പിസയുടെ ഹിന്ദി റീമേക്കില്‍ പാര്‍വ്വതി ഓമനക്കുട്ടന്‍
ബോളിവുഡില്‍ വീണ്ടുമൊരു പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് മുന്‍ലോകസുന്ദരി പാര്‍വ്വതി ഓമനക്കുട്ടന്‍. കാര്‍ത്തിക് സുബ്ബരാജിന്റെ ഹിറ്റ് ചിത്രം പിസയുടെ ഹന്ദി റീമേക്കിലാണ് പാര്‍വ്വതി അഭിനയിക്കുന്നത്. തമിഴില്‍ രമ്യ നമ്പീശന്‍ ചെയ്ത റോളാണ് ഹിന്ദിയില്‍ പാര്‍വ്വതി ചെയ്യുന്നത്. വിജയ് സേതുപതിയുടെ കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഓബ്‌റോയിയാണ്.
പിസ കടയില്‍ ജോലിചെയ്യുന്ന യുവാവിന്റെയും ഹൊറര്‍ നോവലിന് പറ്റിയ ആശയം അന്വേഷിച്ച് നടക്കുന്ന നോവലിസ്റ്റ് ആയ യുവതിയുടെയും അവരുടെ പ്രണയത്തിന്റെയും കഥയാണ് പിസ. തമിഴില്‍ വന്‍ഹിറ്റായ മാറിയ ചിത്രത്തിന്റെ അതേ കഥതന്നെയായിരിക്കും ഹിന്ദിയിലേതുമെന്നാണ് സൂചന. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അണിയറക്കാര്‍ തയ്യാറായിട്ടില്ല.
വിശാല്‍ ആര്യന്‍ സിങ്ങിന്റെ യുണൈറ്റഡ് സിക്‌സ് ആയിരുന്നു പാര്‍വ്വതി ഓമനക്കുട്ടന്റെ ആദ്യ ഹിന്ദിച്ചിത്രം. ഈ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. സുന്ദരിയായി പേരെടുത്തുവെങ്കിലും പാര്‍വ്വതിയ്ക്ക് ഇതുവരെ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മലയാളത്തില്‍ അടുത്തിടെ പാര്‍വ്വതി നായികയായി എത്തിയ കെക്യു എന്ന ചിത്രവും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.
ചിത്രം പരാജയപ്പെട്ടതിന് പിന്നാലെ സംവിധായകന്‍ ഈ ചിത്രത്തിലൂടെ തന്നെ വഞ്ചിയ്ക്കുകയായിരുന്നുവെന്ന ആരോപണവുമായി പാര്‍വ്വതി രംഗത്തെത്തിയിരുന്നു. കെക്യു ചെയ്തതില്‍ താന്‍ പശ്ചാത്തപിയ്ക്കുന്നുവെന്നും പാര്‍വ്വതി ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications












