും പിന്നീട് സുഹൃത്തുക്കളായി. തമാശ, യെഹ് ജവാനി ഹെ ദീവാനി എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു.
അടുത്തിടെ യെഹ് ജവാനി ഹെ ദീവാനി എന്ന സിനിമ റിലീസ് ചെയ്തിട്ട് പത്ത് വർഷം പൂർത്തിയായതിന്റെ ആഘോഷത്തിന് രൺബീറും ദീപികയും എത്തി. ഈ പാർട്ടിക്കിടയിലെ ചിത്രവും വലിയ തോതിൽ വൈറലായി. ദീപികയെയും രൺബീറിനെയും ഇത്രയും സന്തോഷത്തിൽ ഇപ്പോഴത്തെ പങ്കാളികൾക്കൊപ്പം കാണാറില്ലെന്നാണ് പലരും കമന്റ് ചെയ്തത്. നടി ആലിയ ഭട്ടിനെയാണ് രൺബീർ കപൂർ വിവാഹം ചെയ്തത്. കഴിഞ്ഞ വർഷമായിരുന്നു വിവാഹം. ഇരുവർക്കും രാഹ എന്ന മകളും പിറന്നു.


Click it and Unblock the Notifications