'വഴക്കില്ലെങ്കിൽ ബോറടിക്കും... സമാധാനമായി ഉറങ്ങേണ്ടതുകൊണ്ട്, ഏത് തർക്കവും അതിന് മുമ്പ് പരിഹരിക്കും'; അഭിഷേക്
അടുത്തിടെയായി ബച്ചൻ കുടുംബവുമായി ഐശ്വര്യ റായ് അത്ര രസത്തിലല്ലെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ വരുന്നതിനാൽ ഐശ്വര്യ എപ്പോഴും വാർത്തകളിൽ നിറയുന്നുണ്ട്. അടുത്തിടെയാണ് താരസുന്ദരി അമ്പതാം പിറന്നാൾ ആഘോഷിച്ചത്.
തന്‍റെ ബിഗ് ഡെയോട് അനുബന്ധിച്ച് കാൻസർ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ അമ്മ വൃന്ദ റായിക്കും മകൾ ആരാധ്യ ബച്ചനുമൊപ്പമാണ് ഐശ്വര്യ പങ്കെടുത്തത്. എന്നാൽ ബച്ചൻ കുടുംബത്തിൽ നിന്നും ആരും തന്നെ പരിപാടിയിൽ പങ്കെടുത്തില്ലെന്നതിനാൽ ഐശ്വര്യയും ബച്ചൻ കുടുംബവും തമ്മിലുള്ള പ്രശ്നം വലുതാവുകയാണോ എന്ന സംശയമായി ആരാധകർക്ക്.
മാത്രമല്ല അഭിഷേക് ബച്ചൻ ഭാര്യയ്ക്കായി സ്പെഷ്യലായി ഒന്നും കുറിക്കാതെ വെറുമൊരു പിറന്നാൾ ആശംസ മാത്രമാണ് നേർന്നത് എന്നതും ആരാധകർക്കിടയിൽ ചർച്ചയായി. അതേസമയം ഒരിക്കൽ ഐശ്വര്യയുമായുള്ള വഴക്കുകളെ കുറിച്ച് അഭിഷേക് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്.

ദാമ്പത്യ ജീവിതത്തിലെ വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും എങ്ങനെയാണ് തങ്ങൾ പരിഹരിക്കുന്നത് എന്നത് സംബന്ധിച്ചും അഭിഷേകും ഐശ്വര്യയും മുമ്പ് തുറന്ന് സംസാരിച്ചിട്ടുണ്ട്. 2010ൽ വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അഭിഷേകും ഐശ്വര്യ റായ് ബച്ചനും ഇക്കാര്യങ്ങളെല്ലാം സംസാരിച്ചത്. എല്ലാ ദിവസവും വഴക്കുണ്ടാകാറുണ്ടെന്നാണ് ഐശ്വര്യ പറഞ്ഞത്.
തങ്ങൾക്കിടയിൽ പ്രധാനമായും സംഭവിക്കുന്നത് വഴക്കുകളല്ല മറിച്ച് അഭിപ്രായവ്യത്യാസങ്ങൾ പോലെയാണെന്നും അവ ആരോഗ്യകരമാണെന്നുമാണ് അഭിഷേക് ബച്ചൻ പറഞ്ഞത്. 'ഞങ്ങളുടെ വഴക്കുകൾ കൂടുതൽ വിയോജിപ്പുകൾ പോലെയുള്ളവയാണ്. അല്ലാതെ വഴക്കുകളല്ല. അവ ഗൗരവമുള്ളവയല്ല ആരോഗ്യപരമായവയാണ്.'
'ഇതൊന്നും ഇല്ലാത്തപക്ഷം ജീവിതം ശരിക്കും വിരസമായിരിക്കും. ഞാനാണ് വഴക്ക് തീർക്കാനായി ആദ്യം ശ്രമിക്കുന്ന വ്യക്തി. സ്ത്രീകൾ പൊതുവെ അത്തരം ശ്രമം നടത്തുന്നവരല്ല. പക്ഷെ ഞങ്ങൾക്ക് ഒരു നിയമമുണ്ട് ഞങ്ങൾ വഴക്കിട്ട് ഉറങ്ങാറില്ലെന്നാതാണ് അത്. പകുതി സമയവും ഞാൻ വഴക്ക് പരിഹരിക്കാൻ വഴങ്ങിക്കൊടുക്കും.'
'എല്ലാം ഞാൻ ക്ഷമിക്കും കാരണം ഞങ്ങൾ ഉറങ്ങാൻ പോകുമ്പോൾ സമാധാനപരമായി ഉറങ്ങണം. സ്ത്രീകളാണ് ശ്രേഷ്ഠമായ വംശം. അവർ എല്ലായ്പ്പോഴും ശരിയാണ്. പുരുഷന്മാർ എത്രയും വേഗം അത് അംഗീകരിക്കുന്നുവോ അത്രയും നല്ലത്. നിങ്ങൾ എന്ത് പറഞ്ഞാലും കാര്യമില്ല.'

'നിങ്ങൾക്ക് വ്യക്തമായ തെളിവുണ്ടെങ്കിൽ അവരുടെ ലോകത്ത് അത് വ്യർത്ഥമാണ് അതിൽ അർത്ഥമില്ലെന്നും', അഭിഷേക് പറഞ്ഞു. ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും 2007 ഏപ്രിൽ 20നാണ് വിവാഹിതരായത്. മകൾക്കും അമ്മയ്ക്കും ഒപ്പം പിറന്നാൾ ആഘോഷിച്ച ഐശ്വര്യയെ കുറിച്ച് ആരാധന പറഞ്ഞ വാക്കുകളും കഴിഞ്ഞ ദിവസം സോഷ്യൽമീഡിയിൽ വൈറലായിരുന്നു.
'അമ്മ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്ന് ഞാൻ കരുതുന്നു. ലോകത്തെ സഹായിക്കുന്നു. നമുക്ക് ചുറ്റുമുള്ള എല്ലാവരെയും സഹായിക്കുന്നു. നിങ്ങൾ ചെയ്യുന്നത് ശരിക്കും ഗംഭീരമായ ഒന്നാണ് എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു', എന്നാണ് അമ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പുകഴ്ത്തി ആരാധ്യ പറഞ്ഞത്.


Click it and Unblock the Notifications











