മതവിശ്വാസത്തിന് വേണ്ടി സിനിമ വിട്ടു, പ്രശംസിക്കാൻ പോലും പാടില്ല; സൈറയുടെ ഇന്നത്തെ ജീവിതം
ബോളിവുഡ് നടൻ വിക്രാന്ത് മാസി സിനിമാ രംഗം വിടുകയാണെന്ന് പ്രഖ്യാപിച്ചത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിട്ടുണ്ട്. കരിയറിൽ അർഹിച്ച ഉയരങ്ങളിൽ എത്തിയിരിക്കെയാണ് വിക്രാന്ത് കരിയർ വിടുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത വിക്രാന്തിന്റെ ട്വൽത്ത് ഫെയിൽ എന്ന സിനിമ രാജ്യമൊട്ടുക്കും ചർച്ചയായതാണ്. വിക്രാന്തിനെ പോലെ കരിയർ വിട്ടവർ ബോളിവുഡിൽ വേറെയുമുണ്ട്. പുറത്തേക്കുള്ള നിറപ്പകിട്ടിനപ്പുറം ബോളിവുഡിൽ പിടിച്ച് നിൽക്കുകയെന്നത് അഭിനേതാക്കൾക്ക് എളുപ്പമല്ല.
മാനസികമായി കടുത്ത സമ്മർദ്ദം സിനിമാ താരങ്ങൾ നേരിടേണ്ടി വരാറുണ്ട്. മതവിശ്വാസപരമായ കാരണം കൊണ്ടും സിനിമാ ലോകം വിട്ടവരുണ്ട്. ഇവരിൽ ഒരാളാണ് മുൻ നടി സൈറ വസിം. കരിയറിൽ തിരക്കേറി വരികെയാണ് സൈറ സിനിമാ ലോകം വിടുന്നത്. തന്റെ വിശ്വാസവും സിനിമയും പൊരുത്തപ്പെട്ട് പോകാത്തതിനാലാണ് സിനിമ ഉപേക്ഷിക്കുന്നതെന്ന് സെെറ വസിം വ്യക്തമാക്കി.

ദംഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ എന്നീ ബോളിവുഡ് സിനിമകളിൽ ബാലതാരമായെത്തി പ്രേക്ഷക പ്രീതി നേടിയ സൈറ അവസാനമായി അഭിനയിച്ച സിനിമ ദ സ്കെെ ഈസ് പിങ്ക് ആണ്. കശ്മീരി മുസ്ലിം കുടുംബത്തിലാണ് സൈറ വസിം ജനിക്കുന്നത്. അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥൻ. അമ്മ ടീച്ചറും. 2015 ൽ ദംഗൽ എന്ന സിനിമയിലൂടെയാണ് സൈറ അഭിനയ രംഗത്തേക്ക് കടക്കുന്നത്. ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത ഈ ആമിർ ഖാൻ ചിത്രത്തിൽ മികച്ച പ്രകടനം സൈറ കാഴ്ച വെച്ചു. രണ്ടാമത് ചെയ്ത സീക്രട്ട് സൂപ്പർസ്റ്റാറും വൻ ഹിറ്റായി.
പ്രശസ്തിയിലേക്ക് കുതിക്കവെ എല്ലാം വേണ്ടെന്ന് വെച്ച് നടി ശ്രീനഗറിലേക്ക് മടങ്ങി. മതവിശ്വാസത്തിനനുസരിച്ച് ജീവിക്കാനാഗ്രഹിക്കുന്നതിനാൽ സിനിമ വിടുകയാണെന്നും അള്ളാഹുവുമായും സമാധാനവുമായും തനിക്കുള്ള ബന്ധത്തെ തകർക്കുന്ന അന്തരീക്ഷത്തിന് കീഴ്പ്പെടാൻ താൻ തയ്യാറല്ലെന്നും അന്ന് സൈറ വസിം വ്യക്തമാക്കി.

സൈറയുടെ തീരുമാനം അന്ന് വലിയ തോതിൽ ചർച്ചയായി. 18ാം വയസിലാണ് സൈറ വസിം ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. പിന്നീട് പൂർണമായും മത വിശ്വാസ പ്രകാരമുള്ള ജീവിതത്തിലേക്ക് സൈറ കടന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ഫോട്ടോകൾ നീക്കം ചെയ്തു. തന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്ന് സൈറ ആരാധകരോട് അഭ്യർത്ഥിച്ചു. തന്നെ പുകഴ്ത്തരുതെന്നും ഇത് തന്റെ വിശ്വാസത്തിനെതിരാണെന്നും സൈറ വസിം ആവശ്യപ്പെട്ടു.
എന്നെ പുകഴ്ത്തരുത്. പകരം തന്റെ കുറവുകൾ കാണാനും അള്ളാഹുവിന്റെ ദയ കൊണ്ട് ആ വിടവ് നികത്താനും പ്രാർത്ഥിക്കണമെന്ന് അന്ന് സൈറ വസിം പറഞ്ഞു. സിനിമാ രംഗം വിട്ട ശേഷം സെെറയുടെ മുഖം ആരാധകർ കണ്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ മതപരമായ വചനങ്ങളാണ് മുൻനടി പോസ്റ്റ് ചെയ്യാറുള്ളത്. മുൻ നടി സന ഖാനും മത വിശ്വാസത്തിന്റെ പേര് പറഞ്ഞാണ് കരിയർ വിട്ടത്. അതേസമയം സന ഖാൻ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.


Click it and Unblock the Notifications











