'അവസരങ്ങൾ കിട്ടിയിട്ടും നിങ്ങളുടെ ഭർത്താവിന് ഉയരാൻ കഴിഞ്ഞില്ലല്ലോ, ആലിയ കഴിവുള്ള നടിയാണ്'; ഐശ്വര്യയോട് ആരാധകർ
ബോളിവുഡിന്റെ ഗ്ലാമർ ലോകത്ത് ഒരു പുതുമുഖത്തിന് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. രാജ്‌കുമാർ റാവു, നവാസുദ്ദീൻ സിദ്ദിഖി, കാർത്തിക് ആര്യൻ, കൃതി സനോൺ, യാമി ഗൗതം, ഭൂമി പഡ്‌നേക്കർ എന്നിവരടക്കമുള്ള നെപ്പോ കിഡ് അല്ലാത്ത താരങ്ങളെല്ലാം വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെ താരപദവിയിലേക്ക് എത്തിയവരാണ്.
മാത്രമല്ല അവസരങ്ങൾ കിട്ടാൻ ഇപ്പോഴും ഈ താരങ്ങളെല്ലാം കഠിന പരിശ്രമത്തിലാണ്. കൈയ്യിൽ വന്ന് ചേർന്ന് 99 ശതമാനം ഉറപ്പായ സിനിമ വരെ നഷ്ടപ്പെട്ടുപോയ നെപ്പോ കിഡ്ഡല്ലാത്ത യുവ താരങ്ങൾ ബോളിവുഡിൽ നിരവധിയാണ്.

അതേസമയം സെലിബ്രിറ്റികളുടെ മക്കൾക്ക് അഭിനയിക്കാൻ അറിയാമെങ്കിലും ഇല്ലെങ്കിലും ഇവരെ സിനിമ ചെയ്യാൻ ബോളിവുഡിൽ നിർമാതാക്കളും സംവിധായകരും ക്യൂവാണ്. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണശേഷം നെപ്പോട്ടിസം അഥവാ സ്വജനപക്ഷപാതം വലിയ രീതിയിൽ ബോളിവുഡിൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്.
നെപ്പോട്ടിസത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോഴെല്ലാം ആലിയ ഭട്ട്, കരൺ ജോഹർ എന്നിവരുടെ പേരുകൾ വലിയ രീതിയിൽ പരാമർശിക്കപ്പെടാറുണ്ട്. ചലച്ചിത്ര നിർമ്മാതാവ് മഹേഷ് ഭട്ടിന്റേയും സോണി റസ്ദാന്റേയും മകളായ ആലിയ ഭട്ട് എപ്പോഴും ഒരു നടിയാകാൻ ആഗ്രഹിച്ചിരുന്നു.
ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആലിയ ഭട്ടിനെ അവതരിപ്പിച്ചത് കരൺ ജോഹറാണ്. തന്റെ കരിയർ രൂപപ്പെടുത്തിയതിന് തന്റെ ഉറ്റ സുഹൃത്തും ഉപദേഷ്ടാവുമായ കരണിനോട് അവസരം കിട്ടുമ്പോഴെല്ലാം നന്ദി പറഞ്ഞിട്ടുണ്ട് ആലിയ. ഹൈവേ, ഉഡ്താ പഞ്ചാബ്, ഗല്ലി ബോയ്, ഗംഗുഭായ് കത്യവാഡി തുടങ്ങിയ ചിത്രങ്ങളിലൂടെ ആലിയ ഭട്ട് തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും സ്വജനപക്ഷപാതത്തിന്റെ ഉൽപ്പന്നമാണ് നടിയെന്ന് പലപ്പോഴും വിമർശനം കേൾക്കേണ്ടി വരാറുണ്ട്.
ഇപ്പോഴിത നടിയും മുൻ ലോക സുന്ദരിയുമായ ഐശ്വര്യ റായി കരിയറിന്റെ തുടക്കം മുതൽ ആലിയയ്ക്ക് ലഭിച്ച അവസരങ്ങളെക്കുറിച്ച് നടിയെ പരിഹസിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ഒരു പഴയ അഭിമുഖത്തിലാണ് ആലിയ ഇത്രയേറെ ബോളിവുഡിൽ ശോഭിക്കാൻ കാരണം നെപ്പോ കിഡ്ഡായതുകൊണ്ട് ഇടമുറിയാതെ കിട്ടുന്ന അവസരങ്ങളാണെന്ന് ഐശ്വര്യ പറഞ്ഞത്. ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമെല്ലാമായ കരൺ ജോഹറുമായുള്ള ആലിയയുടെ ബന്ധമാണ് നടിയുടെ ഇന്നത്തെ ബോളിവുഡ് കരിയറിന് പിന്നിലെന്നും ഐശ്വര്യ അഭിമുഖത്തിനിടെ പറയാതെ പറഞ്ഞു.
'ഇത് അതിശയകരമാണെന്ന് ഞാൻ ആലിയ ഭട്ടിനോട് പറഞ്ഞിട്ടുണ്ട്. തുടക്കം മുതൽ കരൺ ജോഹർ അവൾക്ക് നൽകിയ പിന്തുണ അത്തരം ഒരു സ്ഥാപനം അവളോടൊപ്പം സപ്പോർട്ട് ചെയ്ത് ഉണ്ടായിരിക്കുന്നത് വളരെ ആശ്വാസകരമാണ്. കാരണം ബോളിവുഡിൽ പിടിച്ച് നിൽക്കുക എന്നത് ഇവരുടെ തുണയോടെ കഠിനമല്ലെന്ന് ആലിയയ്ക്ക് അറിയാം.'
'ഒരു അഭിനേതാവെന്ന നിലയിൽ നല്ല അവസരങ്ങൾ മാത്രമെ കരൺ ജോഹറിനെപ്പോലൊരാൾ കൂട്ടുണ്ടെങ്കിൽ ലഭിക്കൂ. ആലിയ ഭട്ടിന് എപ്പോഴും മികച്ച അവസരങ്ങൾ മടിയിൽ കൊണ്ടുപോയി ആളുകൾ ഇട്ട് കൊടുക്കും'. ഐശ്വര്യയുടെ വീഡിയോ വൈറലായതോടെ ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണുണ്ടായത്. ചിലർ നടി ധീരമായി തുറന്ന് സംസാരിച്ചതിനെ പ്രശംസിച്ചു. മറ്റുള്ളവർ ആലിയയെ പരിഹസിച്ചതിന് ഐശ്വര്യയെ വിമർശിച്ചു.
ഐശ്വര്യയുടെ ഭർത്താവും നടനുമായ അഭിഷേക് ബച്ചന്റെ സിനിമകൾ വെച്ചാണ് പലരും നടിയെ വിമർശിച്ചത്. നെപ്പോ കിഡായിട്ടും അവസരങ്ങൾ മടിയിൽ കിട്ടിയിട്ടും ഇരുപത് വർഷമായിട്ടും എന്തുകൊണ്ട് അഭിഷേകിന് സൂപ്പർസ്റ്റാറാകാൻ കഴിയുന്നില്ലെന്നാണ് പലരും ഐശ്വര്യയെ വിമർശിച്ച് കുറിച്ചത്. ആലിയ നല്ല കഴിവുള്ള നടി കൂടിയായതിനാലാണ് വളരെ ചുരുങ്ങിയ വർഷം കൊണ്ട് സ്റ്റാർ വാല്യുവുള്ള നടിയായതെന്നും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും ചിലർ ഐശ്വര്യയെ വിമർശിച്ച് കുറിച്ചു.


Click it and Unblock the Notifications