'സ്വന്തം വീട്ടിലെ ചടങ്ങിന് വരാൻ നേരമില്ല; അംബാനി വിളിച്ചപ്പോൾ ഭർത്താവിനെയും കൂട്ടി പറന്നെത്തി'; വിമർശനം
ഇന്ത്യ കണ്ട ഏറ്റവും വലിയ ആഡംബര വിവാഹം നടക്കവെ മുംബൈയിലേക്ക് വിദേശ താരങ്ങളുൾപ്പെടെ എത്തുകയാണ്. കോടികൾ മുടക്കിയാണ് വിദേശ താരങ്ങളെ പെർഫോമൻസിന് ഇന്ത്യയിലേക്ക് അംബാനി കുടുംബം എത്തിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിലെ പ്രധാന ചർച്ചാ വിഷയം ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹമാണ്. വിവാഹത്തെക്കുറിച്ചുള്ള ഓരോ വിവരങ്ങളും പുറത്ത് വരുമ്പോഴും മിക്കവർക്കും അമ്പരപ്പാണ്.
ഈ ആഡംബര വിവാഹത്തിന് ചെലവഴിക്കുന്ന കോടികളുടെ കണക്കാണ് ഏവർക്കും പറയാനുള്ളത്. എടുത്ത് പറയുന്ന മറ്റൊരു കാര്യം വിവാഹാഘോഷത്തിലേക്കുള്ള താരങ്ങളുടെ ഒഴുക്കാണ്. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിന് എത്തിയിട്ടുണ്ട്. അംബനി കുടുംബത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയ താരങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. നടി പ്രിയങ്ക ചോപ്രയും അമേരിക്കയിൽ നിന്ന് വിവാഹത്തിനായി ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്.

ഒപ്പം ഭർത്താവ് നിക് ജോനാസും മകളുമുണ്ട്. പ്രിയങ്ക അംബാനി വിവാഹത്തിനെത്തിയതിൽ ചിലർ വിമർശനവും ഉന്നയിക്കുന്നുണ്ട്. സ്വന്തം അനുജത്തിയെ പോലെ കണ്ട കസിൻ പരിനീതി ചോപ്രയുടെ വിവാഹത്തിന് പോലും പ്രിയങ്ക ചോപ്ര എത്തിയിരുന്നില്ല. പ്രൊഫഷണൽ തിരക്കുണ്ടെന്ന് പറഞ്ഞ് മാറി നിൽക്കുകയായിരുന്നു. പ്രിയങ്ക ചോപ്രയുടെ വിവാഹത്തിന് നിറ സാന്നിധ്യമായി ദിവസങ്ങളോളം പരിനീതി ഉണ്ടായിരുന്നു.
എന്നാൽ പരിനീതിയുടെ വിവാഹത്തിന് പ്രിയങ്ക എത്തിയില്ല. അതേസമയം അംബാനിയുടെ ക്ഷണം സ്വീകരിച്ച് കുടുംബ സമേതം തിരക്കുകൾ മാറ്റി വെച്ച് പ്രിയങ്ക എത്തിയെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടനത്തിനും പ്രിയങ്കയും നിക് ജോനാസും എത്തിയിരുന്നു. രാജകീയ സ്വീകരണവും പരിഗണനയുമാണ് അംബാനിയുടെ ചടങ്ങുകളിൽ ബോളിവുഡ‍് താരങ്ങൾക്ക് ലഭിക്കാറ്.

അംബാനിയുടെ വലിയ ഇവന്ഡറുകളിലെല്ലാം ബോളിവുഡ് താരങ്ങൾ എത്താറുണ്ട്. മുംബൈയിൽ നിന്നും പ്രിയങ്ക ചോപ്ര അമേരിക്കയിലേക്ക് മാറിയിട്ട് വർഷങ്ങളായി. വിവാഹം കഴിഞ്ഞ ശേഷം വല്ലപ്പോഴുമേ നടി ഇന്ത്യയിലെത്താറുള്ളൂ. ബോളിവുഡ് സിനിമകളും പ്രിയങ്കയിപ്പോൾ ചെയ്യുന്നില്ല.
ജീ ലേ സര എന്ന സിനിമ പ്രഖ്യാപിച്ചിട്ട് ഏറെക്കാലമായെങ്കിലും പ്രൊജക്ട് മുന്നോട്ട് നീങ്ങിയില്ല. ഹോളിവുഡിലാണ് നടി ഇന്ന് ശ്രദ്ധ കൊടുക്കുന്നത്. ബോളിവുഡിൽ നിന്നും മാറ്റി നിർത്തലുകൾ നേരിട്ടപ്പോഴാണ് താൻ ഹോളിവുഡിലേക്ക് ശ്രദ്ധ നൽകിയതെന്ന് പ്രിയങ്ക ചോപ്ര നേരത്തെ പറഞ്ഞിട്ടുണ്ട്. 2018 ലാണ് നടി നിക് ജോനാസിനെ വിവാഹം ചെയ്യുന്നത്.


Click it and Unblock the Notifications